തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിനെതിരെ പരാതി നൽകിയ വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശോഭാ സുബിനെതിരെ പരാതി നൽകിയതിന് പിന്നാലെ വനിതാ നേതാവ് രൂക്ഷമായ സൈബർ ആക്രമണം നേരിട്ടതിന്റെ തെളിവുകൾ പുറത്തുവന്നിട്ടിട്ടുണ്ട്.

സോഷ്യൽമീഡിയയിലെ സജീവ കോൺഗ്രസ് പ്രവർത്തകരാണ് യുവതിയെ മോശക്കാരിയാക്കി പ്രചരണങ്ങൾ നടത്തുന്നത്. യുവതിയുടെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭീഷണി മുസ്ലിംലീഗിന് വേണ്ടി സൈബർ പ്രചരണം നടത്തുന്ന യാസിർ എടപ്പാളും ഉയർത്തിയിരുന്നു. ഇതിനായി കോൺഗ്രസ്, ലീഗ് പ്രവർത്തകർ അംഗങ്ങളായ ഒരു ടെലിഗ്രാം ഗ്രൂപ്പിന് ഇവർ രൂപം നൽകിയിരുന്നു. ഇതിന്റെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ശോഭാ സുബിൻ തന്റെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ശോഭാ സുബിന് പുറമെ യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്‌സൽ എന്നിവർക്കെതിരെയും യുവതി പരാതി നൽകിയിട്ടുണ്ട്. തന്റെ പേരും പദവിയും സഹിതം മോർഫ് ചെയ്ത് അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലുർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്. പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ യുവതിയെ സമീപിച്ചെങ്കിലും പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ശോഭ സുബിൻ.

മുമ്പ് കെ ടി ജലീലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യാസർ എടപ്പാൾ അറസ്റ്റിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.