ന്യൂഡൽഹി; രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ആദരമേറ്റു വാങ്ങിയ 112 പേരിൽ വനിതകളിൽ 13 പേർ മലയാളികൾ. വിവിധ മേഖലകളിലെ വനിതാസാന്നിധ്യങ്ങളെയാണ് രാഷ്ട്രപതി ആദരിച്ചത്. പി.ടി.ഉഷയ്ക്ക് ചടങ്ങിന് എത്താനായില്ല. കേന്ദ്ര വനിതാശിശു വികസന മന്ത്രാലയമാണു പ്രഥമ വനിതകളെ തിരഞ്ഞെടുത്തത്.

കേരളത്തിനു പുറത്തു തൊഴിൽമേഖല തിരഞ്ഞെടുത്ത മൂന്നു മലയാളികൾ അവാർഡ് സ്വീകരിച്ചവരിൽപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ബാഗ് പൈപ്പ് വായനക്കാരിയായ ജെ.ആർച്ചി ഡൽഹിയിൽ താമസിക്കുന്ന മലയാളിയാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവസായ സഹായി ഇൻകുബേറ്റർ അൺ ലിമിറ്റഡ് ഇന്ത്യയുടെ സ്ഥാപകയായ പൂജ വാരിയർ, ചണ്ഡീഗഡിൽ ജനിച്ചു മുംബൈയിൽ കഴിയുന്നു. ഏഷ്യയിലെ ആദ്യത്തെ വനിതാ കോഫി ടേസ്റ്ററാണു ബെംഗളൂരുവിലെ സുനാലിനി മേനോൻ.

അവാർഡ് നേടിയ മറ്റു മലയാളികൾ: ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി, കെ.എസ്.ചിത്ര ബ്രിട്ടിഷ് പാർലമെന്റിൽ ആദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക, പി.ടി.ഉഷ ഒളിംപിക്‌സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത, ടെസ്സി തോമസ് ഇന്ത്യയുടെ മിസ്സൈൽ പദ്ധതിക്കു നേതൃത്വംനൽകിയ ആദ്യ ശാസ്ത്രജ്ഞ, മേരി പുന്നൻ ലൂക്കോസ് (മരണാനന്തരം) ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജൻ, ധന്യ മേനോൻ സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ആദ്യ വനിതാ ഡിറ്റക്ടീവ്, അനില ജേക്കബ് ദേശീയ അവാർഡ് ലഭിച്ച ആദ്യ വനിതാ ശിൽപി, കലാമണ്ഡലം ഹേമലത തുടർച്ചയായി മോഹിനിയാട്ടം അവതരിപ്പിച്ചു ഗിന്നസ് റെക്കോർഡിട്ട ആദ്യ നർത്തകി, രാധിക മേനോൻ ഇന്ത്യയുടെ ആദ്യ വനിതാ മർച്ചന്റ് നേവി ക്യാപ്റ്റൻ, ക്യാപ്റ്റൻ ശോഭ കെ.മാണി വിമാനക്കമ്പനി (നോർത്ത് ഈസ്റ്റ് ഷട്ടിൽസ്) തുടങ്ങിയ ഇന്ത്യയിലെ ആദ്യ വനിത എന്നിവരാണ് ആദരിക്കപ്പെട്ടത്.

ജയ്പുർ റെയിൽവേ സ്റ്റേഷനിലെ വനിതാ പോർട്ടർ മഞ്ജു, തമിഴ്‌നാട്ടിൽ ശ്മശാനം നടത്തുന്ന പ്രവീണ സോളമൻ, ആദ്യത്തെ സാനിട്ടറി നാപ്കിൻ ബാങ്ക് സ്ഥാപിച്ച ഡോ.ഭാരതി ലാവേക്കർ, രാജസ്ഥാനിലെ ഗ്രാമ സർപാഞ്ച് ഛാവി രജാവത്, േവ്യാമസേനയിലെ മൂന്നു ഫൈറ്റർ പൈലറ്റുമാർ ആവണി ചതുർവേദി, ഭാവന കാന്ത്, മോഹന സിങ്, ആദ്യ ലഫ്.ജനറൽ പുനീത അറോറ, ആദ്യ വനിതാ ഫയർ ഫൈറ്റർ ഹർഷിണി, വനിതാ ബാർ ടെൻഡർ ശാത്ബി ബസു എന്നിവരും െഎശ്വര്യ റായ്, പി.വി സിന്ധു, സാനിയ മിർസ, കർണം മല്ലേശ്വരി തുടങ്ങിയവരും ആദരമേറ്റു വാങ്ങി.