തിരുവനന്തപുരം: മലയാള സിനിമയിൽ ഏറ്റവും മാന്യനായ നടൻ ആരാണെന്ന് ചോദിച്ചാൽ പലരും ഉത്തരം പറയുക മമ്മൂട്ടിയെന്ന് പേരാണ്. സ്ത്രീകളെ ഇത്രയധികം ബഹുമാനിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാകില്ലെന്ന് അടുത്തിടെയാണ് നടൻ ജോയ് മാത്യു അഭിപ്രായപ്പെട്ടത്. 67 വയസുള്ള, നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മെഗാതാരത്തെ വേദനിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകുന്നത്. കസബയിലെ രാജൻ സക്കറിയ എന്ന വളഷൻ പൊലീസ് ഓഫീസറെ തൊഴിലിന്റെ ഭാഗമായി അവതരിപ്പിച്ചു എന്ന കാരണത്താലാണ് അദ്ദേഹത്തിനെതിരെ സൈബർ ലോകത്ത് വാളെടുത്തവരെല്ലാം വിമർശനം ഉന്നയിക്കുന്നത്.

പാർവതി ഉദ്ദേശിച്ചത് സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചാണെങ്കിലും കസബയെ ഉദാഹരിച്ചതോടെ വിവാദം കത്തിപ്പടർന്നു. മമ്മൂട്ടി ആരാധകർ സൈബർ ലോകത്ത് പാർവതിയെ ആക്രമിക്കുകയും ചെയ്തതോടെ വിഷയം പിടിവിട്ടു പോകുന്ന അവസ്ഥയിലാണ്. നടി നൽകിയ പരാതിയുടെ പേരിൽ അറസ്റ്റുണ്ടാകുകയും ചെയ്തു. ഇതിനിടെ കസബയുടെ സംവിധായകൻ അറസ്റ്റു ചെയ്യപ്പെട്ട യുവാവിന് ജോലി വാഗ്ദാനം ചെയ്തു രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ സൈബർ ലോകത്തെ ചർച്ചയിൽ അനാവശ്യമായി പക്ഷം പിടിച്ച് വുമൺ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയതോടെ വിഷയത്തിലെ കളം മാറി.

മമ്മൂട്ടിയെ വ്യക്തിപരമായി അവഹേളിക്കുന്ന ലേഖനം കഴിഞ്ഞ ദിവസം മലയാളം സിനിമയിലെ വനിതാ കൂട്ടായ്മ ഷെയർ ചെയ്തതാണ് വിവാദത്തിന് ഇടയാക്കിയത്. മമ്മൂട്ടിയെ ബലാത്സംഗ കേസ് പ്രതിയായ ദിലീപിനോട് താരതമ്യം ചെയ്തു സ്ത്രീവിരുദ്ധനായി ചിത്രീകരിച്ചു കൊണ്ടും ഡെയ്‌ലോ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനമാണ് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്. ഈ സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയെ വിമർശിച്ച ലേഖനം വനിതാ കൂട്ടായ്മ ഷെയർചെയ്തതോടെ മഞ്ജു വാര്യർ അടക്കമുള്ളവർക്ക് കടുത്ത എതിർപ്പുണ്ട്. മമ്മൂട്ടിയെ പോലെ തലമുതിർന്ന നടനെ അവഹേളിക്കുന്ന ലേഖനം എന്തിന് ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്കിൽ പേജിൽ ഷെയർ ചെയ്തുവെന്ന് മഞ്ജുവിന് അറിയില്ല. അടുത്തകാലത്തായി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സംഘടനയുമായി മഞ്ജു അത്രനല്ല അടുപ്പത്തിലല്ല. ഇതിനിടെയാണ് മമ്മൂട്ടിയെ അവഹേളിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റും. പുതുവൽസര പോസ്റ്റ് എന്ന നിലയിലാണ് ലേഖനം ഷെയർ ചെയ്ത് അവർ ഈ വിഷയത്തിൽ പിന്തുണ അർപ്പിക്കുന്നത്.

