ചണ്ഡിഗഢ്: മുഖംമറച്ച സ്ത്രീകൾ സംസ്ഥാനത്തിന്റെ മുഖമുദ്രയെന്ന് രേഖപ്പെടുത്തി കൊണ്ടുള്ള ഹരിയാന സർക്കാരിന്റെ പരസ്യം വിവാദമാകുന്നു. കർഷകർക്കായി സർക്കാർ പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകൾ സംസ്ഥാനത്തിന്റെ മുഖമുദ്ര എന്ന അർഥത്തിലുള്ള തലക്കെട്ട് നൽകിയിരിക്കുന്നത്.

തലയിൽ കാലിത്തീറ്റയുമേന്തി നിൽക്കുന്ന മുഖം പൂർണമായും തുണി കൊണ്ട് മറച്ച സ്ത്രീയുടെ ചിത്രമാണ് 2017 മാർച്ചിൽ പ്രസിദ്ധീകരിച്ച കൃഷി സംവാദ് മാഗസിനിലുള്ളത്. സ്ത്രീകളുടെ മുഖപടം ഹരിയാണയുടെ അഭിമാന ചിഹ്നം എന്നർഥം വരുന്ന വാക്കുകളാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

സ്ത്രീകളോടുള്ള ബിജെപി സർക്കാരിന്റെ പിന്തിരിപ്പൻ സമീപനമാണ് ഈ ചിത്രം വെളിവാക്കുന്നതെന്നാണ് കോൺഗ്രസ്സ് വക്താവ് റൺദീപ് സുർജാവാല പ്രതികരിച്ചു. ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യങ്ങൾ മുഴക്കി സർക്കാർ പദ്ധതികൾ രംഗത്തിറങ്ങുമ്പോഴും മറുവശത്ത് ലഘുലേഖകളിലൂടെ സ്ത്രീയെ ശാക്തീകരിക്കുന്നതിന് എതിരായ നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു.

ഏറ്റവും മോശമായ സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഹരിയാണ . 879 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്നതാണ് 2011 സെൻസസ് പ്രകാരമുള്ള ഇവിടങ്ങളിലെ കണക്ക്.