കോഴിക്കോട്: സരിതയെ പീഡിപ്പിച്ചതായി ആരോപണമുയർന്ന കോൺഗ്രസ് നേതാക്കളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതൊട്ടുള്ള രണ്ടു ഡസനോളം കോൺഗ്രസ് നേതാക്കളുടെ പേരുണ്ടാവും. ഇവരിൽ നല്‌ളൊരു ശതമാനം ആളുകളും മൽസര രംഗത്തുമുണ്ട്. എന്നാൽ ഇവർക്കൊന്നുമില്ലാത്ത ഒരു നാണക്കേടിന്റെ കഥയാണ് കോഴിക്കോട് കൊയിലാണ്ടിയിലെ മഹിളാ കോൺഗ്രസുകാർ പറയുന്നത്. ഇവിടെ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ. സുബ്രമണ്യൻ സരിതാ പീഡനത്തിൽ ആരോപിതനായതുകൊണ്ട് തങ്ങൾക്ക് വീടുകയറി വോട്ടുചോദിക്കാനാവില്‌ളെന്നും അതിനാൽ സ്ഥാനാർത്ഥിയെ മാറ്റണമെന്നുമാണ് ഇവർ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ ഒരു വിഭാഗം മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡി.സി.സി ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സോളാർ കേസിൽ ആരോപണ വിധേയനായ സുബ്രഹ്മണ്യനെ സ്ഥാനാർത്ഥിയാക്കരുതെന്നും പകരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ. പി. അനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ശ്രീജാ റാണിയുടെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന പ്രവർത്തകർ ഡി.സി.സി ഓഫിസിന് മുന്നിൽ മണിക്കൂറുകളോളം കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്ത മഹിളാ കോൺഗ്രസ് പ്രവർത്തകരിൽ നാലു പേർ കൊയിലാണ്ടി നഗരസഭ കൗൺസിലർമാരാണ്. തിങ്കളാഴ്ച ഉച്ചക്കുശേഷം രണ്ടോടെയായിരുന്നു പ്രതിഷേധം.

അനിൽകുമാറിനെ പിന്തുണക്കുന്ന ചില കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇവർക്ക് പിന്തുണയുമായി എത്തി. സോളാർ കേസിൽ ആരോപണവിധേയനായ ഒരാൾക്കുവേണ്ടി വീടുകൾ കയറി സ്ത്രീകളോട് വോട്ടുചോദിക്കാൻ ബുദ്ധിമുട്ടാണ്. സുബ്രഹ്മണ്യൻ മത്സരിച്ചാൽ പരാജയം ഉറപ്പാണെന്നും മഹിളാ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതിഷേധക്കാരെ മടക്കിയയക്കാൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു എത്തിയെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. നിങ്ങൾ കുറച്ചുപേരല്ലേ ഉള്ളൂ കെപിസിസി പ്രസിഡന്റിനെ വിവരം അറിയിക്കാമെന്ന് പറഞ്ഞെങ്കിലും തങ്ങൾ കുറച്ചുപേരല്ലെന്നും നാട്ടിലെ മുഴുവനാളുകളും സുബ്രഹ്മണ്യന്റെ സ്ഥാനാർത്ഥിത്വം പ്രശ്‌നമാണെന്ന് പറഞ്ഞിട്ടുണ്ടെന്നറിയിച്ച് പ്രവർത്തകർ അബുവിനെ വളഞ്ഞു.

പ്രവർത്തകരുടെ പരാതിയും വികാരവും എ.ഐ.സി.സിയെയും കെപിസിസി പ്രസിഡന്റ് വി എം. സുധീരനെയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അറിയിക്കാമെന്ന് കെ.സി. അബു ഉറപ്പുനൽകി. തുടർന്നും ഏറെനേരം മുദ്രാവാക്യം മുഴക്കിയശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. അഡ്വ. കെ.പി. അനിൽകുമാറിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ആവശ്യം അംഗീകരിച്ചില്‌ളെങ്കിൽ പ്രതിഷേധം തുടരുമെന്നും ഇവർ പറഞ്ഞു. മഹിളാ കോൺഗ്രസ് പ്രവർത്തകരായ ലാലിഷ, രമ്യ, ഷീബ, ശ്രീജ, ഷാജില, തങ്കമണി തുടങ്ങിയവർ നേതൃത്വം നൽകി.

അതിനിടെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽനിന്നും കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനെ മാറ്റിനിർത്തിയ നടപടി അംഗീകരിക്കാനാകില്‌ളെന്ന് കെപിസിസിഡി.സി.സി ഭാരവാഹികൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. അഞ്ചു വർഷക്കാലമായി കൊയിലാണ്ടി മണ്ഡലത്തിൽ നിറഞ്ഞുനിന്ന അഡ്വ. കെ.പി. അനിൽകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്നും കെപിസിസി എക്‌സിക്യൂട്ടിവ് കമ്മിറ്റി മെംബർ പി.കെ. ഹബീബ്, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.സി. ബാലകൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു.

അഴിമതിയുടെ കറപുരണ്ട വ്യക്തികളെ സ്ഥാനാർത്ഥികളായി നിർത്താൻ ആഗ്രഹിക്കുന്നില്‌ളെന്നതിനുള്ള തെളിവാണ് കൊയിലാണ്ടിയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന പ്രതിഷേധപ്രകടനങ്ങൾ. മണ്ഡലത്തിലെ പ്രവർത്തകരുടെ ആത്മാഭിമാനത്തിന് മുറിവേൽപിച്ച ഈ തീരുമാനത്തിൽനിന്നും കെപിസിസിയും ഹൈകമാൻഡും ആവശ്യമായ മാറ്റങ്ങൾവരുത്തി അനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കളരിയിൽ രാധാകൃഷ്ണൻ, ഇടക്കുനി അബ്ദുറഹിമാൻ, ബേപ്പൂർ രാധാകൃഷ്ണൻ, ബാബു ഒഞ്ചിയം, എം.എം. വിജയകുമാർ, അഡ്വ. മാത്യു, പ്രസീൽകുമാർ, പോൾ മാസ്റ്റർ തുടങ്ങിയവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.