ലക്നൗ: ഉത്തർപ്രദേശിൽ ഗർഭച്ഛിദ്രം നടത്താൻ ആശുപത്രിയിൽ പോയ 30കാരിയെ വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന് പരാതി. റെയിൽവേ സുരക്ഷാ സേനയിലെ ജീവനക്കാരന്റെ ഭാര്യയെയാണ് മുൻകൂട്ടി അനുമതി വാങ്ങാതെ റെയിൽവേ ആശുപത്രിയിൽ വന്ധ്യംകരണത്തിന് വിധേയമാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആഗ്രയിലെ റെയിൽവേ ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്കെതിരെ യുവതിയുടെ ഭർത്താവ് യോഗേഷ് പൊലീസിൽ പരാതി നൽകി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആഗ്ര ഡിവിഷൻ റെയിൽവേ അഡ്‌മിനിസ്ട്രേഷൻ മൂന്നംഗ സമിതിക്ക് രൂപം നൽകി.

യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു പതിവായി പരിശോധന നടത്തിയിരുന്നത്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഗർഭസ്ഥശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്നും ഗർഭച്ഛിദ്രം നടത്താനും ഡോക്ടർ ഉപദേശം നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ആശുപത്രിയിലും പരിശോധന നടത്തി. അവിടെയും ഡോക്ടർമാർ സമാനമായ നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതി വയറ്റിൽ കടുത്ത വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു.

യുവതിക്ക് നടക്കാൻ പോലും കഴിയാത്ത വേദനയാണ് അനുഭവപ്പെട്ടത്. വിദഗ്ധ പരിശോധനയിലാണ് യുവതിക്ക് ഗർഭച്ഛിദ്രത്തിനൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിയതായും വ്യക്തമായതെന്ന് പരാതിയിൽ പറയുന്നു. ആശുപത്രി അധികൃതർ തെറ്റ് സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.

സംഭവം മൂടിവയ്ക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായും അപമര്യാദയായി പെരുമാറിയതായും യോഗേഷ് ആരോപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തെ രോഗിയുടെ ഫയൽ കാണിക്കാൻ പോലും അവർ തയ്യാറായില്ല. നാലു ഡോക്ടർമാർക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയതെന്നും യോഗേഷ് പറയുന്നു. ചികിത്സാരംഗത്തെ വീഴ്ചയാണെന്ന് പൊലീസ് പറയുന്നു.