- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; പിന്നിൽ സ്ത്രീധന പീഡനമെന്ന് പരാതി; പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് സഹോദരി; അന്വേഷണം ആവശ്യപെട്ട് കുടുംബം പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകി
മലപ്പുറം: സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങൾ തടയാൻ നിരന്തരം ശ്രമങ്ങൾ നടക്കുമ്പോഴും യുവതികളുടെ കണ്ണീരിന് ശമനമില്ല. സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യകൾ കേരളത്തിൽ വർധിച്ചു വരികയാണ്. മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ സ്ത്രീധന പീഡനമെന്ന് പരാതി ഉയർന്നു കഴിഞ്ഞു. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് സഹോദരി ബിജിന ആരോപിച്ചു.
ചൊവ്വാഴ്‌ച്ചയാണ് ചാലിയം സ്വദേശി ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. സഹോദി ലിജിനക്ക് ഭർത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്നുണ്ടായതുകൊടിയ പീഡനമായിരുന്നുവെന്ന് ബിജിന പറഞ്ഞു. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവ് ശാലുവും വീട്ടുക്കാരും യുവതിയെ നിരന്തരം മർദിച്ചതായി യുവതിയുടെ സഹോദരി ആരോപിച്ചു.
വിവാഹ സമയത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഭർത്താവ് ഷാലു പിന്നീട് ക്വാറി ബിസിനസിലേക്ക് മാറി. സാമ്പത്തികമായി മെച്ചപെട്ടതോടെയാണ് ഷാലു കൂടുതൽ സ്വർണാഭരണങ്ങളും പണവും ആവശ്യപെട്ട് സഹോദരിയെ ഉപദ്രവിക്കാൻ തുടങ്ങിയതെന്നും ബിജിന പറഞ്ഞു. പീഡനം സഹിക്കാൻ കഴിയാതെയാണ് ലിജിന ട്രെയിനിന് മുന്നിൽ ചാടി മരിച്ചതെന്നും ബിജിന പറഞ്ഞു.
സ്ത്രീധന പീഡനത്തിന് പുറമേ ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതും മർദനത്തിന് കാരണമായിട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. ശാലുവിന്റേയും ലിജിനിയുടേയും വിവാഹ സമയത്ത് 50 പവന്റെ സ്വർണം സ്ത്രീധനമായി നൽകിയിരുന്നു. വീട്ടുപകരണങ്ങളും നൽകിയിരുന്നു. എന്നാൽ സ്വർണം വീണ്ടും ആവശ്യപ്പെട്ട് ശാലുവിന്റെ വീട്ടുക്കാർ ലിജിനിയെ മർദിക്കുകയായിരുന്നു. വീട്ടിൽ നിന്ന് സ്ത്രീധനം കൂടുതൽ കിട്ടുന്നതുവരെ മറ്റ് വീട്ടുപകരണങ്ങൾ ഉപയോഗിക്കാൻ ലിജിനിയെ അനുവദിച്ചിരുന്നില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.
ഇരുവരുടേയും വിവാഹ സമയത്ത് ശാലു ഓട്ടോ ഡ്രൈവർ ആയിരുന്നെന്നും പിന്നീട് വലിയ സാമ്പത്തിക സ്ഥിതിയിലേക്ക് വളർന്നതോടെ ലിജിനിക്ക് സൗന്ദര്യം പോരെന്നും സ്ത്രീധനം വീണ്ടും ആവശ്യപ്പെടുകയായിരുന്നെന്നും സഹോദരി പറഞ്ഞു. ശാലുവിന്റെ അമ്മ വാങ്ങിയ താലിമാലയാണെന്ന് പറഞ്ഞ് ലിജിനിയുടെ കഴുത്തിലെ താലിമാല പൊട്ടിച്ചെടുത്തു. ഇതേത്തുടർന്ന് ശാലുവിന്റെ സഹോദരി ഷൈമ ലിജിനിയെ മർദിക്കുകയും ചെയ്തെന്ന് യുവതിയുടെ സഹോദരി പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭർത്താവും ഭർതൃവീട്ടുകാരുമായിരിക്കും കാരണക്കാരെന്ന് ലിജിനി ഡയറിയിൽ എഴുതി വെച്ചിരുന്നതായും എന്നാൽ ഈ ഡയറി ഭർതൃവീട്ടുകാർ കത്തിച്ച് കളഞ്ഞതായും സഹോദരി കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപെട്ട് കുടുംബം എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും വനിത കമ്മീഷനും പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