തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കാട്ടാക്കട സ്വദേശിനി ഗായത്രിയുടേതു കൊലപാതകമെന്നു പൊലീസ്. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിനു കാരണം. തർക്കത്തെ തുടർന്ന് ഗായത്രിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു യുവതിക്ക് ഒപ്പമുണ്ടായിരുന്ന കൊല്ലം പരവൂർ സ്വദേശിയായ പ്രവീൺ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രവീണിനെ ഞായറാഴ്ച ഉച്ചയ്ക്കു കൊല്ലം പരവൂരിൽ വച്ചാണ് പൊലീസ് പിടികൂടിയത്. യുവതിക്കൊപ്പം ഇവിടെ താമസിച്ച ജുവലറി ജീവനക്കാരനായ പ്രവീണാണ് അരുംകൊല നടത്തിയത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടിൽ ഗായത്രിയാണ് തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ പത്തോടെ പ്രവീൺ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പന്ത്രണ്ടോടെയാണ് ഗായത്രി ഇവിടേയ്ക്ക് വന്നത്. വൈകിട്ട് പ്രവീൺ മുറിയിൽനിന്നു പുറത്തുപോയി. ആ സമയം മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. രാത്രിയോടെ യുവതി മുറിയിലുണ്ടെന്നു പറഞ്ഞു ഹോട്ടലിലേക്ക് ഒരു ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി മുറി കുത്തിത്തുറക്കുകയുമായിരുന്നു.

പുലർച്ചെ ഒരു മണിയോടെയാണ് അരിസ്റ്റോ ജംഗ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ റിസപ്ഷനിൽ വന്ന ഒരു ഫോൺ കോളിലാണ് യുവതി മുറിയിൽ മരിച്ച വിവരം ഹോട്ടൽ ജീവനക്കാർ അറിയുന്നത്.

107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടൽ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോൾ. ജീവനക്കാർ തിരക്കിയെത്തിയപ്പോൾ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി.തുടർന്ന് പൊലീസ് യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. എന്നാൽ ഇതിനിടെ യുവാവ് പരവൂർ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം.

നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയിൽ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുൻപ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മിൽ അടുപ്പം തുടർന്നു. ഇതിനിടെ പ്രവീൺ ഗായത്രിയെ വിവാഹം കഴിച്ചുവെന്നും വിവരമുണ്ട്. പള്ളിയിൽ വച്ച് വിവാഹം നടത്തിയ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രണയത്തെച്ചൊല്ലിയുള്ള തർക്കമാണ് ഗായത്രിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിവാഹിതനായ രണ്ട് കുട്ടികളുടെ പിതാവായ പ്രവീൺ അത് മറച്ചു വച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാൽ വിവരങ്ങൾ അറിഞ്ഞതിനെ തുടർന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജുവലറിയിലും ഇവർ പരാതിയുമായി എത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജൂവലറിയിൽ നിന്നും മാറ്റിയതെന്നാണ് വിവരം.

പ്രവീണിനെ തമിഴ് നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്‌നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും ഇന്നലെ കണ്ടത് എന്നാണ് സൂചന. ഇന്നലെ പ്രവീണുമായി നിൽക്കുന്ന ചിത്രങ്ങൾ ഗായത്രി വാട്‌സാപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറയുന്നു.

തിരുവനന്തപുരം നഗരത്തിൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേയാണ് പട്ടാപ്പകൽ തലസ്ഥാന നഗരിയെ ഞെട്ടിച്ച് മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്.