പത്തനംതിട്ട: പൊലീസിന് മുഴുവൻ നാണക്കേടായി മാറിയേക്കാവുന്ന ഒരു മോഷണനാടകം പൊളിച്ചടുക്കിയതിന്റെ സംതൃപ്തിയിലാണ് സിഐ, എ.എസ് സുരേഷ്‌കുമാറും സംഘവും. ബാങ്കിൽനിന്നും വായ്പയിനത്തിൽ കിട്ടിയ പണവുമായി വരുമ്പോൾ ബൈക്കിൽ ഹെൽമറ്റ് ധരിച്ചവർ തള്ളി വീഴ്‌ത്തി 9.65 ലക്ഷം രൂപ അപഹരിച്ചുവെന്ന വീട്ടമ്മയുടെ പരാതിയാണ് വ്യാജമാണെന്ന് ഒറ്റദിവസം കൊണ്ട് പൊലീസ് തെളിയിച്ചത്. വെട്ടിപ്രം മോടിപ്പടിയിൽ താമസിക്കുന്ന സുശീലയാണ് തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡോക്‌ടേഴ്‌സ് ലേനിൽ വച്ച് താൻ കൊള്ളയടിക്കപ്പെട്ടതായി പൊലീസിൽ പരാതിപ്പെട്ടത്.

വായ്പ കിട്ടിയ പണത്തിൽ ആറു ലക്ഷം രൂപ ഇവർ യൂണിയൻ, യൂക്കോ, സൗത്ത് ഇന്ത്യൻ തുടങ്ങി വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. അവശേഷിച്ച 3.60 ലക്ഷംരൂപ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പണം വീട്ടിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പിച്ച സിഐ ഇന്നലെ വൈകിട്ട് അഞ്ചു മണി മുതൽ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ പൂജാമുറിയിൽ കത്തിച്ചു വച്ച നിലവിളക്ക് രാത്രി എട്ടുമണിയായിട്ടും അണയ്ക്കാൻ ഇവർ തയാറായില്ല. ഇത് എന്താണ് അണയ്ക്കാത്തത് എന്ന സിഐയുടെ ചോദ്യത്തിന് മുന്നിൽ ഇവർ ഉരുണ്ടു കളിച്ചു. സംശയം തോന്നിയ സിഐ ഇവരെക്കൊണ്ട് തന്നെ വിളക്ക് അണപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് വിളക്ക് വച്ചിരുന്ന പീഠത്തിന് അടിയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടത്. മോഷണം പോയെന്ന് പറഞ്ഞ ബാഗും കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച മറ്റൊരാൾക്ക് 10 ലക്ഷം രൂപ നൽകാമെന്ന് ഇവർ ഏറ്റിരുന്നു. കടം വാങ്ങിയ പണമാണ് തിരികെ നൽകാമെന്ന് ഏറ്റിരുന്നത്. ഇതു കൊടുക്കാതിരിക്കാൻ വേണ്ടിയാണ് മോഷണ നാടകം മെനഞ്ഞത്.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇവർ പരാതിപ്പെട്ടതെന്നതും ബാങ്കിന്റെ സിസി.ടിവി ക്യാമറയിൽ 15 മിനുട്ടു നേരം ഇവർ അപ്രത്യക്ഷമായതും മനസിലാക്കിയ പൊലീസിന് ദുരൂഹത മണത്തു. പണം ഇവർ തന്നെ മാറ്റിയ ശേഷം പരാതി നൽകിയതാകാനുള്ള സാധ്യതയാണ് പൊലീസ് അനേ്വഷിച്ചത്. സിഐഎ.എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന അനേ്വഷണത്തിലാണ് പണം ഇവർ തന്നെ മാറ്റിയ ശേഷം നാടകം കളിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

