തിരുവനന്തപുരം: പരാതിക്കാരിയോട് തട്ടിക്കയറിയ വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി.ജോസഫൈനോട് മലയാളി ഇനിയും പൊറുത്തിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മാത്രം ആകരുത് വനിതാ കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ള നിയമനം എന്നാണ് ആവശ്യം. ഈ സാഹചര്യത്തിൽ ഡൽഹി മോഡലും കേരളത്തിൽ പരീക്ഷിക്കാനാണ് ആലോചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് തന്നെയാകും ഇനി നിർണ്ണായകം.

2018 ൽ, ക്വത്വ, ഉന്നാവോ സംഭവങ്ങളെത്തുടർന്നു വർധിച്ചു വരുന്ന ശൈശവ ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ആറുമാസത്തിനുള്ളിൽ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തുദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി സ്വാതി മൽവാൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയാണ് ഇന്ന് ഈ 37 കാരി. ബി ടെക് (ഐ ടി) ബിരുദം നേടിയ വ്യക്തി. ആം ആദ്മി പാർട്ടി അംഗം. ഇത്തരത്തിലെ മാതൃക കേരളത്തിലും വേണമെന്നതാണ് ഉയരുന്ന ആവശ്യം.

എംസി ജോസഫൈൻ രാജി വച്ച ഒഴിവിൽ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ച സിപിഎമ്മിൽ തുടരുകയാണ്. പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ടി.എൻ സീമ, സി.എസ്. സുജാത, സുജാ സൂസൻ ജോർജ്, പി. സതീദേവി, തുടങ്ങിയവരുടെ പേരുകളാണ് അന്തരീക്ഷത്തിൽ സജീവമായി ഉയർന്നു കേൾക്കുന്നത്. ഇതിനൊപ്പമാണ് ഡൽഹി മോഡലും ആലോചനയിലുള്ളത്.

പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ജോസഫൈന് പകരം അതേ നിലയിലുള്ള മറ്റൊരാളെ കൊണ്ടുവരാൻ സിപിഎം തീരുമാനിച്ചാൽ മുന്മന്ത്രി ശ്രീമതി ടീച്ചർക്കാവും നറുക്ക് വീഴുക. എന്നാൽ ഷൈലജ ടീച്ചറെ എംഎൽഎ സ്ഥാനം രാജി വയ്‌പ്പിച്ച് വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയാൽ ഈ സർക്കാരിനത് മുതൽകൂട്ടാകും എന്ന് കരുതുന്നവരുമുണ്ട്. ഒഴിവ് വരുന്ന മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് എം സ്വരാജിനെ സഭയിലെത്തിക്കാം എന്നതാണ് ഇതിലൂടെ ഇക്കൂട്ടർ കാണുന്ന മറ്റൊരു ഗുണം.

എന്നാൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ഷൈലജ ടീച്ചർ രാജി വയ്ക്കുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നൽകുക എന്നതാണ് ഒരു വിഭാഗം വാദിക്കുന്നത്. അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ഇവർ പറയുന്നു. ആ അഭിപ്രായം തന്നെയാണ് പാർട്ടി നേതൃത്വത്തിനും. അതിനാൽ ഷൈലജ ടീച്ചറുടെ സാധ്യതകളെ അത ബാധിക്കാൻ ഇടയുണ്ട്. എന്നാൽ ശ്രീമതി ടീച്ചറോ ഷൈലജ ടീച്ചറോ വനിതാ കമ്മീഷൻ അധ്യക്ഷയായാൽ മന്ത്രിയായ ശേഷം വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നയാൾ എന്ന ബഹുമതിക്കുടമയാകും അവർ. കഴിഞ്ഞ സർക്കാരിൽ ഹരിത മിഷൻ ഡയറക്ടറായിരുന്ന ടിഎൻ സീമയുടെ പേരും ഈ സ്ഥാനത്തേയ്ക്ക് സജീവമായി പറഞ്ഞുകേൾക്കുന്നുണ്ട്.

വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ നിഷ്പക്ഷതയും കമ്മിഷന്റെ വിശ്വാസ്യതയും നിലനിർത്താൻ പാർട്ടിക്ക് പുറത്തുനിന്നുള്ള പൊതുസമ്മതരെ കണ്ടെത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ പോലും പൊതുസമ്മതരെ തേടുന്ന സിപിഎം ഇതുപോലുള്ള പോസ്റ്റുകളിൽ പാർട്ടി ഭാരവാഹികളെ കുത്തിനിറയ്ക്കുന്നു എന്ന പരാതിയുമുണ്ട്.

ആ പരാതി ഒഴിവാക്കാൻ പാർട്ടി നേതൃത്വത്തിന് പുറത്ത് നിന്നും പുതിയ മുഖങ്ങളെ തിരഞ്ഞാൽ എഴുത്തുകാരി കെആർ മീര, സാമൂഹ്യ ശാസ്ത്രജ്ഞയും ഫെമിനിസ്റ്റുമായ ജെ. ദേവിക, ചലച്ചിത്രതാരം മാലാ പാർവതി, മന്ത്രി വി. ശിവൻകുട്ടിയുടെ ഭാര്യയും നിലവിൽ പി.എസ്.സി അംഗവുമായ പാർവതി ദേവി തുടങ്ങിയവരെ പരിഗണിച്ചേക്കാം. എന്നാൽ സ്വതന്ത്രമായ അഭിപ്രായങ്ങളുള്ള ജെ. ദേവികയോട് പാർട്ടിയിൽ ഒരു വിഭാഗത്തിന് താൽപര്യമില്ല. ചില വനിതാ മാധ്യപ്രവർത്തകരോടും സർക്കാർ വൃത്തങ്ങൾ താൽപര്യമുണ്ടോ എന്ന് അന്വേഷിച്ചതായി റിപ്പോർട്ടുകളുണ്ട്.

സ്ഥാനമൊഴിയാൻ എട്ടു മാസം മാത്രം ബാക്കിനിൽക്കെയാണ് ജോസഫൈൻ രാജിവച്ചത്. എന്നാൽ മറ്റ് കമ്മീഷൻ അംഗങ്ങൾക്ക് ബാക്കി കാലം തുടരാം. അതിനാൽ നിലവിലെ കമ്മീഷന്റെ കാലാവധി തീരുന്നതുവരെ കമ്മീഷൻ അംഗമായ ഷാഹിദ കമാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട്. അതിന് ശേഷം പാർട്ടി ബന്ധങ്ങളുള്ള, എന്നാൽ സജീവ രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖനേതാക്കളെ കൊണ്ടുവരുന്നതാകും ഉചിതമെന്ന ചിന്തയും പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. അത്തരമൊരു ആലോചന സർക്കാരിനുണ്ടായിരുന്നെങ്കിലും നിലവിലെ വിദ്യാഭ്യാസ യോഗ്യതാ വിവാദം സർക്കാരിനെ ഒരു പുനർവിചിന്തനത്തിന് ഇടയാക്കിയിട്ടുണ്ട്.

1996-ൽ വനിതാകമ്മീഷൻ രൂപീകൃതമായപ്പോൾ അധ്യക്ഷ ആയത് കവയിത്രി സുഗതകുമാരി ആയിരുന്നു. ഈ മാതൃകയിൽ പൊതുസമൂഹത്തിന് സ്വീകാര്യയായ ആരെയെങ്കിലും കണ്ടെത്തണമെന്ന നിർദ്ദേശം പാർട്ടിക്ക് മുന്നിലുണ്ട്. ഇതിനൊപ്പം വനിതാ കമ്മിഷന് കൂടുതൽ അധികാരം നൽകാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടേക്കും. നിലവിലെ സാഹചര്യത്തിൽ ലഭിക്കുന്ന പരാതികളിൽ പൊലീസിൽ നിന്നും റിപ്പോർട്ടു തേടാനും സർക്കാരിലേക്ക് പഠന റിപ്പോർട്ടുകൾ അയയ്ക്കാനും മാത്രമേ കമ്മിഷന് സാധിക്കു. അതിനപ്പുറത്തേക്ക് നടപടികൾ സ്വീകരിക്കാൻ അധികാരമില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേക്കും. വനിതാ കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് മുന്മന്ത്രി ഷിബു ബേബി ജോണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

