രാജകുമാരി: ഭർതൃവീട്ടിലെ പീഡനം താങ്ങാനാവാതെ യുവതി തൂങ്ങി മരിച്ചു. ചതുരംഗപ്പാറ ക്ലാമറ്റം വീട്ടിൽ ശാന്തമ്മയുടെയും പരേതനായ ജോർജിന്റെയും മകൾ റീനയാ (22) ണ് വീട്ടിലെ കിടപ്പുമുറിയിൽ തുങ്ങി മരിച്ചത്. ഭർതൃവീട്ടിലെ പീഡനം സഹിക്കാതെയാണു റീന ജീവനൊടുക്കിയതെന്നാരോപിച്ച് ബന്ധുക്കൾ, റീനയുടെ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകി.

ഏഴു മാസം മുൻപാണ് റീനയും വിഷ്ണുവും പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവരും വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരായിരുന്നു. അതിനാൽ തന്നെ ഭർതൃ വീട്ടിൽ കൊടിയ പീഡനമാണ് റീന അനുഭവിച്ചിരുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം താങ്ങാനാവാതെ ഒരിക്കൽ വീടു വിട്ടിറങ്ങുകയും ചെയ്തിരുന്നെന്നും പരാതിയിൽ പറയുന്നു.

യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോന്നെങ്കിലും ഭർത്താവ് എത്തി കൂട്ടിക്കൊണ്ടുപോയി. തിരികെ ചെന്നപ്പോഴും ഭർതൃവീട്ടുകാർ പീഡനം തുടർന്നു. ഭർത്താവ് മർദിച്ചുവെന്നും താലിമാല പൊട്ടിച്ചെറിഞ്ഞെന്നും റീന പറഞ്ഞതായി അമ്മ ശാന്തമ്മ പറയുന്നു. വെള്ളിയാഴ്ച യുവതി വീണ്ടും വീട്ടിൽ മടങ്ങിയെത്തി.

ഇൻക്വസ്റ്റ് നടപടി യഥാസമയം നടത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ട്. മരണം നടന്ന് 30 മണിക്കൂറിനുശേഷം ശനി വൈകിട്ട് ആറിനു മാത്രമാണു പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസിന്റെ ഭാഗത്തു വീഴ്ച വന്നിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം നടപടിസ്വീകരിക്കുമെന്നും ശാന്തൻപാറ സിഐ ഷിബു പാപ്പച്ചൻ പറഞ്ഞു.