ഹൈദരാബാദ്: പീഡനത്തിൽനിന്നു രക്ഷപ്പെടാൻ ഓടുന്ന വാനിനുള്ളിൽനിന്നു പുറത്തേക്കു ചാടിയ ഗർഭിണിക്ക് ദാരുണമായ അന്ത്യം. തെലങ്കാനയിലെ മെഡക് ജില്ലയിലാണു സംഭവം. വസ്ത്രവിൽപ്പനക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഏഴു വയസ്സുകാരി മകളും സംഭവസമയത്ത് യുവതിക്കൊപ്പമുണ്ടായിരുന്നു.

ഹൈദരാബാദ് അതിർത്തിക്കരികിലുള്ള കോപാലിയിൽനിന്നു യുവതി വീട്ടിലേക്കു മടങ്ങി വരുമ്പോഴാണു സംഭവം. ബസ് കിട്ടാത്തതിനെ തുടർന്നാണ് ഏഴുമാസം ഗർഭിണിയായ യുവതിയും മകളും വാനിൽ ലിഫ്റ്റ് ചോദിച്ചു കയറിയയത്. യാത്രയ്ക്കിടെ ടോൾ പ്ലാസയിൽ ടോൾ നൽകാൻ ഡ്രൈവർ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിനു തയാറാകാതിരുന്നപ്പോഴാണ് ഡ്രൈവറും ക്ലീനറും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണു റിപ്പോർട്ട്.

വാൻ ഒരു കിലോമീറ്ററോളം മൂന്നോട്ടുപോയ സമയമത്രയും ഇരുവരും പീഡിപ്പിച്ചു. പ്രതിരോധിക്കുന്നതിനിടെ യുവതി വാനിൽനിന്ന് പുറത്തേക്കു ചാടുകയായിരുന്നു. പിന്നാലെ ഡ്രൈവർ മകളെ വാഹനത്തിൽനിന്ന് ഇറക്കിവിട്ടു. കരച്ചിൽകേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്. എന്താണു സംഭവിച്ചതെന്നു പറയാൻ പറ്റിയ അവസ്ഥയിലല്ല മകളെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും സിഐ ലിങ്കേശ്വർ റാവു പറഞ്ഞു.

യുവതി തന്റെ ബാഗുകൾ വലിച്ചെറിയുന്നതും ചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വാഹനം നിർത്തുന്നതും പിന്നീട് വീണ്ടും യാത്ര ആരംഭിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഡ്രൈവറെയും ക്ലീനറെയും പിടികൂടാതെ വാനിൽ നടന്നതെന്താണെന്നു പറയാനാകില്ലെന്നു പൊലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.