കാസർകോട്: അമ്മയുടെയും മകളുടെയും കൺമുന്നിൽ യുവതിയും പിഞ്ചുകുഞ്ഞും ബസ്സിൽനിന്ന് വീണ് മരിച്ചു. കാസർകോട് ജില്ലയിലെ സറെകുണ്ടംകുഴിയിലാണ് ദാരുണമായ സംഭവമുണ്ടായത്. കാഞ്ഞങ്ങാട് മാവുങ്കാൽ ചെമ്മട്ടംവയലിലെ സുന്ദരന്റെ ഭാര്യ രജനി (28), മകൻ ഋഗ്വേദ് (ഒന്നര) എന്നിവരാണ് മരിച്ചത്.

നടുക്കുന്ന ഈ സംഭവത്തിന് സാക്ഷിയാകേണ്ടി വന്ന രജനിയുടെ അമ്മ രോഹിണിയെ ചെങ്കള ഇ.കെ.നായനാർ ആശുപത്രയിൽ പ്രവേശിപ്പിച്ചു. രജനിയുടെ മൂത്തമകൾ ആദികയുടെ കൺമുന്നിലായിരുന്നു അപകടം. ഞായറാഴ്ച ഉച്ചയോടെ പെർളടുക്കം കൊളത്തൂർ സർവീസ് സഹകരണ ബാങ്ക് സ്റ്റോപ്പിലാണ് സംഭവം. ബന്തടുക്ക-കാസർകോട് റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

കുഞ്ഞിനൊപ്പം പിൻവാതിലിലൂടെ ബസ്സിൽ കയറിയ രജനി അമ്മയും മകളും ബസ്സിൽ കയറിയില്ലെന്നുകണ്ട് തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം. ചൂരിദാറിന്റെ ഷാൾ കുടുങ്ങി ബസ്സിൽനിന്ന് തെറിച്ചുവീണു പരിക്കേറ്റാണ് ഇരുവരും മരിച്ചത്. കാനത്തൂർ മൂടാംവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകളാണ് രജനി. സഹോദരൻ: രഞ്ജിത്ത്.

ബസ് ഡ്രൈവർ മട്ടന്നൂർ അയിലൂർ ചിത്താരിവീട്ടിൽ എൻ.സുധീറി(36)നെതിരെ ബേഡകം പൊലീസ് കേസെടുത്തു.