- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കനിവായ്, കരുതലായ് 108'; ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം; ചെങ്ങന്നൂർ സ്വദേശിനിയായ അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ; ആംബുലൻസ് ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂർ പെരിങ്ങാല വലിയപറമ്പിൽ അഭിലാഷിന്റെ ഭാര്യ ശീതൾ (27) ആണ് കനിവ് 108 ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.
കോട്ടയം ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കൃത്യസമയത്ത് പരിചരണം നൽകി അമ്മയേയും കുഞ്ഞിനേയും സുഖമായി ആശുപത്രിയിലെത്തിച്ച കനിവ് 18 ആംബുൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിജു തോമസ് നൈനാൻ, പൈലറ്റ് രാഹുൽ മുരളീധരൻ എന്നിവരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 3.30- നാണ് സംഭവം. ശീതളിന് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശീതളിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സഹായവും സേവനവും തേടി.
തിരുവനന്തപുരം ടെക്നോപാർക്കിലെ കൺട്രോൾ റൂമിൽ നിന്ന് ഉടൻ തന്നെ അത്യാഹിത സന്ദേശം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് ജീവനക്കാർ ഉടൻ തന്നെ ആശുപത്രിയിലെത്തി ശീതളിനെ ആംബുലൻസിലേക്ക് മാറ്റി കോട്ടയം മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിച്ചു.
കോട്ടയം നഗരത്തിൽ എത്തിയപ്പോഴേക്കും ശീതളിന്റെ ആരോഗ്യനില കൂടുതൽ വഷളാകുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സിജുവിന്റെ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസ്സിലാക്കുകയും ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. സിജുവിന്റെ പരിചരണത്തിൽ 5 മണിയോടെ ശീതൾ കുഞ്ഞിന് ജന്മം നൽകി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തുള്ള കോട്ടയം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിലാഷ്, ശീതൾ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.
മറുനാടന് മലയാളി ബ്യൂറോ