തിരുവനന്തപുരം; മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമല ദർശനത്തിന് തങ്ങളുടെ അവകാശം വിനിയോഗിക്കാൻ അവസരം തേടിയിരിക്കുന്നത് 800ഓളം യുവതികൾ. ഓൺലൈൻവഴി ബുക്ക് ചെയ്തതവരുടെ എണ്ണമാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ കൃത്യമായ വിവരം പുറത്തു വിടരുതെന്ന് അധകൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന. ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദർശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവർ.

അതേസമയം വീണ്ടും സന്നിധാനത്ത് മാധ്യമങ്ങളെ പൊലീസ് വിലക്കി എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ചിത്തിര ഉത്സവത്തിനും മാധ്യമങ്ങളെ പൊലീസ് വിലക്കിയിരുന്നു. ഇതോടൊപ്പം അന്ന് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആന്ധ്രയിൽ നിന്നാണ് കൂടുതൽ യുവതികൾ ദർശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ ഡൽഹിയിൽനിന്നും കൊൽക്കത്തയിൽനിന്നും യുവതികൾ തിരിച്ചറിയൽ രേഖകൾ നൽകി ഓൺലൈൻ ബുക്കിങ് നടത്തിയിട്ടുണ്ട്.

ശബരിമല പ്രശ്‌നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. യോഗത്തിൽ ബിജെപിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് വീണ്ടും സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വിധി നടപ്പാക്കാതെ സർക്കാരിന് മുന്നിൽ വേറെ വഴിയില്ല. സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനിടയില്ല.

യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തിൽ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്. പന്ത് സർക്കാറിന്റെ കോർട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയിൽ നിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയൻ നൽകിയത്.

അതേസമയം പുനഃപരിശോധനാ ഹർജികൾ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തിൽ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സർക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സർവ്വകക്ഷിയോഗം. തന്ത്രി-പന്തളം കുടുംബങ്ങളുമായി സർവ്വകക്ഷിയോഗത്തിന് ശേഷം ചർച്ച നടത്തും. എൻഎസ്എസിനെ ചർച്ചക്ക് എത്തിക്കാൻ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന

പ്രതിഷേധങ്ങളും സുരക്ഷയും കണക്കിലെടുത്ത് മണ്ഡല മകരവിളക്ക് മഹോത്സവത്തിനും ശബരിമലയിൽ പഴുതടച്ച സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. കഴിഞ്ഞ രണ്ട് തവണയും നട തുറന്നപ്പോൾ പൊലീസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ ആയില്ലെന്ന് വൻ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാകും സന്നിധാനത്ത് ഏർപ്പെടുത്തുക.

നാല് ഘട്ടങ്ങളിലായി 4500 പൊലീസുകാരെ വീതം ശബരിമലയിൽ വിന്യസിക്കാനാണ് തീരുമാനം. മകരവിളക്കിന് 5000 പൊലീസുകാരെ സന്നിധാനത്ത് എത്തിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുമടക്കം എത്തുന്ന വനിതാ പൊലീസുകാരെ ആവശ്യമെങ്കിൽ മാത്രം സന്നിധാനത്ത് വിന്യസിക്കും. ഇല്ലെങ്കിൽ ചിത്തിര ആട്ടവിശേഷ സമയത്തേത് പോലെ അമ്പത് വയസ് കഴിഞ്ഞ വനിതാ പൊലീസുകാരെയാകും സന്നിധാനത്ത് വിന്യസിക്കുക. പമ്പ മുതൽ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. പൊലീസ് വിന്യാസത്തിൽ വനിത ബറ്റാലിയനെയും ഉൾപ്പെടുത്തി. 1500 വനിത പൊലീസുകാരെ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വിന്യസിക്കും.

രണ്ട് ഐ.ജിമാരുടെ മേൽനോട്ടത്തിലായിരിക്കും സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ രണ്ട് എസ്‌പിമാർ വീതമുണ്ടാകും. ക്രമസമാധാനം, തിരക്ക് എന്നിവ നിയന്ത്രിക്കുന്നതിനാണ് രണ്ട് എസ്‌പിമാരുടെ സേവനം. മാധ്യമ പ്രവർത്തകരെ നാളെ രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും പ്രവേശിപ്പിക്കുക. ഭക്തന്മാർക്ക് പ്രവേശനം മറ്റന്നാൾ രാവിലെ 10 മണിക്ക് ശേഷമായിരിക്കും. കാൽനടയായി എത്തുന്ന ഭക്തന്മാരെയാകും ആദ്യം പ്രവേശിപ്പിക്കുക.

നിലയ്ക്കലിൽനിന്നുള്ള കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്കിങും ദർശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് sabarimalaq.com വെബ് പോർട്ടൽ (ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം) പൊലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19വരെ ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ദർശന സമയം ബുക്ക് ചെയ്യാം.

