തിരുവനന്തപുരം: നവോത്ഥാന വനിതാ മതിൽ സംസ്ഥാന സർക്കാരിന്റെ സ്വന്തം പരിപാടി തന്നെയെന്ന് ഉറപ്പായി. ശബരിമല വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ച ഹിന്ദു ജാതി-മത സംഘടനകളുടെ യോഗമാണ് വനിതാ മതിലിന് തീരുമാനം എടുത്തതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമിതിയുടെ ചെയർമാനുമായി. എന്നാൽ ഇതിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു. നവോത്ഥാനം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും വ്യക്തമാക്കി.

ഇതോടെ കൃത്യമായ അജണ്ടയില്ലാത്ത പരിപാടിയായി വനിതാ മതിൽ മാറി. പ്രതിപക്ഷവും ബിജെപിയും നിസ്സഹകരണം പ്രഖ്യാപിച്ചു. ഇതോടെ സർക്കാരിന് വാശി കൂടി. എങ്ങനേയും വനിതാ മതിൽ വിജയിപ്പിക്കാനാണ് തീരുമാനം. ഇതിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് തീരുമാനം. പ്രളയത്തിൽ തകർന്ന പ്രദേശങ്ങളുടെ നിർമ്മാണത്തിന് നവകേരളം എന്ന് സർക്കാർ പേരിട്ടു. എന്നാൽ നവ കേരള നിർമ്മിതിക്ക് പണം മാത്രം സർക്കാരിന്റെ കൈയിൽ ഇല്ല. ഇതിനിടെയാണ് ഖജനാവിൽ നിന്ന് പണം ചെലവാക്കിയുള്ള നവോത്ഥാന മതിൽ എത്തുന്നത്. ഇതിനായി സർക്കാർ ജീവനക്കാരികളെ സമ്മർദ്ദത്തിലുമാക്കുകയാണ് ചെയ്യുന്നത്. ഇതോടെ നവോത്ഥാന മതിൽ വിവാദങ്ങളിൽ പെടുകായണ്.

നവകേരള നിർമ്മിതിക്ക് സാലറി ചലഞ്ചായിരുന്നു സർക്കാർ മുദ്രാവാക്യം. നിർബന്ധമായി പണം പിടിക്കാനുള്ള നീക്കം. ഇതിനായി സമ്മത പത്രം എഴുതിക്കൽ. ഇതെല്ലാം ഏറെ വിവാദമായി. സർക്കാർ ജീവനക്കാരുടെ വ്യക്തി സ്വാതന്ത്ര്യവും ഇഷ്ടവുമെല്ലാം ചർച്ചയായി. ഒടുവിൽ സർക്കാരിന്റെ തന്ത്രങ്ങളെ പൊളിക്കുന്ന ഹൈക്കോടതി വിധിയുമെത്തി. ജീവനക്കാരുടെ എതിർപ്പ് അംഗീകരിക്കുന്ന തരത്തിലായിരുന്ന കോടതി വിധി. ഇതൊന്നും സർക്കാരിന് പാഠമായി മാറുന്നില്ല. ഇതാണ് നവോത്ഥാന വനിതാ മതിലിലും സംഭവിക്കുന്നത്. സർക്കാരിന് സ്വാധീനിക്കാനാവുന്ന അത്രയും സ്ത്രീകളെ മതിലിൽ അണിനിരത്താനാണ് നീക്കം. ഇതിന് വേണ്ടിയാണ് സർക്കാർ ജീവനക്കാരികളേയും അംഗനവാടി ടീച്ചർമാരേയും കുടുംബശ്രീ പ്രവർത്തകരേയും വനിതാ മതിലിൽ പങ്കെടുപ്പിച്ചേ അടങ്ങൂവെന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അദ്ധ്യാപകരെയും 'വനിതാ മതിലി'ൽ പങ്കെടുപ്പിക്കാാണ് സർക്കാർ തീരുമാനം. ഇതിനായി സാലറി ചാലഞ്ച് മാതൃകയിൽ സർവീസ് സംഘടനകൾ വഴി ജീവനക്കാർക്കു മേൽ സമ്മർദം ചെലുത്താനാണു നീക്കം. ജീവനക്കാരെ പങ്കെടുപ്പിക്കാൻ സംഘടനകളോട് ആവശ്യപ്പെടണമെന്നു നിർദ്ദേശിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. ആശ-അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകൾ എന്നിവരെയും പങ്കെടുപ്പിക്കാൻ നിർദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നും വ്യക്തമാണ്. ഇതിനൊപ്പം സംഘാടക സമിതിയുടെ ചുതലകൾ വനിതാ മതിലിന്റെ കൺവീനറായണ്. വനിതാ മതിലിലിന് സർക്കാർ ഖജനാവിൽ നിന്ന് പണം എടുക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളുന്ന തരത്തിലാണ് ഇപ്പോൾ സർക്കാർ തീരുമാനം വരുന്നത്. പണവും ഖജനാവിൽ നിന്ന് തന്നെ പോകും.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂർണമായും സർക്കാർ വഹിക്കുമെന്നും തുക അനുവദിക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. ആളെ ചേർക്കുന്നതിനും പ്രചാരണ സന്ദേശങ്ങൾ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കാൻ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനുള്ള പണമെല്ലാം സർക്കാർ അനുവദിക്കും.

