കോതമംഗലം: തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്നുള്ള അയൽവാസിയായ യുവതിയുടെ ആരോപണത്തിൽ മനംനൊന്ത് 21 കാരി സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി. ശരീരമാകെ വെന്തനിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നേരിൽക്കണ്ടതിന്റെ ആഘാതം ഇനിയും വിട്ടുമാറിയിട്ടില്ലന്ന് ദൃസാക്ഷികൾ.

ഇന്നലെ രാവിലെ 7.30 തോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. പിണ്ടിമന മുണ്ടോംകണ്ടത്തിൽ സുജിത്തിന്റെ ഭാര്യ ദിവ്യ(21)യാണ് മരണടഞ്ഞത്. 150 മീറ്ററോളം അകലെ ചെറുവേലിക്കുടി ജെറിന്റെ വീട്ടിലെത്തിയാണ് ദിവ്യ പെട്രോളൊഴിച്ച് ദേഹത്ത് തീകൊളുത്തിയത്. സംഭവ സമയത്ത് ജെറിൻ വീട്ടിൽ ഇല്ലായിരുന്നു. വീട്ടിലെത്തിയ ദിവ്യ ജെറിന്റെ ഭാര്യയുമായി തർക്കത്തിലേർപ്പെട്ടുവെന്നും പിന്നാലെ കൈയിൽക്കരുതിയിരുന്ന പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് കോതമംഗലം പൊലീസ് നൽകുന്ന വിവരം. ഒരു വർഷം മുമ്പാണ് ദിവ്യയും സുജിത്തും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

ദിവ്യയും ജെറിനുമായി അവിഹിത ബന്ധമുണ്ടെന്ന് ജെറിന്റെ ഭാര്യ പ്രചരിപ്പിച്ചിരുന്നെന്നും ദിവ്യയുടെ ഭർത്താവിനെയും വീട്ടുകാരെയും മറ്റും ഇവർ ഈ വിവരം അറിയിച്ചെന്നും ഇതേക്കുറിച്ച് ചോദിക്കാനാണ് ദിവ്യ ഇന്നലെ രാവിലെ തന്റെ ഫാസിനോ സ്‌കൂട്ടറിൽ ജെറിന്റെ വീട്ടിലെത്തിയതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായിട്ടുള്ളത്.

ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ ജെറിന്റെ ഭാര്യ ആരോപണം ആവർത്തിച്ചുവെന്നും തുടർന്ന് ഇവർ നോക്കി നിൽക്കെ ദിവ്യ ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നുമാണ് അറിവായിട്ടുള്ളത്. നിലവിളികേട്ടെത്തിയവർ തീകെടുത്തിയപ്പോഴേയ്ക്കും ശരീരത്തിന്റെ 90 ശതമാനം ഭാഗത്തും പൊള്ളലേറ്റിരുന്നു. ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലഗുരുതരമായതിനാൽ കളമശ്ശേരി മെഡിക്കൽ കേളേജിലേയ്ക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 12.30 തോടെയായിരുന്നു മരണം.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നിലവിളിയും കേട്ടെത്തിയവർക്ക് ഒന്നും ചെയ്യാവാത്ത വിധത്തിൽ തീ ആളിപ്പർന്നിരുന്നു.പെട്രോൾ ഒഴിച്ചിരുന്നതിനാൽ തീ അതിവേഗം പടർന്ന് പൊള്ളലിന്റെ ആക്കം കൂട്ടി.വാഹനത്തിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോളാണ് ദിവ്യദേഹത്തൊഴിച്ചതെന്നാണ് പൊലീസ് അനുമാനം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.