കൽപ്പറ്റ: സൗമ്യ, ജിഷ വധക്കേസ് സംഭവങ്ങൾ നാടിനെ നടക്കുമ്പോഴും പീഡന പരാതികളിൽ പൊലീസിന് നിസ്സംഗതയെന്ന ആരോപണം ശക്തമാകുന്നു. ഒറ്റപ്പാലത്ത് ശ്രീജിത്ത് രവി വിഷയത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്‌ച്ച സംഭവിച്ചെന്ന് വ്യക്തമായതു പോലെ തന്നെ ഒരു പീഡന വിഷയത്തിൽ സംസ്ഥാനത്തെ പൊലീസ് മേധാവിക്ക് വരെ പരാതി നൽകിയിട്ടും പീഡന കേസ് ഒതുക്കാൻ ശ്രമങ്ങളുണ്ടായി എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. വയനാട്ടിലെ റിസോർട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ട മാദ്ധ്യമപ്രവർത്തകയുടെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് യുവ അഭിഭാഷകൻ. പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയിട്ടും സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നതാണ് ആക്ഷേപം. പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്‌ച്ചയുണ്ടായി എന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുന്നത് അഭിഭാഷകൻ ശ്രീജിത്ത് പെരുമനയാണ്.

വയനാട് വൈത്തിരിയിൽ ഒരു സ്വകാര്യ റിസോർട്ടിൽ വച്ചാണ് 20 വയസ്സുള്ള കോഴിക്കോട് സ്വദേശിനിയും മാദ്ധ്യമപ്രവർത്തകയുമായ ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് പെൺകുട്ടി തന്റെ ടെലിഫിലിമിന്റെ ഭാഗമായുള്ള ഫോട്ടോ ഷൂട്ടിനായി പ്രതിയോടും ഒരു പെൺകുട്ടിയുൾപ്പെടെയുള്ള മൂന്നംഗസംഘത്തോടൊപ്പം വയനാട്ടിലെത്തിയത്. ഷൂട്ടിംഗിന് മുന്നോടിയായി തിരക്കഥകളും മറ്റും തയ്യാറാക്കുന്നതിനായി രണ്ട് റൂമുകളിലായാണ് താമസം ഒരുക്കിയിരുന്നത്.

പെൺകുട്ടികൾക്ക് പ്രത്യേകം റൂമെടുത്തിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന പെൺകുട്ടിയും സുഹൃത്തുക്കളും മദ്യപിക്കുന്നത് കാണുകയും ഒരുമിച്ച് റൂമിയിൽ താമസിക്കുകയും കണ്ട പരാതിക്കാരി മറ്റൊരു റൂമിൽ കയറി വാതിലടക്കുകയായിരുന്നു. എന്നാൽ ബലമായി റൂമിലെത്തിയ കോഴിക്കോട് കക്കോടി സ്വദേശിയായ പ്രതി പരാതിക്കാരിയെ കടന്നുപിടിക്കുകയും അടിച്ചുനിലത്തിടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ബലമായി ലൈംഗികബന്ധത്തിലേർപ്പെടുകയും, ക്യാമറകൾ ഉപയോഗിച്ച് നഗ്നഫോട്ടോകളും വീഡിയോകളും എടുക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ പുറത്തുപറഞ്ഞാൽ പരാതിക്കാരിയോടൊപ്പമുള്ള ഫോട്ടോകൾ അശ്ലീല സൈറ്റുകൾക്ക് നൽകുമെന്നും പ്രതി ഭീഷണിപ്പെടുത്തി.

പിന്നീട് ഇങ്ങോട്ട് സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിയത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും വിവിധ മൊബൈലുകളിലായി സൂക്ഷിച്ച പ്രതി പരാതിക്കാരിയെ നിരന്തരം ഭീഷണിപ്പെടുത്തി വരികയായിരുന്നു. പീഡിപ്പിക്കപ്പെട്ട കാര്യം ഷൂട്ടിംഗിന്റെ സമയത്ത് കൂടെയുണ്ടായിരുന്ന പെൺകുട്ടിയോട് പറയാൻ ശ്രമിച്ചെങ്കിലും പ്രതി ഉൾപ്പെടുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഈ പെൺകുട്ടിയുമെന്നാണ് മനസ്സിലായത്. പുതിയ സിനിമകൾ ആരംഭിക്കുന്നുണ്ടെന്നും അതിൽ അഭിനയിപ്പിക്കാമെന്നും പ്രതി പെൺകുട്ടിക്ക് വാഗ്ദാനം നൽകിയിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുപറഞ്ഞാലുള്ള നാണക്കേടും, അശ്ലീലദൃശ്യങ്ങൾ പുറത്തുവന്നാലുള്ള മാനക്കേടും ഭയന്ന് പെൺകുട്ടി അടുത്തവരോട് പോലും പറഞ്ഞിരുന്നില്ല.

