പെരുമ്പാവൂർ: റോഡിലെ ആഴമുള്ള ഗട്ടറുകൾ കാണുമ്പോൾ പലരും തമാശക്ക് പറയാറുണ്ട് ഇതിലെ ഗർഭിണികൾ പോയാൽ പ്രസവിക്കുമെന്ന്. പെരുമ്പാവൂരിൽ ഇന്ന് ഇത് യാഥാർത്ഥ്യമായി.

ഇന്ന് പുലർച്ചെയാണ് ഇത്തരത്തിലൊരു സംഭവത്തിന് നഗരവാസികളിൽ ചിലർ സാക്ഷികളായത്. പ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് വരികയായിരുന്ന, പത്തടിപ്പാലത്ത് താമസിച്ചുവന്നിരുന്ന തമിഴ്‌നാട് സ്വദേശിനിയാണ് പെരുമ്പാവൂർ വാത്യത്ത് ആശുപത്രിക്ക് സമീപം വാഹനം ഗട്ടറിൽ അകപ്പെട്ടതിന്റെ ആഘാതത്തിൽ പ്രസവിച്ചത്.

ഡ്രൈവർ ഉടൻ വിവരം തൊട്ടടുത്തുള്ള ആശുപത്രയിലെത്തി അറിയിച്ചതിനെത്തുടർന്ന് ഇവിടെ നിന്നും ഡോക്്ടറും നഴ്‌സുമാരും മറ്റും എത്തിയപ്പോഴേക്കും 23 കാരിയായ സുനിതയുടെ ഉദരത്തിൽ നിന്നും ശിശു പൂർണ്ണമായും പുറത്ത് വന്നിരുന്നു.പിന്നീട് പൊക്കിൾക്കൊടി മുറിച്ച് മാറ്റി ആശുപത്രി ജീവനക്കാർ അമ്മയേയും കുഞ്ഞിനേയും ലേബർ റൂമിലേക്ക് മാറ്റിയത്.

ഇന്ന് പുലർച്ചെ 3.30തോടെയാണ് സംഭവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന് 2.8 കിലോ തൂക്കം ഉണ്ട്. പെരുംമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് സുനിത ചെക്കപ്പിനായി പോയിരുന്നത്.

നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പി.പി.റോഡ് ഗട്ടറായിട്ട് വർഷങ്ങളായി. സമീപവാസികൾ നിരവധി തവണ പരാതി നൽകിയെങ്കിലും നഗരസഭയും പൊതുമരാമത്ത് വകുപ്പും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് പതിവ്.

നിരവധി അപകടങ്ങൾക്ക് വഴിതെളിച്ച് ഈ റോഡ് ഒരു പ്രസവത്തിനും കൂടി കാരണമായ സാഹഹചര്യത്തിലെങ്കിലും അധികൃതർ കണ്ണുതുറക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ഇവിടുത്തുകാർ.