തൊടുപുഴ: പ്രസവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ യുവതി മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നേര്യമംഗലം കളപ്പുരക്കൽ ജോമോന്റെ ഭാര്യ മേബിൾ പോൾ(24) ആണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ ഇന്നലെ ഉച്ചക്ക് ഒന്നോടെ മരിച്ചത്.

നവജാത ശിശു പൂർണ ആരോഗ്യവതിയാണ്. പടിഞ്ഞാറേ കോടിക്കുളം വെള്ളംചിറ പണ്ടാരിക്കുന്നേൽ പോൾ-എമിലി ദമ്പതികളുടെ മകളാണ് മേബിൾ. നാല് ദിവസം മുൻപാണ് ആദ്യ പ്രസവത്തിനായി മേബിളിനെ പോളും എമിലിയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. നാലാം മാസം മുതൽ പരിശോധനകളെല്ലാം നടത്തിയിരുന്നത് ചാഴികാട്ട് ആശുപത്രിയിലാണ്.

സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. രാവിലെ സിസേറിയൻ ചെയ്യണമെന്ന് പറഞ്ഞാണ് ഡോക്ടർ മേബിളിനെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ 1.30 ഓടെ മരണം സംഭവിച്ചെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പ്രസവമുറിക്ക് മുന്നിൽ ബന്ധുക്കൾ ബഹളം വെച്ചത്. പരാതിയെ തുടർന്ന് തൊടുപുഴ തഹസിൽദാറും ആശുപത്രിയിൽ എത്തിയിരുന്നു.ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അപ്രതീക്ഷിതമായി മാത്രം സംഭവിക്കുന്ന ആംനിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം ഉണ്ടാവുകയും രോഗി പെട്ടെന്ന് അത്യാസന്ന നിലയിലാവുകയുമായിരുന്നെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.എമർജൻസി സിസേറിയൻ നടത്തി കുഞ്ഞിനെ രക്ഷിക്കാനായി. അമ്മയെ രക്ഷപ്പെടുത്താൻ നടത്തിയല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നെന്നും ആശുപത്രി വ്യക്തമാക്കി.