ഇത് മുതലെടുത്ത പ്രതി വിവിധ സമയങ്ങളിൽ തന്നോടൊപ്പം വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും പറഞ്ഞു. ഏറ്റവുമൊടുവിൽ സെപ്റ്റംബർ അഞ്ചിന് തന്റെ കൂടെ വരണമെന്നും അതിന് ശേഷം മൊബൈൽ ദൃശ്യങ്ങൾ നശിപ്പിക്കാമെന്നും പെൺകുട്ടിയോട് പറഞ്ഞു. ഇത് വിശ്വസിച്ച പെൺകുട്ടി കോഴിക്കോട് ബീച്ചിലെത്തുകയും, മൊബൈൽ ദൃശ്യങ്ങൾ നശിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പമാണ് പ്രതി ബീച്ചിലെത്തിയത്. തുടർന്ന് പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും പ്രശ്‌നങ്ങളുണ്ടാക്കിയാൽ കേസ് കൊടുക്കുമെന്ന് പെൺകുട്ടിയോട് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഒരു മൊബൈൽ ഫോൺ പൊട്ടിച്ച് കടലിലെറിഞ്ഞ ശേഷം ഫോട്ടോകളെല്ലാം നശിപ്പിച്ചെന്നും തനിക്കെതിരെ പരാതി കൊടുക്കരുതെന്നും പ്രതി ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ പെൺകുട്ടി പൊലീസിൽ പരാതി നൽകുമെന്ന് മുൻകൂട്ടിയറിഞ്ഞ പ്രതി മറ്റൊരു പൊലീസ് സ്റ്റേഷനിൽ കള്ളക്കേസ് നൽകിയ ശേഷമാണ് പെൺകുട്ടിയെ കാണാൻ ബീച്ചിലെത്തിയിരുന്നത്. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ പെൺകുട്ടി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയും, സി ഐയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തന്റെ അധികാരപരിധിയിൽ നടന്ന സംഭവമല്ലാത്തതിനാൽ കേസെടുക്കാൻ പറ്റിലെന്നും പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കണമെന്നും പറഞ്ഞ് പ്രതിയെയും ഇരയായ പെൺകുട്ടിയെയും വിളിച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി പരാതിയിൽ ഉറച്ച് നിന്നപ്പോൾ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് സി ഐ നിർദ്ദേശം നൽകുകയായിരുന്നു.

ഇത് പ്രകാരം വനിതാ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള കേസുകൾ മാത്രമെ ഇവിടെ പരിഗണിക്കുകയുള്ളുവെന്ന് പറഞ്ഞ് പെൺകുട്ടിയെ തിരിച്ചയക്കുകയുമായിരുന്നു. എന്നാൽ തന്റെ ജീവന് പോലും ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി സെപ്റ്റംബർ ഏഴിന് സംസ്ഥാന പൊലീസ് മേധാവിക്കും. വയനാട് ജില്ലാ പൊലീസ് സൂപ്രണ്ടിനും, കോഴിക്കോട് പൊലീസ് കമ്മീഷണർക്കും ഇമെയിൽ മുഖേന പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു മറുപടി ലഭിക്കുകയോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല.

അതിനിടെ പെൺകുട്ടി പൊലീസിൽ സമീപിച്ചത് അറിഞ്ഞ് അനുനയ ശ്രമങ്ങളുമുണ്ടായി. പുതിയ സിനിമകൾ ആരംഭിക്കുന്നുണ്ടെന്നും അവയിൽ അഭിനയിപ്പിക്കാമെന്നും നിർധന കുടുംബത്തിലെ അംഗമായ തനിക്ക് പ്രതി വാഗ്ദാനം നൽകിയെന്നാണ് പെൺകുട്ടി പറയുന്നത്. പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞാലുള്ള മാനഹാനിയും ദൃശ്യങ്ങൾ പുറത്തുവന്നാലുള്ള പ്രശ്‌നങ്ങളും ഭയന്ന് സംഭവം ആരോടും പറഞ്ഞിരുന്നില്ല.

ഇത് മുതലെടുത്ത് തന്നോടൊപ്പം ഇനിയും വരണമെന്ന് പ്രതി നിർബന്ധിച്ചു. ഏറ്റവുമൊടുവിൽ സെപ്റ്റംബർ അഞ്ചിന് തന്റെ കൂടെ വയനാട്ടിൽ വരണമെന്നും അതിന് ശേഷം മൊബൈൽ ദൃശ്യങ്ങൾ നശിപ്പിക്കാമെന്നും പെൺകുട്ടിക്ക് വാക്കു നൽകി. കോഴിക്കോട് ബീച്ചിലേക്കാണ് ആദ്യം തന്നെ ക്ഷണിച്ചത്. അഞ്ചു സുഹൃത്തുക്കൾക്കൊപ്പമാണ് പ്രതി ബീച്ചിലെത്തിയത്. തുടർന്ന് പെൺകുട്ടിയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും പ്രശ്‌നങ്ങളുണ്ടാക്കിയാൽ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സ്ത്രീകൾക്കെതിരെ ലൈംഗികപീഡനം നടന്നാൽ എസ് എം എസിലൂടെയോ, ഫോൺകോൾ മുഖേനയോ അറിയിച്ചാൽ അധികാരപരിധി പോലും നോക്കാതെ കേസ് എടുക്കണമെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധികൾ നിലനിൽക്കെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കടുത്ത അനസ്ഥയുണ്ടായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര കൃത്യവിലോപത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടികൾ കൈകൊള്ളണമെന്ന് സംഭവത്തിൽ നേരിട്ട് ഇടപെട്ട മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞു.