ഇടുക്കി: ഇടുക്കി ജില്ലയിലെ മുട്ടത്ത് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവത്തിൽ മരണപ്പെട്ട വയോധികയുടെ സഹോദരിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.തോട്ടുങ്കര ഊളാനിയിൽ സരോജിനി (75) മരിച്ച സംഭവത്തിൽ ശല്യാംപാറ വരികിൽ സുനിൽകുമാറിനെയാണ്(52) മുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31 നാണ് കേസിനാസ്പദാമയ സംഭവം നടന്നത്.ഉറങ്ങിക്കിടന്നിരുന്ന സരോജിനിയുടെ ദേഹത്ത് ഇയാൾ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണക്കുപ്പിയടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെടുത്തു.

ആദ്യം സംശയാസ്പദമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവുകളൊന്നും ഇല്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുനിൽ കുമാറാണ് പ്രതി എന്ന് തിരിച്ചറി്ഞ്ഞത്.2013 മുതൽ ഒപ്പം താമസിച്ചിരുന്ന സുനിൽകുമാറിന്, തന്റെ പേരിലുള്ള മുഴുവൻ സ്വത്തുക്കളും നൽകാമെന്ന് സരോജിനി പറഞ്ഞിരുന്നു.

എന്നാൽ, പിന്നീട് സുനിലടക്കമുള്ള, സരോജിനിയുടെ രണ്ടു സഹോദരിമാരുടെ ഒൻപതു മക്കളുടെയും പേരിൽ സ്വത്ത് ഭാഗിച്ചു നൽകി. ഇതേത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ, ഉറങ്ങുകയായിരുന്ന സരോജിനിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. അടുപ്പിൽനിന്നാണ് തീപിടിച്ചതെന്ന് സ്ഥാപിക്കാൻ സുനിൽകുമാർ തെളിവുകളുണ്ടാക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സുനിൽകുമാറിനെ അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തെങ്കിലും തെളിവില്ലാത്തതിനാൽ വിട്ടയച്ചു.

എന്നാൽ സംശയം തോന്നിയ പൊലീസ് രഹസ്യമായി തുടരന്വേഷണം നടത്തി. തൊടുപുഴ ഡിവൈ.എസ്‌പി. രാജപ്പൻ റാവുത്തർ ഇതിന് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. ഇവർ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചു. ബുധനാഴ്ച രാവിലെ സുനിലിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. മുട്ടം സിഐ. വി.ശിവകുമാർ, എസ്‌ഐ. അനിൽകുമാർ, എഎസ്ഐ. ജയചന്ദ്രൻ എസ്., സി.പി.ഒ. റഷീദ് കെ.യു. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.