- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാത്ത്‌റൂമിൽ പോയി എത്താൻ അൽപ്പം വൈകിയാൽ 100 രൂപ പിഴ! രാവന്തിയോളം നിൽപ്പു തുടരണം; കല്യാൺ സാരീസിന്റെ കണ്ണിൽ ചോരയില്ലായ്മ്മക്കെതിരെ പ്രതികരിച്ച വനിതാ ജീവനക്കാരെ സ്ഥലംമാറ്റി മാനേജ്മെന്റിന്റെ പ്രതികാര നടപടി; സത്യഗ്രഹ സമരവുമായി ജീവനക്കാർ
തൃശ്ശൂർ: ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്നും തൊഴിലാളി ചൂഷണങ്ങൾ കണ്ടു നിൽക്കാത്ത ജനതയെന്നുമൊക്കെ കേരളത്തെ നോക്കി പലരും പറയും. അസംഘടിതരായിരുന്ന നഴ്‌സുമാരെ സംഘടിപ്പിച്ച് പുതിയ അവകാശ പോരാട്ടത്തിന് ശ്രമിച്ച നഴ്‌സുമാരുടെ വിജയം അടുത്തിടെ തൊഴിലാളി മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റമായിരുന്നു. എന്നാൽ കോടികളുടെ വിറ
തൃശ്ശൂർ: ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമെന്നും തൊഴിലാളി ചൂഷണങ്ങൾ കണ്ടു നിൽക്കാത്ത ജനതയെന്നുമൊക്കെ കേരളത്തെ നോക്കി പലരും പറയും. അസംഘടിതരായിരുന്ന നഴ്‌സുമാരെ സംഘടിപ്പിച്ച് പുതിയ അവകാശ പോരാട്ടത്തിന് ശ്രമിച്ച നഴ്‌സുമാരുടെ വിജയം അടുത്തിടെ തൊഴിലാളി മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റമായിരുന്നു. എന്നാൽ കോടികളുടെ വിറ്റുവരവുള്ള ടെക്‌സ്‌റ്റെയിൽ മേഖലയിൽ ജോലി ചെയ്യുന്നജീവനക്കാരുടെ കാര്യം ഇപ്പോഴും കഷ്ടത്തിൽ തന്നെയാണ്. രാഷ്ട്രീയക്കാരുടെ വായടപ്പിക്കാനും മാദ്ധ്യമങ്ങളെ സുഖിപ്പിക്കാൻ കോടികളുടെ പരസ്യങ്ങൾ ചെയ്യുകയും ചെയ്യുന്ന പ്രമുഖ ടെക്‌സ്റ്റെയിൽ ഗ്രൂപ്പൂകൾ ജീവനക്കാരോട് കാണിക്കുന്നത് തീർത്ത അവഗണനയാണ്.
കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന വസ്ത്ര വ്യാപാരരംഗമാണ് ഇപ്പോഴും അസംഘടിതരായ തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥലം. വൻകിട കമ്പനികളിൽ പോലും ഈ തൊഴിലാളികൾ വൻചൂഷണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇനി സംഘടിക്കാൻ ആരെങ്കിലും ശേഷിച്ചാൽ മർക്കടമുഷ്ടി കൊണ്ട് നേരിടുകയാണ് ടെക്‌സ്റ്റെയിൽ രംഗത്തെ മാനേജ്‌മെന്റുകളും സ്വീകരിച്ച് പോരുന്നത്. രാവിലെ മുതൽ രാവന്തിയോളം ഇരിക്കാൻ അവകാശമില്ലാതെ നിൽപ്പ് തുടരുന്ന ടെക്‌സ്റ്റെയിൽ രംഗത്തെ വനിതാ ജീവനക്കാർക്ക് വേണ്ടി മനുഷ്യാവാകാശ കമ്മീഷൻ ഇടപെട്ടിട്ട് പോലും കാര്യങ്ങളിൽ ഇപ്പോഴും മാറ്റമില്ല.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂർ കല്ല്യാൺ സാരീസിലേത് നരകയാത അനുഭവിക്കുന്ന തൊഴിലാളികൾക്കായി സംഘടന രൂപീകരിക്കാൻ നീക്കം നടത്തുന്നു എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ 6 സ്ത്രീ തൊഴിലാളികളെയാണ് കല്ല്യാൺ സ്ഥലം മാറ്റിയത്. തൃശൂരുള്ള ഇവരോട് തിരുവനന്തപുരം, കണ്ണൂർ ഓഫീസിലേക്കാണ് ഇവരെ അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവായത്. സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തൃശൂർ സ്വദേശികളായ പത്മിനി, മായ, ദേവി, രജനി, ബീന, അൽഫോൻസ എന്നിവരോടാണ് മാനേജ്‌മെന്റ് പ്രതികാര നടപടിയെടുത്തത്.
മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന തങ്ങളെ സുന്ദര വാഗ്ദാനങ്ങൾ നൽകിയാണ് കല്ല്യാൺ സിൽക്‌സ് ജോലിക്കെടുത്തതെന്ന് നടപടി നേരിട്ട മായ മറുനാടൻ മലയാളിയോട് പറഞ്ഞു. രണ്ട് ഞായറാഴ്ച ജോലി ചെയ്താൽ ഓവർ ടൈം ശമ്പളമെന്ന വാഗ്ദാനമുൾപ്പെടെ ഇത് വരെ പാലിക്കാൻ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. 5000 രൂപ മുതൽ 7000 രൂപ വരെയാണ് ഇവരുടെ മാസശമ്പളം. പലപ്പോഴും വൻ പീഡനങ്ങളാണ് നേരിടേണ്ടി വരുന്നതെന്ന് തൊഴിലാളികൾ പറയുന്നു. രാവിലെ 9.30 ന് ജോലിക്ക് കയറിയാൽ ഒന്നിരിക്കാൻ പോലും കഴിയാത്ത തരത്തിലാണ് ജോലി. ഇതിനിടയിൽ ബാത്ത്‌റൂമിൽ പോകാൻ പോലും പലപ്പോഴും അനുവദിക്കാറില്ല. 5 മിനിട്ട് എങ്ങാനും വൈകിയാൽ 100 രൂപ മാസശമ്പളത്തിൽ നിന്നും പിടിക്കും.
ഉച്ചഭക്ഷണ സമയവും ഏതാണ്ട് ഇതുപോലെ തന്നെ. 25 മിനിട്ടാണ് ഭക്ഷണം കഴിക്കാനുള്ള ആകെ സമയം. 5-ാം നിലയുടെ മുകളിൽ കയറി ഭക്ഷണം കഴിച്ച് താഴെയിറങ്ങുമ്പോഴേക്കും താമസിച്ചാൽ വീഴും പിഴ ശമ്പളം കട്ട് ചെയ്തുകൊണ്ടിരിക്കും. തങ്ങളുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കണമെന്നുറച്ച് 'സ്ത്രീ മുന്നോട്ട്' എന്ന സംഘടനയുടെ കോഴിക്കോട് നടന്ന സമ്മേളനത്തിൽ മായയുടെ നേതൃത്വത്തിൽ 10 തൊഴിലാളികൾ കല്ല്യാണിൽ നിന്ന് പങ്കെടുത്തിരുന്നു. ഇതായിരിക്കാം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ജോലിക്ക് കയറുമ്പോൾ സ്ഥലം മാറ്റമുണ്ടാകുമെന്ന കാര്യമൊന്നും സൂചിപ്പിക്കാതെ ഇപ്പോൾ തങ്ങളെ സ്ഥലം മാറ്റിയാൽ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
ഈ ചുരുങ്ങിയ ശമ്പളത്തിന് പീഡനം സഹിച്ച് നാടു വിട്ട് ജോലി ചെയ്യുന്നത് തങ്ങളെ കൊണ്ട് ചിന്തിക്കാനെ കഴിയില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. എന്തായാലും സാമൂഹ്യപ്രവർത്തകയും ആംആദ്മി പാർട്ടി നേതാവുമായ സാറാ ജോസഫിന്റേയും, മനുഷ്യാവകാശ പ്രവർത്തകൻ കെ. വേണുവിന്റേയും മറ്റും പിന്തുണയിൽ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തൊഴിലാളികളുടെ തീരുമാനം.
സമരത്തിന് പൂർണ്ണപിന്തുണയുമായി ആം ആദ്മി പാർട്ടി തൃശൂർ ഘടകവും രംഗത്തുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ കല്ല്യാൺ സാരീസിന്റെ മുൻപിൽ സത്യാഗ്രഹമനുഷ്ഠിക്കുകയാണ്. ശക്തമായ സമരം നടത്തിയിട്ടും മുഖ്യധാര മാദ്ധ്യമങ്ങൾ വിഷയം റിപ്പോർട്ട് ചെയ്യാൻ മടിക്കുകയാണെന്ന് എ.എ.പി. തൃശൂർ നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു. വിഷയത്തിൽ ഉടൻ ഇടപെടണമെന്ന് കാണിച്ച് തൊഴിൽ വകുപ്പിനെയും സമരക്കാർ സമീപിച്ചിട്ടുണ്ട്.