ന്യൂഡൽഹി: ലോജിസ്ഥലത്തു സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് സഹപ്രവർത്തകരിൽനിന്നുള്ള ലൈംഗികാതിക്രമങ്ങൾ. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ഉണ്ടാകാറുള്ള ഇത്തരം ഞെരമ്പു രോഗങ്ങൾ പല കാരണങ്ങൾക്കൊണ്ടും കണ്ണടച്ചു സഹിക്കുകയാണ് സ്ത്രീകൾ പൊതുവേ ചെയ്തുവരാറുള്ളത്. ജോലി സ്ഥലത്തു പ്രശ്‌നങ്ങളുണ്ടാകാതെ സ്ത്രീകൾക്കു പരാതി നല്കാനുള്ള അവസരം കേന്ദ്ര സർക്കാർ ഒരുക്കാൻ പോകുന്നു.

ജോലി സ്ഥലത്ത് സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗികാത്രിക്രമങ്ങൾക്കെതിരെ ഓൺലൈനായി പരാതി രേഖപ്പെടുത്താനുള്ള സൗകര്യമാണ് വരാൻപോകുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരായ സ്ത്രീകൾക്കാണ് സേവനം ലഭ്യമാകുക. പരാതികൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള ഇ-പ്ലാറ്റ്‌ഫോം വനിതാശിശുക്ഷേമ വകുപ്പ് ഈ മാസം ആരംഭിക്കും.

ജോലിസ്ഥലത്ത് സത്രീകൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതികൾ കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ ആലോചിച്ചു വരികയാണെന്ന് വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി പറഞ്ഞു. പരാതികൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യം സ്ത്രീകൾക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തൊഴിലിടത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരമുണ്ടാക്കാൻ സർക്കാർ ശ്രമിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായ ശുചിമുറികൾ ഉള്ള സ്ഥലങ്ങളിൽ നിന്ന് കൂടുതൽ പരാതികൾ വരാറുണ്ട്. ജോലി സ്ഥലത്ത് ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റം വരുത്താൻ സർക്കാർ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

30.87 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ. 2011ലെ സെൻസസ് പ്രകാരം ഇതിൽ 10.93 ശതമാനം വനിതാ ജീവനക്കാരാണ്.