മലപ്പുറം: ദേശീയ പാത 17ൽ പുത്തനത്താണി ടൗണിൽ സ്വകാര്യ ബസ്സിടിച്ച് യുവ വനിതാ ഡോക്ടർ മരിച്ചു.കന്മനം വാരണാക്കര സ്വദേശി കടായിക്കൽ അബൂബക്കറിന്റെ മകളും കോഴിക്കോട് മാങ്കാവ് സ്വദേശി കെ പി സമീറിന്റെ ഭാര്യയുമായ ഡോ.സനൂജ (29) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആയൂർേവ്വദ ആശുപത്രിയിലെ ഡോക്ടറായിരുന്നു.

ഇന്ന് രാവിലെ പത്ത് മണിയോടെ പുത്തനത്താണി ടൗണിലാണ് അപകടം. ബസ്സ് ഇറങ്ങി സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന സനൂജയെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട യുവതിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ക്ഷുഭിതരായ ജനക്കൂട്ടം അപകടം ഉണ്ടാക്കിയ ബസ്സ് അടിച്ചു തകർക്കുകയും ഈ റൂട്ടിലോടുന്ന മറ്റു ബസ്സുകൾ തടയുകയും ചെയ്തു. ജനക്കൂട്ടം പൊലീസുമായി വാക്കേറ്റം ഉണ്ടായതോടെ പൊലീസ് ലാത്തി വീശി.