അതേസമയം സുപ്രീംകോടതിയുടെ പുതിയ ഇടപെടലിൽ ശബരിമലയിൽ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോർഡിന് മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോർഡിന് മുന്നിലുള്ള പോംവഴി. ചൊവ്വാഴ്ചത്തെ കോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയിൽ കൂടുതൽ വ്യക്തത വന്നെന്നും അഡ്വ.ചന്ദ്ര ഉദയ് സിങ് ബോർഡിന് നിയമോപദേശം നൽകി.

യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹർജികൾ ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. നിലവിലെ വിധിക്ക് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമവായ നീക്കത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വംബോർഡ് നിയമോപദേശം തേടിയിരുന്നത്.
എന്നാൽ യുവതീപ്രവേശനം വേണമെന്ന് ആദ്യത്തെ കോടതി വിധിയേക്കാളും രണ്ടാമത്തെ കോടതി വിധി വ്യക്തത തരുന്നുണ്ടെന്നാണ് നിയമോപദേശം ലഭിച്ചത്.

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ദർശനത്തിനെത്തുന്ന സമയവും ദിവസവും ഓൺലൈനായി തിരഞ്ഞെടുക്കാനുള്ള ഓൺലൈൻ പോർട്ടൽ സംവിധാനം പൊലീസ് ആരംഭിച്ചത് ഒക്ടോബർ 30നാണ്. പോർട്ടലിൽ കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതോടൊപ്പം ദർശന സമയവും ലഭിക്കും. ഡിജിറ്റൽ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം വഴി കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാതെ ദർശന സമയം മാത്രം ബുക്കു ചെയ്യുന്നവർ നിലയ്ക്കലിലെ കൗണ്ടറിൽനിന്ന് ബസ് ടിക്കറ്റെടുക്കണം. അല്ലെങ്കിൽ കെഎസ്ആർടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മറ്റു സ്ഥലങ്ങളിൽനിന്ന് കെഎസ്ആർടിസി ബസുകളിൽ പമ്പയിലെത്തുന്നവർക്ക് നിലയ്ക്കലിൽനിന്ന് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല.

നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ മാത്രമേ അനുവദിക്കൂ. ടിക്കറ്റിന്റെ പ്രിന്റ് യാത്രക്കാർ കൊണ്ടുവരണം. പത്തുപേർക്കുവരെ ഒറ്റ ടിക്കറ്റായി ബുക്ക് ചെയ്യാം. യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ ബുക്കിങ് സമയത്ത് നൽകണം. 48 മണിക്കൂർവരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റാണ് നൽകുന്നത്. നിലയ്ക്കൽ - പമ്പ - നിലയ്ക്കൽ നോൺ എസി ബസ് ടിക്കറ്റിന് 80 രൂപയും എസി ബസ് ടിക്കറ്റിന് 150 രൂപയുമാണ്.

11.40 ലക്ഷം ടിക്കറ്റുകളാണ് കെഎസ്ആർടിസി ഓൺലൈൻ സംവിധാനത്തിലൂടെ ഇതുവരെ വിറ്റഴിഞ്ഞത്. കഴിഞ്ഞവർഷം 36 ലക്ഷംപേരാണ് ശബരിമല യാത്രയ്ക്കായി കെഎസ്ആർടിസിയെ ആശ്രയിച്ചത്. ഇത്തവണ രണ്ടരക്കോടിയോളം പേർ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ.

www.sabarimalaq.com എന്ന പൊലീസ് സൈറ്റിൽ ദർശനത്തിനായി ബുക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. കൂപ്പണുള്ളവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് നൽകും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവരെ മാത്രമേ പമ്പയിൽനിന്ന് കടത്തിവിടൂ. പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാൻ കഴിയാത്ത ഈ കാർഡുള്ളവർക്ക് മാത്രമേ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ നൽകൂ.

ഡിജിറ്റൽ ക്യൂ എൻട്രി കാർഡുള്ളവർ മാത്രമേ ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തിലേക്ക് പോകുന്നുള്ളൂ എന്നത് ഉറപ്പാക്കണമെന്ന് മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകും. ദുരുപയോഗം ഒഴിവാക്കാൻ എൻട്രി കാർഡിന്റെ കൗണ്ടർ ഫോയിൽ സന്നിധാനത്ത് ശേഖരിക്കും. കാർഡ് പരിശോധിക്കാൻ പത്തു കേന്ദ്രങ്ങൾ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഒൻപത് എസ്‌ഐ മാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റൽ ക്യൂ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. എസ്സിആർബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.

പൊലീസിന്റെ ശബരിമല വെർച്വൽ ക്യൂ സംവിധാനം വഴി ദർശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം 16 ലക്ഷത്തോളം പേർ ഇത്തരത്തിൽ ദർശനം നടത്തിയിരുന്നു. ഇത്തവണ ഓൺലൈൻ ബുക്കിങ്ങിനുള്ള ലിങ്ക് തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് വെബ്‌സൈറ്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്.