പത്തനംതിട്ട: ശബരിമലയിൽ തെലുങ്ക് സൂപ്പർതാരവും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദർശനം നടത്തിയെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ. കുപ്രചാരണത്തിന് പിന്നിൽ കുബുദ്ധികളാണ്. ചിരഞ്ജീവിക്കൊപ്പം ദർശനത്തിനെത്തിയത് യുവതിയല്ല. ദർശനം നടത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

കുംഭമാസപൂജയ്ക്ക് ദർശനത്തിനെത്തിയ തെലുങ്കുനടൻ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദർശനം നടത്തിയെന്ന് ചിത്രങ്ങൾ സഹിതം ചിലർ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. ഈ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി ചുക്കാപ്പള്ളി. ഇവർ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം ദർശനം നടത്തിയിരുന്നു.



ഫീനിക്‌സ് ഗ്രൂപ്പ് ഡയറക്ടർ കൂടിയായ മധുമതി ചിരഞ്ജീവി, ഭാര്യ സുരേഖ, സുരേഷ് ചുക്കാപ്പള്ളി എന്നിവർക്കൊപ്പമാണ് 13ന് രാവിലെയാണ് ശബരിമല ദർശനം നടത്തിയത്. മധുമതിയുടെ ഫോട്ടോയാണ് തെറ്റായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇവർക്ക് 55 വയസ്സ് ഉണ്ട്. 1966 ജൂലൈ 26 ആണ് ഇവരുടെ ജനന തീയതി. വിഷയത്തിൽ മധുമതിയുടെ മകൻ അവിനാശ് ചുക്കാപ്പള്ളിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

2017 ൽ ശബരിമലയിലെ സ്വർണ കൊടിമരം വഴിപാടായി നൽകിയ കുടുംബം മുൻപ് പലതവണ ദർശനം നടത്തിയിട്ടുണ്ട്. സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസ് സ്വന്തം ചെലവിൽ നവീകരിച്ചു കൊടുക്കാമെന്നും സംഘം ദേവസ്വം ബോർഡിന് ഉറപ്പ് നൽകിയിട്ടുണ്ട്.

ആധാർ കാർഡ് പ്രകാരം 1966 ആണ് അവരുടെ ജനന വർഷം. അതിനാൽ തന്നെ ഇതിൽ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ലെന്ന് എ. അനന്തഗോപൻ പറഞ്ഞു. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീർത്ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

അയ്യപ്പഭക്തർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാനുമാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. എന്തെങ്കിലും വിവാദമുണ്ടാക്കി മോശമായി ചിത്രീകരിക്കാൻ ആരെങ്കിലും ആഗ്രഹിച്ചാൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി. അനന്തഗോപൻ പറഞ്ഞു.

ശബരിമലയിൽ വീണ്ടും യുവതി കയറിയോ? ക്ഷേത്രത്തിൽ നടന്നത് ആചാര ലംഘനമാണ് എന്ന രീതിയിലാണ് ഇന്നലെ മുതൽ സൈബർ ഇടത്തിൽ നടക്കുന്ന പ്രചരണം. ഒരു വിഭാഗം സൈബർ സഖാക്കളും ബിന്ദു അമ്മിണിയെ പോലുള്ളവും ശബരിമലയിൽ വീണ്ടും യുവതി കയറിയെന്ന വിധത്തിൽ ഒരു ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.

ആചാര ലംഘനം നടത്തിയതു കണ്ടില്ലേ.. സംഘം കാവൽ ഇല്ലായിരുന്നോ എന്നു ചോദിച്ചു കൊണ്ടുമാണ് ആചാര വിരുദ്ധർ രംഗത്തുവന്നത്. ചിരഞ്ജീവിക്കൊപ്പം ഒരു യുവതി കൂടി മല കയറി സന്നിധാനത്ത് ദർശനം നടത്തി എന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരുടെയും വ്യാജ പ്രചാരണം. ഇതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ചർച്ചകൾ പുരോഗമിച്ചത്. ഇരുമുടിക്കെട്ടില്ലാതെയാണ് ചിരഞ്ജീവി സന്നിധാനത്ത് ദർശനം നടത്തിയത് എന്നും ഇവർ ആരോപിക്കുന്നു. സിപിഎമ്മിന്റെ സൈബർ അനുകൂലികളും വലിയ പ്രചണമാണ് സോഷ്യൽ മീഡിയയിൽ നടത്തിയത്.

ഇതേക്കുറിച്ച് ബിന്ദു അമ്മിണിയും ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. 'ചിരഞ്ജീവിയുടെ കൂടെ ആരെന്നറിയില്ല. ആരായാലും ശബരിമലയിൽ കയറിയ യുവതിക്കൊപ്പം. അവരുടെ വിശ്വാസമോ വിശ്വാസരാഹിത്യമോ ഒന്നും എന്റെ വിഷയമേ അല്ല. ഇത് വിശ്വാസത്തിന്റെ പ്രശ്നം ആയിട്ടല്ല ഞാൻ കാണുന്നത്. ഭരണഘടനാഅവകാശത്തിന്റെ പ്രശ്നം ആയിട്ടാണ്.- ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചു.

സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വഴിപാടായി ശബരിമലയിലെ കൊടിമരം സ്വർണം പൂശി സമർപ്പിച്ചത്. 3.20 കോടി രൂപയുടെ ചെലവാണ് കൊടിമരത്തിന് പ്രതീക്ഷിക്കുന്നത്. ഈ തുക വഴിപാടായി ഹൈദ്രാബാദിലെ ഫീനിക്‌സ് ഇൻഫ്രാസ്ട്രക്ച്ചർ ഇന്ത്യ എന്ന സ്ഥാപമാണ് നൽകിയത്. അയ്യപ്പ ഭക്ത കൂടിയായ മധുമതി ക്ഷേത്രത്തിൽ ഇടയ്ക്ക് സന്ദർശനം നടത്താറുമുണ്ട്. മധുമതിയുടെ ഭർത്താവു സുരേഷ് ചുക്കാപ്പള്ളിയും തികഞ്ഞ അയ്യപ്പഭക്തനാണ്.