മുംബൈ: തുടർച്ചയായ ലൈംഗിക പീഡനം സഹിക്ക വയ്യാതെ അമ്മ 50,000 രൂപ ക്വട്ടേഷൻ നൽകി ഇളയമകനെ വകവരുത്തി.മൂത്ത മകനും കൂട്ടുകാരും ചേർന്നാണ് കൃത്യം നടപ്പാക്കിയത്. 55 കാരിയായ അമ്മയുടെ രണ്ടാം വിവാഹത്തിലെ 22 കാരനായ മകനെയാണ് കൊലപ്പെടുത്തിയത്.

ആറുമാസത്തെ തുടർച്ചയായ പീഡനത്തിൽ മനം മടുത്താണ് അമ്മ ഈ കടുംകൈക്ക് മുതിർന്നത്. തന്നെ മാത്രമല്ല അടുത്ത ബന്ധുക്കളായ വനിതകളെയും 22 കാരൻ ചൂഷണം ചെയ്തിരുന്നു. മുംബൈയിലെ ഭയാൻഡറിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ രജനി എന്ന സ്ത്രീയാണ് തന്റെ ആദ്യ ബന്ധത്തിലെ മകനും 25 കാരനുമായ സീതാറാമിന് രണ്ടാം ബന്ധത്തിലെ ഇളയമകൻ രാം ചരൺ ദ്വിവേദിയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്.

ആറുമാസമായി നിരന്തരം ഇളയമകന്റെ ലൈംഗിക വൈകൃതം സഹിച്ചിരുന്ന മാതാവ് ശല്യം മറ്റു സ്ത്രീകളിലേക്ക് കൂടി കടന്നതോടെയാണ് മൂത്ത മകന് ഇളയവനെ ഇല്ലാതാക്കാൻ ക്വട്ടേഷൻ നൽകിയത്. ഓഗസ്റ്റ് 21 നായിരുന്നു രാംചരണിന്റെ മൃതദേഹം വാസയിലെ ഒരു പാറക്കുളത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ കത്തിവരഞ്ഞ പാടുകൾ കണ്ടതോടെ പൊലീസിന് സംശയമായി. കയ്യിൽ രാം ചരൺ എന്നും രജനി എന്നും പച്ചകുത്തിയിട്ടുണ്ടായിരുന്നു. അന്വേഷണത്തിന്റെ തുടക്കത്തിൽ രജനിയെ വിളിച്ച് അന്വേഷിച്ചെങ്കിലും അറിയില്ലെന്ന് പറഞ്ഞതോടെ ഒരു വിവരവും കിട്ടാതെ മൃതദേഹത്തിന്റെ ചിത്രം പൽഗർ ജില്ലയിലെ മുഴൂവൻ സ്ഥലത്തും താനെ, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലും ൽ പൊലീസ് പതിച്ചു. ഒരു മാസത്തിന് ശേഷം സെപ്റ്റംബർ 14 ന് സുനിതാശർമ്മ എന്ന യുവതി ഭയാൻഡർ പൊലീസ് സ്‌റ്റേഷനിൽ എത്തി രാംചരണിനെ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയത്. ഇത് കേസ് തെളിയുന്നതിലേക്ക് വെളിച്ചം വീശി. രാംചരണിന്റെ വീട് സന്ദർശിച്ച അന്വേഷണോദ്യോഗസ്ഥർ രജനിയെ വീണ്ടും ചോദ്യം ചെയ്യുകയും മകന്റേതായിട്ടും എന്തുകൊണ്ടാണ് നേരത്തേ മൃതദേഹം തിരിച്ചറിയാതിരുന്നതെന്ന് ചോദിക്കുകയും ചെയ്തു.

എന്നാൽ മകൻ ഓഗസ്റ്റ് 19 ന് 8 മണിക്ക് വീടു വിട്ടു പോയതാണെന്നും അതിന് ശേഷം കുടുംബവുമായി ബന്ധപ്പെട്ടിട്ടേയില്ലെന്നുമായിരുന്നു മറുപടി. മകനെ കാണാതായിട്ടും പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മകൻ വാസയിലെ ഒരു ഫാക്ടറിയിലെ പണിക്കാരനാണെന്നും അറിയിക്കാതെയും വീട്ടിൽ വരാതെയും മാസങ്ങളോളം കഴിയുന്ന പതിവുണ്ടെന്നും പറഞ്ഞു. എന്നാൽ കൂടുതൽ നടത്തിയ ചോദ്യം ചെയ്യലിൽ രജനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇളയ മകനെ ഇല്ലാതാക്കാൻ മൂത്തമകന് 50,000 രൂപയുടെ ക്വട്ടേഷൻ നൽകിയതായി തുറന്നു പറഞ്ഞു.

അമിതാസക്തിയുള്ള രാംചരൺ പതിവായി രജനിയെ പീഡിപ്പിച്ചിരുന്നു. ഇത് പിതാവ് രാംദാസിനോട് പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് രജനിയെ ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് കൊണ്ടുവന്ന് അവിടെ വച്ചാണ് രാംചരൺ ആദ്യം പീഡിപ്പിച്ചത്. അതിന് ശേഷം ബന്ധത്തിൽ പെട്ട മറ്റൊരു സ്ത്രീയെയും ഇയാൾ പീഡിപ്പിച്ചു. അവർ പൊലീസിൽ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാംചരണിന്റെ പീഡനം പതിവാകുകയും സഹിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറുകയും ചെയ്തതോടെ രജനി എല്ലാം തന്റെ ആദ്യ ബന്ധത്തിലെ മകൻ സീതാറാമിനെ അറിയിക്കുകയും ഭർത്താവിന്റെ ആദ്യ ബന്ധത്തിലെ മകനായ രാംചരണെ ഇല്ലാതാക്കാൻ 50,000 രൂപ നൽകുകയും ചെയ്തു.

ഇതേ തുടർന്ന് ഓഗസ്റ്റ് 20 ന് പുലർച്ചെ രണ്ടു മണിക്ക് സീതാറാം എഴുന്നേൽക്കുകയും രാം ചരണെ വിളിച്ചുണർത്തുകയും താൻ കൊണ്ടിട്ട വാഹനം നോക്കാൻ കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. പോകുമ്പോൾ രാകേഷ് യാദവ്, കേശവ് മിസ്ത്രി എന്നിവരെയും കൂട്ടി ഗോഖിവര ഗ്രാമത്തിലെ പാറക്കുളത്തിന് സമീപത്തേക്ക് പോകുകയും അവിടെവെച്ച് രാംചരണെ കൊന്ന് വെള്ളത്തിലിടുകയുമായിരുന്നു. മകന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നത് വരെ മാതാവിനെ പീഡിപ്പിച്ചിരുന്ന കഥ കുടുംബനാഥനായ രാംദാസ് അറിഞ്ഞിരുന്നില്ല.