പഴയ കാരണവന്മാരുടെയും കാരണവത്തികളുടെയും മട്ടിൽ എല്ലാം പെണ്ണുങ്ങളുടെ കുഴപ്പം എന്ന പഴഞ്ചൻ ചിന്ത ഇനി കടക്കുപുറത്ത് എന്ന് പലരും പറഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോൾ നമുക്ക് ഒരു മാതൃക കാട്ടാൻ ആരെങ്കിലും ഉണ്ടോ? ആ അന്വേഷണത്തിലാണ് നമ്മൾ സ്വാതി മൽവാളിലേക്ക് എത്തുന്നത്. പൊതുമണ്ഡലത്തിൽ പുതിയ ആളല്ല സ്വാതി. ഈ സ്വാതിയാണ് ഡൽഹിയിലെ കമ്മീഷനെ നിയന്ത്രിക്കുന്നത്.

ഒപ്പം നിൽക്കും എന്തുവന്നാലും ഈ ചുണക്കുട്ടി

2017 ഡിസംബറിലാണ് സംഭവം. നരേലയിലെ അനധികൃത മദ്യകച്ചവടത്തെ കുറിച്ച് ഒരുകൂട്ടം സ്ത്രീകൾ ഡൽഹി വനിതാ കമ്മീഷനിൽ പരാതി നൽകി. വനിതാ കമ്മീഷൻ നടത്തിയ ഒരു റെയ്ഡിൽ 300 ബോട്ടിൽ അനധികൃത മദ്യമാണ് പിടിച്ചെടുത്തത്. നരേലയിൽ സ്ത്രീകൾ തന്നെയാണ് മദ്യക്കച്ചവടവും പൊലീസ് ഒത്താശയോടെ പൊടിപൊടിക്കുന്നത്. കമ്മീഷനിൽ പരാതി പറഞ്ഞ സ്ത്രീകളുടെ കൂട്ടത്തിൽ നിന്നൊരാളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ എതിരാളികളായ മദ്യക്കച്ചവടക്കാർ നന്നായി കൈകാര്യം ചെയ്തു.

അവരെ ക്രൂരമായി മർദ്ദിച്ചു, വസ്ത്രങ്ങൾ അഴിച്ച് നഗ്‌നയാക്കി നടത്തി. അങ്ങനെ അനധികൃത മദ്യ കച്ചവടം റിപ്പോർട്ട് ചെയ്തതിന് വലിയ ശിക്ഷ. സ്വാതി മൽവാൾ ഡൽഹി പൊലീസിനെതിരെ ആഞ്ഞടിച്ചു. കമ്മീഷൻ തലേന്ന് അനധികൃത മദ്യറാക്കറ്റിനെ പിടികൂടിയ അതേ സ്ഥലത്ത് വച്ച് തന്നെ 25 ഓളം പേർ ചേർന്ന് ഒരുസാധുസ്ത്രീയുടെ വസ്ത്രങ്ങൾ കീറുക. നഗ്‌നയാക്കി നടത്തി വീഡിയ ചിത്രീകരിച്ച് ഷെയർ ചെയ്യുക. സമ്പൂർണമായ നിയമരാഹിത്യം എന്നാണ് മൽവാൾ ഇതിനെ വിശേഷിപ്പിച്ചത്. പൊലീസ് നടപടിയെടുക്കാതെ കാഴ്ചക്കാരായി നോക്കി നിൽക്കുകയും ചെയ്തു.

മദ്യമാഫിയയ്ക്കെതിരെ ശബ്ദം ഉയർത്തരുത് എന്നായിരുന്നു ആക്രമിക്കപ്പെട്ട സ്ത്രീക്കുള്ള ഭീഷണി. ഡിസിപിയെ പാനലിന് മുമ്പിൽ നോട്ടീസ് അയച്ചുവരുത്തി നടപടി എടുപ്പിച്ചതിന് ശേഷമാണ് മൽവാൾ ഉറങ്ങിയത്.