സംഭവത്തെക്കുറിച്ച് ഇവർ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
പുതുതായി നിർമ്മിക്കുന്ന വീടിന്റെ ആവശ്യത്തിനായി കോളജ് റോഡിൽ ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പാ ഗഡുവായ 9.65 ലക്ഷം രൂപ എടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഡോക്‌ടേഴ്‌സ് ലേയ്‌നിൽ വിജിലൻസ് ഓഫീസിന് മുന്നിൽ റബർ തോട്ടത്തിന് സമീപം വച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ പുറകിൽ നിന്ന് തള്ളി വീഴ്‌ത്തിയ ശേഷം കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ഹാൻഡ് ബാഗ് പിടിച്ചു പറിച്ചു. അപ്പോൾ ബഹളം വയ്ക്കുകയോ നിലവിളിച്ച് ആളെ കൂട്ടുകയോ ചെയ്യാതിരുന്ന ഇവർ ജനറൽ ആശുപത്രിക്ക് സമീപം ചെന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് വീട്ടിലേക്ക് പോയി. അയൽവീട്ടിലെത്തി കപ്പയും മീൻകറിയും കഴിച്ച ശേഷം സ്വന്തം വീട്ടിലെത്തി. എന്നിട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചപ്പോൾ തന്നെ സിഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇവരെയും കൂട്ടി ബാങ്കിലെത്തി. സുശീല പണം പിൻവലിച്ചത് സത്യമാണെന്ന് മനസിലായി. തുടർന്ന് സിസി.ടിവി ക്യാമറ പരിശോധിച്ചപ്പോൾ ഇവർ ബാങ്കിൽ നിന്നിറങ്ങി കോളജ് റോഡിലൂടെ സെൻട്രൽ ജങ്ഷനിലേക്ക് നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നീട് 15 മിനുട്ടിന് ശേഷം ഇവർ വന്ന വഴി തന്നെ മടങ്ങിയെത്തി ഡോക്‌ടേഴ്‌സ് ലേയ്ൻ ഭാഗത്തേക്ക് പോകുന്നതും ക്യാമറയിലുണ്ടായിരുന്നു. ഈ വിവരം ചോദിപ്പോൾ സുശീല പറഞ്ഞത് താൻ ആദ്യം സെൻട്രൽ ജങ്ഷനിലേക്ക് നടന്നു പോവുകയായിരുന്നുവെന്നും കടുത്ത വെയിലായതിനാൽ ഡോക്‌ടേഴ്‌സ് ലേയിനിലൂടെ നടന്നു ചെന്ന് ഓട്ടോറിക്ഷ പിടിച്ച് വീട്ടിൽ പോവുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു.

ഈ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല. പകരം, സെൻട്രൽ ജങ്ഷനിലേക്കുള്ള റോഡിന്റെ വശങ്ങളിലുള്ള ബാങ്കുകളിൽ അനേ്വഷണം നടത്തുകയാണ് ചെയ്ത്. അങ്ങനെയാണ് യൂണിയൻ ബാങ്ക് ശാഖയിൽ ഇവർക്കുള്ള അക്കൗണ്ടിൽ പണം മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന സമയത്ത് ഇവർ 2.50 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയത്. മാത്രവുമല്ല, കൊള്ളയടി നടന്നതായി പറയുന്ന ഡോക്‌ടേഴ്‌സ് ലെയ്ൻ തിരക്കേറെയുള്ള സ്ഥലമാണ്. ഇതിനോട് ചേർന്ന് തന്നെ വിജിലൻസ് ഓഫീസ് അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സുശീല പറയുന്ന സമയത്ത് ഇവിടെ ഒരു പിടിവലി നടന്നതായി ആരും സാക്ഷികളില്ല. മാത്രവുമല്ല, ഹെൽമറ്റ് ധരിച്ച് ഈ സമയത്തൊന്നും ബൈക്കിൽ രണ്ടു പേർ ഈ വഴി വന്നിട്ടുമില്ലെന്ന് സമീപത്തെ കടകളിലെ സിസി.ടിവി ക്യാമറ പരിശോധിച്ചതിലൂടെ പൊലീസ് മനസിലാക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ പണം താൻ തന്നെ മാറ്റിയതാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് ഗുജറാത്തിൽ ജോലി ചെയ്യുകയാണ്. മകൻ എൻജിനീയറിങ്ങിനും പഠിക്കുന്നു. ഒരു പാട് സാമ്പത്തിക ബാധ്യതയുള്ളതിനാൽ പെട്ടെന്നുണ്ടായ തോന്നലിലാണ് ഈ നാടകം കളിച്ചതെന്നാണ് സുശീല പൊലീസിനോട് പറഞ്ഞത്. നേരത്തേ ഇവർ നടത്തിയ ഒരു പാട് ബിസിനസുകൾ പൊളിഞ്ഞു പോയിട്ടുണ്ട്. റബർ മാർക്കറ്റിങ് സൊസൈറ്റി ജീവനക്കാരിയായിരുന്നപ്പോൾ സാമ്പത്തിക തിരിമറിക്ക് പിരിച്ചു വിട്ടിരുന്നു. ഷെയർമാർക്കറ്റിൽ പണം നിക്ഷേപിച്ചതും ബാധ്യതയ്ക്ക് കാരണമായി.

കടം വാങ്ങിയവരിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഈ തന്ത്രം പ്രയോഗിച്ചത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടത്തിയതിനാലാണ് കൊള്ളയടിനാടകം പാളിപ്പോയത്. ഒരു പാട് ബാങ്കുകളിൽ കടമുള്ളതായി ഇവർ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ പൊലീസിന് ഒഴിവായത് വലിയ തലവേദനയാണ്. പട്ടാപ്പകൽ നടന്ന കൊള്ളയടി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാൽ താൻ ജീവനൊടുക്കുമെന്ന് ഇവർ പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസിന് വ്യാജപരാതി നൽകിയതിനും കബളിപ്പിച്ചതിനും കേസ് എടുത്തിട്ടുണ്ട്.