- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിന് വേണ്ടി പ്രതികാരം ചെയ്യാനുറപ്പിച്ചു; ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി റിസോർട്ട് ഉടമയെ ആക്രമിച്ചു; ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ കണക്കുതീർത്ത പൊന്നു ഹരിലാലെന്ന ഭാര്യയുടെ കഥ..
തിരുവനന്തപുരം: സ്ത്രീകൾ എന്തിനും പോന്നവരായി വളർന്നെന്നതിന്റെ തെളിവായുള്ള കഥകൾ നിരവധി പുറത്തുകേട്ടിട്ടുണ്ട്. കാരണവർ വധക്കേസിലെ ഷെറിൻ മുതൽ മാദ്ധ്യമങ്ങൾ ഇത്തരം വനിതാ കുറ്റവാളികളെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഭർത്താവിന് വേണ്ടി പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ഭാര്യയുടെ കഥയാണ് ഇന്ന് മാദ്ധ്യമങ്
തിരുവനന്തപുരം: സ്ത്രീകൾ എന്തിനും പോന്നവരായി വളർന്നെന്നതിന്റെ തെളിവായുള്ള കഥകൾ നിരവധി പുറത്തുകേട്ടിട്ടുണ്ട്. കാരണവർ വധക്കേസിലെ ഷെറിൻ മുതൽ മാദ്ധ്യമങ്ങൾ ഇത്തരം വനിതാ കുറ്റവാളികളെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഭർത്താവിന് വേണ്ടി പ്രതികാരം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ഭാര്യയുടെ കഥയാണ് ഇന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുമിളിയിലെ റിസോർട്ട് ഉടമകളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീകാര്യം ശബരീനഗറിൽ ശരത്തിന്റെ ഭാര്യ പൊന്നു ഹരിലാൽ ആണ് അറസ്റ്റിലായത്. കുമളിയിൽ സ്വകാര്യ റിസോർട്ട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്.
പൊന്നു അടക്കം എട്ട് പേരെ പൊലീസ് ക്വട്ടേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. കുറുവിലങ്ങാട് കോടനാട് ആലടിച്ചിറ കണിയാരംകുടിയിൽ വീട്ടിൽ അജയ്, കട്ടപ്പന സ്വദേശികളായ വള്ളക്കടവ് പറുവക്കുന്നേൽ വീട്ടിൽ ലിജോ ജോസഫ്, പേഴുംകവല കുഞ്ഞുവീട്ടിൽ രഞ്ജിത്, പുത്തൻപുരയ്ക്കൽ സുഭാഷ്, കുന്നുപുരയിടത്തിൽ മിഥുൻ കെ വിജയൻ, കൊച്ചറ നെറ്റിത്തൊഴുപട്ടംപറമ്പിൽ എൽദോ എന്നിവരാണ് അറസ്റ്റിലായത്. ഒരാൾ ഒളിവിലാണ്.
സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് ശരത്, അജയ് എന്നീ ജീവനക്കാരെ ഈ റിസോർട്ടിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ക്വട്ടേഷൻ ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വേദാന്ത വേക്ക്അപ്പ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റിസോർട്ട് ഗ്രൂപ്പിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് പൂണെ സ്വദേശി വരുൺ ജോർജ്ജ് തോമസിനെ കുമളിയിലുള്ള റിസോർട്ടിന്റെ മുറിയിൽ വച്ച് കൈകാലുകളും കണ്ണും വായും ബന്ധിച്ചതിനു ശേഷം ആക്രമിക്കുകയായിരുന്നു.
കൂടാതെ വരുണിന്റെ മൊബൈൽ ഫോണുകളും, 5000 രൂപയും ക്രഡിറ്റ് കാർഡുകളും, തിരിച്ചറിയൽ രേഖകളും ഇവർ അപഹരിച്ചിരുന്നു. വരുണിന്റെ ചെക്ക്‌ലീഫ് ഉപയോഗിച്ച് തിരുവനന്തപുരത്തെ ഒരു ബാങ്കിൽ നിന്നും ഇവർ എഴുപതിനായിരം രൂപ പിൻവലിച്ചിരുന്നു. ഇതിൽ പതിനയ്യായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആറംഗ സംഘം ഈ റിസോർട്ടിൽ രാത്രിയിൽ മുറിയെടുത്തിരുന്നതായി ജീവനക്കാർ മൊഴിനൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഭർത്താവിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടതിന്റെ വൈരാഗ്യം തീർക്കുന്നതിനായി ഇരുപതിനായിരം രൂപ നൽകി പൊന്നുവാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത്. ഇവർ ക്വട്ടേഷന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.
പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടോയെന്ന് കണ്ടെത്താനും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനും ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും പീരുമേട് സിഐ മനോജ്കുമാർ പറഞ്ഞു.