ശ്രീനഗർ: കശ്മീരിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസിയായ സ്ത്രീ കൊല്ലപ്പെട്ടു. അഖ്തർ ബി (35) ആണ് മരിച്ചത്. അവരുടെ ഭർത്താവ് മുഹമ്മദ് ഹനീഫിന് (40) പരിക്കേറ്റു.

നൗഷേരാ മേഖലയിൽ നിയന്ത്രണ രേഖയ്ക്കടുത്താണ് സംഭവം. രജൗരി ജില്ലയിലെ നൗഷേരയിൽ ബുധനാഴ്ച രാത്രി 10.40 ഓടെയാണ് പാക് സൈന്യം വെടിവെപ്പ് തുടങ്ങിയത്. കൈത്തോക്കുകളും മോർട്ടർ ഷെല്ലുകളും ഉപയോഗിച്ചാണ് അവർ പ്രകോപനം സൃഷ്ടിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യൻ സൈന്യവും ശക്തമായ മറുപടി നൽകി.

കുൽഭൂഷൺ വിഷയം ഇരുരാജ്യങ്ങൾക്കുമിടയിൽ തർക്കമായത് മുതൽ പാക് സൈന്യം നിരന്തരമായി വെടിനിർത്തൽ കരാർ ലംഘനം നടത്തി വരികയാണ്. പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ സൈനികനും ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടിരുന്നു.

അതിർത്തി കടന്നെത്തിയ പാക് സൈനികർ ഇവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തുടർച്ചയായ പ്രകോപനം. ഈ സാഹചര്യം കണക്കിലെടുത്ത് പാക് പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ സൈന്യത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

ദിവസേനെ ഒന്നെന്ന തരത്തിൽ കഴിഞ്ഞ രണ്ടുവർഷം പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു. 2016ൽ മാത്രം 449 വെടിനിർത്തൽ ലംഘനങ്ങൾ ഉണ്ടായെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.