കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം വർദ്ധിച്ച് വരുന്ന ഈ കാലത്ത് സ്ത്രീ സുരക്ഷാ സംവിധാനങ്ങൾ നിർമ്മിച്ചാണ് പ്രദീപ് കുമാർ എന്ന മലയാളി സ്ത്രീകളുടെ മനസ്സിൽ ഇടം പിടിച്ചത്. 2001 ൽ പെൺകുട്ടികൾക്കായുള്ള ഇലക്ട്രിക് പെൻ നിർമ്മിച്ചായിരുന്നു പ്രദീപിന്റെ തുടക്കം. ശല്യം ചെയ്യുന്ന പുരുഷന്മാരെ ഷോക്കടിപ്പിച്ച് അൽപ്പ നേരത്തേക്ക് തരിപ്പിച്ച് നിർത്തുന്നതായിരുന്നു ഈ പേന.

എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ നഗരങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കായി പുത്തൻ സുരക്ഷാ സംവിധാനം ഒരുക്കിയാണ് പ്രദീപ് എന്ന ഈ മനുഷ്യൻ വീണ്ടും സ്ത്രീകളുടെ രക്ഷാ പുരുഷനായി മാറിയിരിക്കുന്നത്. നെറ്റ് വിഷൻ ബട്ടൺ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഈ ബട്ടണിൽ അമർത്തിയാൽ ഉടൻ പൊലീസുമായി സംസാരിക്കാമെന്നും കാമറാ നിരീക്ഷണത്തിലാകാമെന്നതുമാണ് ഇതിന്റെ പ്രത്യേകത.

കേരളത്തിൽ ആദ്യമായി ഈ സംവിധാനം വടകര ബസ്സ് സ്റ്റാൻഡിലാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ബസ്സ് സ്റ്റാൻഡിലെ പൊലീസ് ഔട്ട് പോസ്റ്റിലോ മറ്റെവിടെ എങ്കിലുമോ ഒരു ബട്ടൺ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വെളിച്ചമില്ലെങ്കിലും ദൃശ്യം വ്യക്തമാകുന്ന ക്യാമറയിൽ ഓഡിയോ സിസ്റ്റവും സ്ഥാപിക്കും.

ഈ ബട്ടൺ ജി.പി.എസ്. സംവിധാനത്തിലൂടെ അടുത്ത പൊലീസ് സ്റ്റേഷനിലെ ഉപകരണവുമായി ബന്ധിപ്പിക്കും. ആരെങ്കിലും ബട്ടൺ അമർത്തിയാൽ പൊലീസ് സ്റ്റേഷനിൽ ഒരുക്കിയ ഉപകരണത്തിൽ അലാറം ഉയരും. ദൃശ്യങ്ങൾ തെളിയുകയും ചെയ്യും. ഇതോടെ കാമറ നിരീക്ഷണത്തിലുമാവും. ഈ സംവിധാനം അടുത്തു തന്നെ കണ്ണൂരിലും സ്ഥാപിക്കും.

2001 ൽ പെൺകുട്ടികൾക്കായുള്ള ഇലക്ട്രിക് പെൻ നിർമ്മിച്ചായിരുന്നു പ്രദീപിന്റെ സ്ത്രീസുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലേക്കുള്ള തുടക്കം. ബസ്സുകളിൽ വ്യാപകമായ പൂവാല ശല്യം നിമിത്തം യുവതികൾക്കും പെൺകുട്ടികൾക്കും യാത്ര അസഹ്യമായ കാലം. ചെറിയ പേനയോളം വരുന്ന ഉപകരണം ഉണ്ടാക്കിയായിരുന്നു പ്രദീപിന്റെ തുടക്കം. പേനയിലെ ചെറിയ ബട്ടൺ ഓണാക്കി പൂവാലനെ തൊട്ടാൽ മതി. ആൾ അല്പസമയം തരിച്ച് നിന്നതു തന്നെ. കേരളത്തിലെ നഗരങ്ങളിലും അന്യ സംസ്ഥാനങ്ങളിലും ഈ പേന ഒട്ടേറെ പേർ വാങ്ങിച്ചിരുന്നു.

എട്ടിഞ്ച് നീളം മാത്രമുള്ള ഉപകരണത്തിന് സെഫ്റ്റി സ്റ്റിക് എന്നാണ് പ്രദീപ് കുമാർ നാമകരണം ചെയ്തത്. തലശ്ശേരിയിലെ സതേൺ ഇലക്ട്രോണിക്സ് നേരിട്ടാണ് ഇവ ഉപഭോക്താക്കളിലെത്തിക്കുന്നത്. ഒമ്പത് വോൾട്ട് ഉള്ള ബാറ്ററിയിൽ നിന്നും 2000 വോൾട്ട് എ.സി.ആക്കി മാറ്റിയാണ് ഇത് പ്രവർത്തിക്കുന്നത്. സ്പർശനമേറ്റ സ്ഥലത്ത് മാത്രമേ ഇതിന്റെ ആക്ഷനുണ്ടാകൂ. ദേഹത്തിലൂടെ ഈ ഷോക്ക് സഞ്ചരിക്കില്ല.

കറണ്ട് ലാത്തി, പെപ്പർ സ്പ്രെ, സ്റ്റൺ ഗൺ, സെഫ്റ്റി ബട്ടൺ, എന്നീ സ്ത്രീ സൗഹൃദ ഉപകരണങ്ങളിലാണ് പ്രദീപ് കുമാർ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗോവിന്ദച്ചാമിയിൽ നിന്നും മരണം ഏറ്റുവാങ്ങേണ്ടി വന്ന സൗമ്യ എന്ന പെൺകുട്ടിയുടെ ദുരനുഭവം ഉൾക്കൊണ്ടാണ് സ്റ്റൺ ഗൺ എന്ന ഉപകരണം കണ്ടു പിടിച്ചത്. ആരെങ്കിലും കടന്നു പിടിച്ചാൽ അക്രമിയെ അരമണിക്കൂർ നേരം ഷോക്കടിപ്പിച്ച് നിർത്തുന്നതാണ് സ്റ്റൺ ഗൺ.

മൊബൈൽ ഫോണിനോളം വലുപ്പമുള്ളതും കൊണ്ടു നടക്കാൻ എളുപ്പവുമായ സ്റ്റൺ ഗൺ ടോർച്ചായും സുരക്ഷാ സംവിധാനമായും ഉപയോഗിക്കാം. കൂട്ടായ അക്രമത്തിൽ പെട്ടാലും രക്ഷപ്പെടാം. എല്ലാവരേയും നേരിടാവുന്ന വിധം സ്പാർക്ക് ലൈറ്റ് തെളിഞ്ഞ് അലറം ഉയരും. അക്രമികൾ പിന്മാറിയില്ലെങ്കിൽ അവരുടെ ശരീരത്തിൽ സ്പർശിച്ചാൽ മതി. അയ്യായിരം വോൾട്ട് ശക്തിയുള്ള വൈദ്യുതി അയാളെ നിശശ്ചലനാക്കും.

പ്രദീപ് കുമാറിന്റെ സ്ത്രീ സുരക്ഷാ ഉപകരണങ്ങൾ രാജ്യത്തെ വൻ നഗരങ്ങളിലും കേരളത്തിൽ കൊച്ചി, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട്, എന്നീ നഗരങ്ങളിലുമാണ ചിലവഴിക്കപ്പെടുന്നത്.