കറാച്ചി: പാക്കിസ്ഥാനിൽ വനിതാ എംപിക്കു നേരെ മന്ത്രിയുടെ ലൈംഗികാതിക്രമം. പരാതി അറിയിച്ചിട്ടും സഭ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു പാർലമെന്റിൽ പെട്രോളുമായി എത്തി വനിതാ എംപി ആത്മഹത്യാ ഭീഷണി മുഴക്കി.

സിന്ധ് പ്രവിശ്യയിൽ നിന്നുള്ള നുസ്രത് സഹർ അബ്ബാസി എന്ന എംപിയാണ് പാർലമെന്റിൽ അപമാനിതയായത്. പാക് മന്ത്രി ഇംഹാദ് പിറ്റാഫി, അബ്ബാസിയെ തന്റെ സ്വകാര്യ ചേംബറിലേക്ക് വിളിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ലൈംഗികമായ ഉദ്ദേശത്തോടെയുള്ള മന്ത്രിയുടെ ക്ഷണത്തിനെതിരെ അബ്ബാസി പാർലമെന്റിൽ പ്രതിഷേധിച്ചു. എന്നാൽ ഇതിന് ശേഷവും മന്ത്രിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ വനിത കൂടിയായ സഭാ ഡെപ്യൂട്ടി സ്പീക്കർ തയ്യാറായില്ല. ഇതേതുടർന്നാണ് അബ്ബാസി പെട്രോൾ നിറച്ച കുപ്പിയുമായി പാർലമെന്റിൽ എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പെട്രോൾ ഒഴിച്ച് താൻ സ്വയം തീ കൊളുത്തുമെന്നായിരുന്നു അബ്ബാസിയുടെ ഭീഷണി.
സംഭവം വിവാദമായതോടെ മന്ത്രിക്ക് പാർലമെന്റിൽ മാപ്പ് പറയേണ്ടി വന്നു. സ്ത്രീകളോടുള്ള ആദരസൂചകമായി ശിരോവസ്ത്രം സമ്മാനിച്ചു കൊണ്ടാണ് മന്ത്രി മാപ്പ് പറഞ്ഞത്. മന്ത്രി മാപ്പ് പറഞ്ഞതോടെ പ്രശ്‌നം അവസാനിച്ചതായി അബ്ബാസി പറഞ്ഞു.

സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് ചർച്ചയായതും പൊലീസ് കേസെടുത്തതും. കഴിഞ്ഞ ശനിയാഴ്ചയാണ് ഇക്കാര്യത്തിൽ സോഷ്യൽ മീഡിയയിൽ അബ്ബാസി പോസ്റ്റിട്ടത്. വിഷയം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നതോടെ പാക്കിസ്ഥാനിലെ ഫെഡറൽ പാർട്ടി നേതാക്കൾ സംഭവത്തിൽ ഇടപെടാൻ നിർബന്ധിതരാവുകയായിരുന്നു. സംഭവം അവസാനിച്ചതായി അബ്ബാസി പറഞ്ഞെങ്കിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമങ്ങളുടെ നടപ്പാക്കലാണ് ചോദ്യം ചെയ്യപ്പെടുന്നത്. 'നിയമം നടപ്പാക്കൽ വെറും സ്വപ്‌നമായി അവശേഷിക്കു'മെന്നും അബ്ബാസി പറഞ്ഞു.