- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്രയും തടിയുള്ള ഞാൻ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവർക്കും ഒരുഭാരമാണ്... എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല; ഗർഭം ധരിക്കാത്തതിനും തടി കൂടിയതിനും ഭർതൃവീട്ടുകാർ പരിഹസിച്ചപ്പോൾ നഫ്ള ഡയറി കുറിപ്പിൽ എഴുതിയത് ഇങ്ങനെ; ഷാൾ കുരുങ്ങിയ പാടല്ല കഴുത്തിൽ, കയറിന്റെ പാടെന്ന് സഹോദരനും
പാലക്കാട്: 'ഇത്രയും തടിയുള്ള ഞാൻ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവർക്കും ഒരുഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാൻ കഴിയുന്നില്ല' നഫ്ള ഡയറിയിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്. പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമാകുമ്പോൾ ദുരൂഹതയും പെരുകുകയാണ്.
വളരെ ബോൾഡായ കുട്ടിയായിരുന്നു നഫ്ള. അത്രയേറെ മാനസികപീഡനവും പരിഹാസവും അവൾ നേരിട്ടുണ്ട്. അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സരഹോദരൻ സഫ്സൽ പറയുന്നത്. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഡയറിയിൽ മാനസിക പീഡനത്തെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ടെന്നും സഹോദരൻ പറയുന്നു.
ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്ദുൾറഹ്മാന്റെ മകൾ നഫ്ള(19)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഭർതൃവീട്ടിൽ കടുത്ത മാനസികപീഡനമാണ് നഫ്ള നേരിട്ടതെന്നും ഭർതൃമാതാവും ഭർതൃസഹോദരിയും നഫ്ളയെ നിരന്തരം പരിഹസിച്ചിരുന്നതായും സഹോദരൻ നഫ്സൽ പറയുന്നു.
മരണത്തിന് ആരും കാരണക്കാരല്ലെന്നും, താൻ മാത്രമാണ് കാരണക്കാരിയെന്നും എഴുതിയിരുന്നു. ഡയറി ഇപ്പോൾ പൊലീസിന്റെ കൈവശമാണെന്നും നഫ്സൽ പറഞ്ഞു. സഹോദരിയുടെ മരണത്തിലും ചില സംശങ്ങളുണ്ടെന്നും നഫ്സൽ ആരോപിച്ചു. ജനലിൽ തൂങ്ങിമരിച്ചെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ ജനലിനോട് ചേർന്ന് ഒരു മേശയും കട്ടിലുമെല്ലാം ഉണ്ട്. കൈ എത്തുന്നദൂരത്താണ് ഇത്.
മാത്രമല്ല, ഷാൾ കഴുത്തിൽ കുരുക്കി മരിച്ചെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ കഴുത്തിൽ കയറിന്റെ പാടുകളുണ്ടെന്നും സഹോദരൻ ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് മങ്കര പൊലീസിൽ പരാതി നൽകിയിട്ടുള്ളതെന്നും മരണത്തിന് ഉത്തരവാദികളായവർക്ക് എതിരേ നടപടി വേണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ മങ്കര പൊലീസിൽ വിശദമായ പരാതി നൽകിയതായും നഫ്സൽ പറഞ്ഞു.
അതേസമയം, വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ നഫ്ള ക്രൂരമായ മാനസികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരൻ നഫ്സൽ ആരോപിച്ചു. 'ജനുവരി 21-നായിരുന്നു വിവാഹം. പത്ത് മാസമായിട്ടും ഗർഭം ധരിക്കാത്തതിനാൽ ഭർതൃമാതാവും ഭർതൃസഹോദരിയും നഫ്ളയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു.ഗർഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സയെല്ലാം തേടിയിരുന്നു.
മാത്രമല്ല, അല്പം തടിച്ച ശരീരപ്രകൃതമാണ് അവളുടേത്. അതിന്റെപേരിലും ഭർതൃവീട്ടിൽനിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റർ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, അവർ പരിഹാസം തുടരുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു
മാങ്കുറിശ്ശി കക്കോട് അത്താണിപ്പറമ്പ് മുജീബിന്റെ ഭാര്യയാണ് നഫ്ള. പാലക്കാട്ടെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പത്തുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച രാത്രിയാണ് നഫ്ളയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ തിരിച്ചെത്തിയ മുജീബ് വാതിലിൽ തട്ടി വിളിച്ചെങ്കിലും നഫ്ളയുടെ പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ നഫ്ളയെ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് പ്രാഥമിക മൊഴി.
മറുനാടന് മലയാളി ബ്യൂറോ