മലപ്പുറം: നാലു ദിവസം മുമ്പ് കാണാതായ സഹോദരിമാരെ കാമുകന്മാരോടൊപ്പം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു തിരൂർ കോലുപാലം സ്വദേശികളായ വിവാഹിതരായ രണ്ട് സഹോദരിമാരെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തിരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. 28ഉം 22ഉം പ്രായമുള്ള രണ്ട് യുവതികൾ കാമുകന്മാരോടൊപ്പം തിരുവനന്തപുരത്തുണ്ടെന്നാണ് പൊലീസിനു വിവരം ലഭിച്ചത്.

ആസൂത്രിതമായിട്ടായിരുന്നുവത്രേ സഹോദരിമാർ ഇരുവരും കാമുകന്മാരോടൊപ്പം ഒരേ ദിവസം ഒളിച്ചോടിയിരുന്നത്. വിവാഹം കഴിപ്പിച്ചു വിട്ട വീടുകളിൽ നിന്നാണ് രണ്ടുപേരും ഒളിച്ചോടിയത്. ആലത്തിയൂർ പഞ്ഞംപടിയിലേക്ക് വിവാഹം ചെയ്ത 28കാരിയും കൂട്ടായി പടിഞ്ഞാറെക്കരയിലേക്ക് വിവാഹം ചെയ്തയച്ച 22കാരിയുമാണ് കാമുകന്മാരോടൊപ്പം പോയത്. ഇരുവരുടെയും ഭർത്താക്കന്മാർ പ്രവാസികളാണ്.

മുൻകൂട്ടി പറഞ്ഞുറപ്പിച്ചപ്രകാരം 22കാരിയായിരുന്നു ആദ്യം ഭർതൃ വീട്ടിൽ നിന്നും കാമുകനോടൊപ്പം ആസൂത്രണം ചെയ്ത സ്ഥലത്ത് എത്തിയിരുന്നത്. അനിയത്തിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർതൃമാതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് ബസിൽ പുറപ്പെട്ടതായിരുന്നു മുത്തസഹോദരി. എന്നാൽ ഭർതൃമാതാവ് ലക്ഷ്യസ്ഥാനത്ത് ബസ് ഇറങ്ങിയെങ്കിലും മരുമകളെ കാണാതാവുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടിലെ മറ്റൊരു യുവാവിനെകൂടി കാണാതായതോടെ കാമുകനോടൊപ്പം പോയതാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. എന്നാൽ സഹോദരിമാർ രണ്ടു പേരും ആസൂത്രിതമായി ഒളിച്ചോട്ടം നടത്തുമെന്ന് നാട്ടുകാർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.

കുട്ടികളെ ഉപേക്ഷിച്ചായിരുന്നു രണ്ട് യുവതികളും കടന്നുകളഞ്ഞത്. മൂത്തസഹോദരിക്ക് രണ്ടു കുട്ടികളുണ്ട്. ഇതിൽ ഒരാളെ വീട്ടിലാക്കിയും ഒരാളെ കൂടെകൂട്ടിയിട്ടുമുണ്ട്. ഇളയ സഹോദരിക്ക് ഒരു കുട്ടിയുമുണ്ട്. ഇരുവരും ഓരോ കുട്ടികളുമായിട്ടാണ് കാമുകരോടൊപ്പം ഒളിച്ചോടിയത്. മിസ്സിങ് കേസുകൾ നിരവധി എത്താറുണ്ടെങ്കിലും ഇത്തരത്തിൽ സഹോദരിമാർ ഒരുമിച്ച് ആസൂത്രിതമായി കാമുകരോടൊപ്പം പോകുന്ന കേസ് ഇതാദ്യമായണെന്ന് പൊലീസ് പറഞ്ഞു. ഭർത്താക്കന്മാരുണ്ടായിരിക്കെ രണ്ടുപേരും കാമുകരുമായി അടുപ്പത്തിലായിരുന്നെന്നും പതിവായി ഫോൺ വിളിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

28 കാരിയായ വീട്ടമ്മ 24 കാരനായ പ്രദേശവാസിയോടൊപ്പവും 22 കാരി മറ്റൊരു പ്രവാസിയായിരുന്ന യുവാവുമായിട്ടുമാണ് ഇറങ്ങിപോയത്. കാമുകന്മാരെ കുറിച്ചുള്ള പൂർണ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് പിന്തുടർന്നത്. കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് പൊലീസും യുവതികളുടെ ബന്ധുക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കയ്യെത്താ ദൂരത്ത് ഇരുവരും കാമുകരോടൊപ്പം ഉണ്ടെന്നാണ് വിവരം. ഉടൻ ഇവരെ പിടികൂടി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. എന്നാൽ യുവതികളുടെ തീരുമാനപ്രകാരമായിരിക്കും തുടർ്ന്ന് ആരോടൊപ്പം കഴിയണമെന്ന് നിശ്ചയിക്കുക.

അതേസമയം ആസൂത്രിതമായി വിവാഹിതരായ സഹോദരിമാരുമായി പോയതിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് പരിശോധിക്കും. കാമുകരെന്നു പറയുന്ന രണ്ട് യുവാക്കളെ കുറിച്ചു വിശദമായി അന്വേഷിക്കുമെന്നും ഇവർക്ക് ഏതെങ്കിലും റാക്കറ്റുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. എന്നാൽ കാണാനില്ലെന്നും കണ്ടുകിട്ടുന്നവർ അറിയിക്കണമെന്നും കാണിച്ച് കാമുകീ കാമുകന്മാരുടെയും കൂടെകൊണ്ടുപോയ കുട്ടികളുടെയും ഫോട്ടോ ബന്ധുക്കളുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.