മസാച്ചുസെറ്റ്‌സ്: നാല്പത്തേഴുകാരി താൻ ഗർഭിണിയാണെന്ന് കണ്ടെത്തുന്നത് പ്രസവത്തിന് ഒരു മണിക്കൂർ മുമ്പു മാത്രം. കടുത്ത വയറുവേദനയെ തുടർന്നാണ് മസാച്ചുസെറ്റ്‌സിലെ ജൂഡി ബ്രൗൺ ബെവർലി ആശുപത്രിയിലെത്തുന്നത്.  എന്നാൽ ഇവർ ഗർഭിണിയാണെന്ന് ആശുപത്രി ജീവനക്കാർ അറിയിക്കുകയായിരുന്നു. ഗർഭിണിയാണെന്നു തെളിഞ്ഞതിന് ഒരു മണിക്കൂറിനു ശേഷം ജൂഡി ബ്രൗൺ ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. കന്നിപ്രസവത്തിന്റെ സന്തോഷത്തിൽ കഴിയുകയാണ് ജൂഡി ബ്രൗൺ. കൂടെ ഭർത്താവ് ജേസനുമുണ്ട്.

അതേസമയം തന്റെ വയർ വീർത്തു വരുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും പ്രായമാകുന്നതോടെ തനിക്കു വയറു ചാടുന്നതാണെന്നും ആർത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നത്താൽ ആണെന്നും കരുതി ഇരിക്കുകയായിരുന്നു താനെന്ന് ഇവർ എന്ന് പറയുന്നു. എന്നാൽ എന്തെങ്കിലും അസുഖം ഉണ്ടായിരിക്കും എന്ന പേടിയിൽ ആശുപത്രിയിൽ പോകാനും ഇവർ മടിച്ചിരുന്നു. എന്നാൽ വയറുവേദന അസഹ്യമായപ്പോഴാണ് ഇവർ ആശുപത്രിയിൽ എത്തിയത്.

ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭമുള്ള വിവരം ഇവർ അറിയുന്നതും. ഇരുപത്തിരണ്ടു വർഷമായി വിവാഹം കഴിഞ്ഞുവെങ്കിലും ജൂഡി- ജേസൺ ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. വൈകി വന്ന സൗഭാഗ്യത്തെ ഇരുവരും കൈനീട്ടി സ്വീകരിച്ചിരിക്കുകയാണിപ്പോൾ.