ലേഖനത്തിൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ പോലെയാണ് മമ്മൂട്ടിയെയും താരതമ്യപ്പെടുത്തുന്നത്. മമ്മൂട്ടിയെ പോലെ മലയാളത്തിലെ പ്രധാന നടനെ അനാവശ്യമായി ആക്രമിക്കുന്ന നടപടിയായിപ്പോയി എന്നാണ് മഞ്ജു അടക്കമുള്ളവർ വിലയിരുത്തുന്നത്. ഇനിയും ഈ സംഘടനയുമായി സഹകരിച്ചു നിന്നാൽ മലയാള സിനിമയിൽ കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് മഞ്ജുവിന് തോന്നി തുടങ്ങിയിട്ടുണ്ട്. സംഘടയുടെ പ്രവർത്തനത്തിന് ഒപ്പം നിന്നു എന്നതൊഴിച്ചാൽ മറ്റൊരു കാര്യത്തിലും മഞ്ജു ഇടപെട്ടിരുന്നില്ല. വിവാദമാകുന്ന പല കാര്യങ്ങളും മഞ്ജു അടക്കമുള്ളവർ അറിയുന്നുമില്ല. അത്തരമൊരു സംഭവാണ് ഫേസ്‌ബുക്ക് പോസ്റ്റിന്റെ കാര്യത്ിതൽ ഉണ്ടായതും.

അടുത്തിടെ വുമൺ ഇൻ സിനിമാ കലക്ടീവുമായി അകന്നു നിൽക്കാനാണ് മഞ്ജു ശ്രമിച്ചു പോന്നത്. പ്രത്യേകിച്ചും ദിലീപ് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായപ്പോൾ. അവൾക്കൊപ്പം എന്നു പറഞ്ഞു കാമ്പയിൻ തുടങ്ങിയതിലും മഞ്ജുവിന് കാര്യമായ പങ്കുണ്ടായിരുന്നില്ല. കൂട്ടായ്മ എടുക്കുന്ന പല കാര്യങ്ങളിലും മഞ്ജുവിന്റേതായ അഭിപ്രായം പറഞ്ഞിട്ടുമില്ല. സംഘടനയിലെ പല കാര്യങ്ങലും മഞ്ജു വാര്യർ അറിയിുന്നു പോലും ഇല്ലെന്നാണ് മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കുന്നത്.


പാർവതി വിഷയം കത്തി നിൽക്കുമ്പോഴും ഈ വിഷയത്തിൽ മഞ്ജു പ്രതികരിച്ചിരുന്നില്ല. തനിക്കുണ്ടായ അനുഭവം വ്യത്യസ്തമാണെന്ന് പറഞ്ഞ് അവർ നിലപാട് വ്യക്തമാക്കുകയും ചെയത്. സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചിട്ടുള്ളത് സുരക്ഷിതത്വവും അഭിമാനവും മാത്രമാണെന്നാണ് മഞ്ജു പറഞ്ഞത്. സിനിമയിൽ തനിക്ക് പുരുഷന്മാരിൽ നിന്ന് സ്ത്രീവിരുദ്ധ സമീപനമോ അനുഭവമോ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ചിലർക്ക് അത്തരത്തിലുള്ള അനുഭവം ഉള്ളതായി കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. ഇത് മഞ്ജുവിന്റെ നിലപാട് വ്യക്തമാക്കലായാണ് വിലയിരുത്തപ്പെടുന്നത്.

സിനിമയിലെ വനിതാകൂട്ടായമ്മ മമ്മൂട്ടിയെ അവഹേളിച്ചു എന്ന പൊതുവികാരം മമ്മൂട്ടി ആരാധകർക്കിടയിൽ ശക്തമാണ്. നല്ലൊരു ശതമാനം സിനിമാ പ്രവർത്തകർക്കും ഈ അഭിപ്രായമാണുള്ളത്. ചുരുക്കത്തിൽ മമ്മൂട്ടിയെ തൊട്ടതോടെ നിലവിൽ വനിതാകൂട്ടായ്മക്ക് ലഭിച്ചിരുന്ന പിന്തുണ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. സംഘടന തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്.

ഇതിനിടെ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമർശിച്ചുകൊണ്ട് പാർവതി തന്നെ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരുടേയും തനി നിറം പുറത്തുവന്നെന്നും ഇതെല്ലാം കണ്ട് രസിച്ചിരിക്കുകയാണെന്നും പാർവതി ട്വിറ്ററിൽ കുറിച്ചത്. ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു, പോപ്പ്‌കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നു -പാർവതി ട്വീറ്റിലൂടെ പറഞ്ഞു.

വിവാദം ഉയർന്നു വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പാർവതിക്ക് നേരെയുള്ള ആക്രമണത്തിന് ഒരു കുറവുമുണ്ടായിട്ടില്ല. എന്നാൽ ഇത്രയധികം ആക്രമിക്കപ്പെട്ടിട്ടും ഇതിനെ പ്രതിരോധിക്കാൻ സിനിമ മേഖലയിൽ ഉള്ളവർ തയാറായിട്ടില്ലെന്ന സൂചനയാണ് പാർവതി ട്വീറ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.