ജിദ്ദ: ഭർത്താക്കന്മാർ ഉപദ്രവകാരികളാണെന്നും മറ്റും കണ്ടാൽ സ്ത്രീകൾക്ക് വിവാഹമോചനം നേടാമെന്ന് സൗദി കോടതികൾ. കഴിഞ്ഞ 11 മാസത്തിനുള്ളിൽ 140ലധികം സൗദി സ്ത്രീകൾക്കാണ് രാജ്യത്തെ കോടതികൾ വിവാഹമോചനം അനുവദിച്ചു നൽകിയത്. സ്ത്രീകൾക്ക് വിവാഹമോചനം അനുവദിക്കുന്ന കാര്യത്തിൽ അനുകൂല മനോഭാവമാണ് ഇപ്പോൾ സൗദി കോടതികൾ സ്വീകരിച്ചുവരുന്നതിന്റെ ഉദാഹരണമാണ് ഇവയെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ഭാര്യയെ വഞ്ചിക്കുകയോ കുടുംബകാര്യങ്ങൾ യഥാക്രമം നോക്കുകയോ ചെയ്യാത്ത പുരുഷനിൽ നിന്നും സ്ത്രീക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്നതാണ്. ഭർത്താവിന്റെ അനാശാസ്യപ്രവർത്തനങ്ങൾ കണ്ടുപിടിക്കുന്ന സ്ത്രീകൾ ഇപ്പോൾ വിവാഹമോചനം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നുണ്ട്. ഭർത്താവിൽ നിന്നും ലൈംഗിക രോഗങ്ങൾ ബാധിച്ചതു മൂലം ലൈംഗിക ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സ്ത്രീകൾക്കും സൗദി കോടതികൾ വിവാഹമോചനം അനുവദിക്കുന്നുണ്ട്.

വിവാഹത്തിനു മുമ്പ് സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ അറിഞ്ഞിരിക്കണമെന്നും എങ്കിൽ മാത്രമേ അവർക്ക് ജീവിതത്തിൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂവെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ലീഗൽ കൺസൾട്ടന്റ് ഒമർ അൽ ഖൗലി വ്യക്തമാക്കി. ഏതെങ്കിലും കാരണവശാൽ ഭർത്താവിൽ നിന്ന് വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീകളുടെ അഭിപ്രായത്തിന് കോടതി ഒരു കാരണവശാലും എതിരു നിൽക്കില്ലെന്നും അൽ ഖൗലി എടുത്തുപറഞ്ഞു. ഇത് സ്ത്രീകളുടെ ഇസ്ലാമിക അവകാശമാണ്. തനിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളോ ന്യൂനതകളോ ഉണ്ടെങ്കിൽ അതു വിവാഹത്തിന് മുമ്പ് പുരുഷൻ വെളിപ്പെടുത്തിയിരക്കണമെന്നും അൽ ഖൗലി പറയുന്നു.