കൊല്ലം: ഒൻപതും അഞ്ചും വയസ്സുള്ള സ്വന്തം കുട്ടികളെയും രണ്ടാം ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ശാസ്താംകോണം സ്വദേശിനി ചിന്നു (30) ആണ് പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചിന്നുവിനെ റിമാൻഡ് ചെയ്തു. യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളാണ് രണ്ടും.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇവർ പുനലൂർ സ്വദേശിയായ മറ്റൊരാളെ വിവാഹം ചെയ്തത്. ജോലി സംബന്ധമായി കേരളത്തിന് പുറത്താണ് ഭർത്താവ്. ഇതിനിടെയാണ് സോഷ്യൽ മീഡിയ വഴി ഒരു വർഷം മുൻപ് പാലക്കാട് സ്വദേശിയായ യുവാവുമായി പരിചയപ്പെട്ട ശേഷം പ്രണയത്തിലായത്. ഇയാളും ജോലി സംബന്ധമായി കേരളത്തിന് പുറത്താണ്. ഇതിനിടെയാണ യുവതി കാമുകനൊപ്പം പോകാൻ തയ്യാറെടുത്തതും പുറപ്പെട്ടതും.

കാമുകന്റെ അമ്മയും സഹോദരനുമാണ് ചിന്നുവിനെ കൂട്ടിക്കൊണ്ട് പോകാനായി എത്തിയതെന്ന് പുനലൂർ പൊലീസ് അറിയിച്ചു. ഇവരോടൊപ്പം ചിന്നു പോയ വിവരം കുട്ടികളുടെ മുത്തച്ഛനാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂർ മണ്ണൂത്തിയിൽ വെച്ച് പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കുട്ടികൾക്കൊപ്പം പോകാൻ നിർദേശിച്ചെങ്കിലും ചിന്നും അതിന് കൂട്ടാക്കിയില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും തനിക്ക് ഭർത്താവിന്റെ വീട്ടിലേക്ക് പോകണ്ടെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും യുവതി ആവർത്തിച്ചു.

ഇതോടെയാണ് സംരക്ഷണത്തിലുള്ള കുട്ടികളെ ഉപേക്ഷിച്ചതിന് ജെജെ ആക്ട് പ്രകാരം പ്രതിയെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലാണ് ചിന്നു ഇപ്പോൾ.