തൃശ്ശൂർ: കല്യാൺ സാരീസ് മാനേജ്‌മെന്റ്ിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരായ സ്ത്രീ തൊഴിലാളികളുടെ സമരം രണ്ട് ആഴ്ച പിന്നിട്ടിട്ടും അവസാനിപ്പിക്കാൻ നടപടിയൊന്നും ആയില്ല. ലേബർ കമ്മീഷന്റെ നേതൃത്ത്വത്തിൽ കല്യാൺ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും സ്ഥലം മാറ്റം ഉത്തരവ് പിൻവലിക്കാൻ അവർ തയ്യാറാകാത്തതിനെത്തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു.

സ്ഥലം മാറ്റം ഉത്തരവ് പിൻവലിക്കണമെന്ന് തൊഴിലാളി പ്രതിനിധികളും യോഗത്തിൽ പറഞ്ഞു. തൊഴിലാളി സംഘടന രൂപീകരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ 6 സ്ത്രീ തൊഴിലാളികളെയാണ് സ്ഥലം മാറ്റി മാനേജ്‌മെന്റ് നോട്ടീസ് നൽകിയത്. അഞ്ചു പേരെ തിരുവനന്തപ്പുരം ഷോറൂമിലേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ചർച്ച പൊളിഞ്ഞതോടെ സമരം കൂടുതൽ ശക്തമാക്കാമാനാണ് തൊഴിലാളികളുടെ തീരുമാനം.

ഇപ്പോൾ കുത്തിയിരിപ്പ് സമരം നടത്തുന്നവർ 30-ാം തീയ്യതിയോടെ കല്യാണിന് മുമ്പിൽ സമരപന്തൽ കെട്ടും. അനിശ്ചിതക്കാല നിരാഹാര സമരം ഉൾപ്പേടെയുള്ള സമരപരിപ്പാടികൾക്കാണ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അസംഘടിത തൊഴിലാളി യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ പിന്തുണയും സമരക്കാർക്കുണ്ട്. അതേ സമയം മുഖ്യധാര തൊഴിലാളി സംഘടനകൾ ആരും ഈ വിഷയത്തിൽ പ്രത്യക്ഷ നിലപാടെടുക്കാൻ തയ്യാറായിട്ടില്ല. കല്യാൺ തൊഴിലാളികൾ ഇതു വരെ തങ്ങളെ സമീപിച്ചിട്ടില്ലെന്നായിരുന്നു സിഐടി.യുവിന്റെ പ്രതികരണം. സംഘടനയെന്നും തൊഴിലാളികൾക്ക് ഒപ്പമാണെന്നും സിഐടി.യു നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

ബി.എം.എസ്സും, ഐ. എൻ.ടി.യു.സിയും ഏതാണ്ട് ഇതെ നിലപാടിൽ തന്നെയാണ് ഉള്ളത്. എന്നാൽ അവരാരും ഇതുവരെ വിഷയം എന്താണെന്ന് അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മുഖ്യധാര മാദ്ധ്യമങ്ങളും തങ്ങളുടെ പരസ്യ ധാതാക്കൾക്ക് എതിരെ വാർത്ത നൽകാൻ ഇതുവരെ തയ്യാറായിട്ടില്ല. മറുനാടൻ മലയാളിയാണ് കല്യാൺ തൊവിലാളി സമരം ജനങ്ങളിലേക്ക് എത്തിച്ചത്.

രാവിലെ 9.30 മുതൽ വൈകുന്നേരം വരെ നിൽപ്പു തുടരുന്ന തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നുശാസിക്കുന്ന ഒരു സൗകര്യവും മാനേജ്‌മെന്റെ് ഒരുക്കി കൊടുക്കുന്നില്ലെന്നതാണ് ആക്ഷേപം. ബാത്ത് റൂമിൽ പോയി തിരിച്ചു വരാൻ വൈകിയാൽ ഉൾപ്പടെ ശമ്പളം പിടിക്കുന്നുവെന്ന ആരോപണമാണ് തൊഴിലാളികൾ ഉയർത്തുന്നത്. ഭക്ഷണം കഴിക്കാൻ അഞ്ചാമ നിലയിലേക്ക് പടി കയറി തിരിച്ചിറങ്ങാൻ വൈകിയാലും ഇത് തന്നെ സ്ഥിതിയെന്ന് അവർ പറയുന്നു.

എന്തായാലും തൊഴിലാളി സംഘടന രൂപീകരിക്കാൻ മുൻകൈ എടുക്കുന്നുവെന്ന് തോന്നിയ ആറ് പേരെയാണ് മാനേജ്‌മേന്റ് ഇപ്പേൾ സ്ഥലം മാറ്റിയിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ മാറ്റിയ സ്ഥലങ്ങളിലേക്ക് പോയി ജോലി ചെയ്യണമെന്ന മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അതേ സമയം സമരത്തിനെതിരെ ഹൈക്കോടതി ഉത്തരവ് കല്യാൺ സമ്പാദിച്ചതായും പറയപ്പെടുന്നു. എന്ത് വന്നാലും സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തൊഴിലാളികളുടെ നിലപാട്.