- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംശയ രോഗിയായ ബിനോയി മക്കൾ ഭാര്യയുട ഫോട്ടോ എടുക്കുന്നത് പോലും വിലക്കി; സിനിയെ കിടപ്പുമുറിയിൽ വെച്ച് ഉറങ്ങുന്നതിനിടെ കുത്തിയത് സംശയത്താൽ; കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്
കോട്ടയം: കോട്ടയത്ത് സംശയരോഗിയായ ഭർത്താവിൽ നിന്നും കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എലിക്കുളം മല്ലികശ്ശേരി ബിനോയ് ജോസഫിന്റെ ഭാര്യ സിനി(44)യാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഏപ്രിൽ ഒമ്പതാം തീയതി രാത്രിയാണ് ബിനോയ് ജോസഫ് ഭാര്യ സിനിയെ കുത്തിപരിക്കേൽപ്പിച്ചത്. കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെ സിനിയുടെ കഴുത്തിൽ കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ മുറിയിലുണ്ടായിരുന്ന മക്കൾ ഓടിയെത്തി. ഇവരാണ് അയൽവാസികളെ വിവരമറിയിച്ച് സിനിയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
സംഭവത്തിൽ പ്രതി ബിനോയ് ജോസഫിനെ പൊൻകുന്നം പൊലീസ് അന്നുതന്നെ പിടികൂടിയിരുന്നു. ബിനോയിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതിനെത്തുടർന്നുള്ള കുടുംബവഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്. സംശയരോഗിയായ ബിനോയ്, മക്കൾ ഭാര്യയുടെ ഫോട്ടോ എടുക്കുന്നത് പോലും വിലക്കിയിരുന്നു. സിനിയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും ഇയാൾ എതിർത്തു.
അതേസമയം, പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ ഇക്കാര്യം പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സിനി ചികിത്സയിലിരിക്കെ മരിച്ചതിനാൽ പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതിയായ ബിനോയ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