പാലക്കാട്: മലബാർ മേഖലയിൽ കഞ്ചാവ് ഉപയോഗം വൻതോതിൽ വർധിച്ചിരിക്കെ കാരിയർമാരാകാൻ സ്ത്രീകളും രംഗത്ത്. എക്‌സൈസിനെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് ഒരുതവണ കഞ്ചാവ് പൊതി ലക്ഷ്യസ്ഥാനത്തെത്തിച്ചാൽ ലഭിക്കുക ചെലവു കഴിഞ്ഞ് 3000 രൂപ. കഞ്ചാവ് കടത്തുരംഗത്തു അടുത്തയിടെ സ്ത്രീ സാന്നിധ്യം കൂടുതലായി. ഷോൾഡർ ബാഗിൽ കഞ്ചാവു കടത്തിയാൽ സംശയിക്കാൻ സാധ്യതയില്ലാത്തതാണു കാരണം. സ്‌കൂൾ വിദ്യാർത്ഥികൾ മുതൽ വൻകിട ബിസിനസുകാരും സർക്കാർ സർവീസിലെ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവരും വരെ കഞ്ചാവ് ലോകത്ത് മതിമറന്നു തുടങ്ങിയത് മുതലാക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് കഞ്ചാവ് മാഫിയ. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും കേന്ദ്രീകരിച്ചുള്ള കഞ്ചാവുകടത്ത് മലബാറിൽ സജീവമാണ്. തമിഴ്‌നാട്ടിൽ നിന്നും പാലക്കാട് വഴിയാണ് കഞ്ചാവിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്.

സംശയകരമായ സാഹചര്യത്തിൽ ഇന്നലെ പെരിന്തർമണ്ണ സി.ഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് പിടികൂടിയ വീട്ടമ്മയുടെ ഷോൾഡർ ബാഗിൽനിന്നും ലഭിച്ചത് 7.6 കിലോ കഞ്ചാവാണ്. പ്രത്യേകം പാക്ക് ചെയ്ത് യാതൊരു സംശയവും തോന്നാത്തരീതിയിൽ സാരിയും മറ്റും മുകളിൽ വച്ചു കടത്തിയ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനിയായ സരള(30)യെ അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഇവർ ഭർത്താവ് ചന്ദ്രനും മക്കൾക്കുമൊപ്പം വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഇവിടെനിന്നും കഞ്ചാവ് ലോബിയുടെ പ്രലോഭനത്തിൽ കുടുങ്ങിയാണ് കഞ്ചാവ് കാരിയറായത്. മുമ്പ് മൂന്നുതവണ കഞ്ചാവ് കടത്തിയതായി സരള പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഭർത്താവ് ചന്ദ്രന്റെ പിന്തുണയോടെയാണ് സരള കഞ്ചാവ് കാരിയറായതെന്ന് പൊലീസ് പറഞ്ഞു.

സരളയെ കഞ്ചാവ് എത്തിക്കാൻ ചുമതലപ്പെടുത്തിയ വ്യക്തിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മൂന്നുമാസത്തിനിടെ കിലോകണക്കിന് കഞ്ചാവാണ് പാലക്കാട് എക്‌സൈസും പെരിന്തൽമണ്ണ പൊലീസും പിടികൂടിയത്. ആന്ധ്രയിൽനിന്നുള്ള കഞ്ചാവ് തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. പൊള്ളാച്ചി, തിരുപ്പൂർ മേഖലകളാണ് പ്രധാന ഇടത്താവളം. താവളങ്ങളിലേക്ക് കേരളത്തിൽ നിന്നും എത്തുന്നവർക്ക് പ്രവേശനമില്ല. ബസ് സ്റ്റാന്റുകളിലെത്തി മൊബൈൽ വഴി ബന്ധപ്പെട്ടുള്ള കച്ചവടമാണ് നടക്കുക. അതും മുൻപരിചയമുള്ളവർക്ക് മാത്രം. കഞ്ചാവ് ബസ് സ്റ്റാന്റിൽ എത്തിച്ച് കൈമാറുമ്പോൾ പണം നൽകണം. പിന്നീടുള്ള ഉത്തരവാദിത്തം കടത്തുകാർക്കാണ്.

ആന്ധ്രയിലെ കഞ്ചാവ് കിലോയ്ക്ക് 3000 വരെ വിലയ്ക്കാണ് തമിഴ്‌നാട്ടിൽ എത്തുന്നത്. അത് കേരളത്തിലേക്ക് വിൽക്കുമ്പോൾ 6000-7000 രൂപവരെയാകും. ഇവിടെ അതിന് 15,000-25,000 രൂപയാണ് വില. ചെറുപാക്കറ്റുകളാക്കി ചില്ലറ വിൽപ്പന നടക്കുമ്പോൾ വില വീണ്ടും അഞ്ചിരട്ടിയോളം കുതിക്കും. മുമ്പ് സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നവരിൽ നല്ലൊരു പങ്കും വിൽപ്പനരംഗത്ത് നിലവിൽ സജീവമാണ്. മോഷണക്കേസുകളിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷകഴിഞ്ഞിറങ്ങിയവരും കഞ്ചാവ് മേഖലയിൽ എത്തി.

ജയിലിൽ ഉപയോഗിച്ച പരിചയവും ലാഭക്കൊയ്ത്തുമാണ് ഇവരെ ഈ മേഖലയിലേക്ക് അടുപ്പിച്ചതെന്നാണ് വിവരം. മലബാറിൽ വൻ കഞ്ചാവ് ശൃംഖലയാണ് രൂപപ്പെട്ടിട്ടുള്ളത്. കൊണ്ടുനടന്ന് ഉപയോഗിക്കാനുള്ള സൗകര്യമാണ് കൂടുതൽ പേരെയും മദ്യത്തേക്കാൾ കഞ്ചാവിലേക്ക് അടുപ്പിക്കുന്നത്. മണത്തുനോക്കി കഞ്ചാവ് ഉപയോഗിച്ചത് എളുപ്പത്തിൽ തിരിച്ചറിയാനാവില്ല. പെട്ടെന്ന് ലഭിക്കുന്ന ലഹരിയും ഉന്മദവും എപ്പോഴും പ്രാപ്യമാവാൻ 50 ഉം 100 ഉം ഗ്രാമുള്ള കഞ്ചാവ് പൊതി സ്ഥിരമായി കൊണ്ടുനടക്കുന്നവരുണ്ട്.