പ്രളയം കേരളത്തെ തളർത്തി. ഇതിന്റെ പേരിൽ ചെലവ് ചുരുക്കലും പ്രഖ്യാപിച്ചു. നവകേരള നിർമ്മിതിക്കായുള്ള 31.000കോടി കണ്ടെത്താനായിരുന്നു ഇത്. പലതുള്ള പെരുവള്ളം എന്ന തരത്തിൽ പണം സ്വരൂപിപ്പിക്കാനായിരുന്നു നീക്കം. സാലറി ചലഞ്ചുൾപ്പെടെ എല്ലാം അവതാളത്തിലായപ്പോൾ വലിയ പ്രതിസന്ധിയിലായി നവകേരളം. ഇതിനിടെയാണ് വനിതാ മതിലിന് വേണ്ടിയുള്ള ധൂർത്ത്. ഇത് പുതിയ ചർച്ചകൾക്കും വഴി വക്കും.

കൺവീനർ കളക്ടർ

നാളെ മുതൽ 12 വരെ കലക്ടർമാർ യോഗം വിളിച്ചു സംഘാടക സമിതികൾക്കു രൂപം നൽകണം. കലക്ടർ സംഘാടക സമിതി കൺവീനറും പൊതുജന സമ്പർക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കൺവീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലൻ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചു.

കാസർകോട്- ഇ. ചന്ദ്രശേഖരൻ, കണ്ണൂർ- ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, വയനാട്- രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട്- ടി.പി. രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, മലപ്പുറം- കെ.ടി.ജലീൽ, പാലക്കാട്- എ.കെ. ബാലൻ, കെ.കൃഷ്ണൻകുട്ടി, തൃശൂർ- സി.രവീന്ദ്രനാഥ്, വി എസ്. സുനിൽകുമാർ, എറണാകുളം- എ.സി. മൊയ്തീൻ, ഇടുക്കി- എം.എം. മണി, കോട്ടയം- പി. തിലോത്തമൻ, ആലപ്പുഴ- ജി. സുധാകരൻ. ടി.എം. തോമസ് ഐസക്, പത്തനംതിട്ട- കെ. രാജു, കൊല്ലം- ജെ. മേഴ്‌സിക്കുട്ടിയമ്മ, തിരുവനന്തപുരം- കടകംപള്ളി സുരേന്ദ്രൻ.-എന്നിങ്ങനെയാണ് ഓരോ ജില്ലയ്ക്കും ചുമതല കൊടുത്തിരിക്കുന്ന മന്ത്രിമാർ.

ശബരിമലയിൽ യുവതീ പ്രവേശനത്തിന് വേണ്ടിയാണോ വനിതാ മതിൽ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സർക്കാർ പരാജയപ്പെട്ടു എന്നും കെ സുരേന്ദ്രൻ പറഞ്ഞു. യുവതീ പ്രവേശത്തിൽ കോടതി വിധി വന്നപ്പോഴുള്ള നിലപാടാണോ ഇപ്പോഴത്തെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ബിജെപി നിലപാട്. കോൺഗ്രസും വനിതാ മതിലിനെ എതിർക്കുകയാണ്. ഇതിനെ സിപിഎം പാർട്ടി പരിപാടിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചത്. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ജീവനക്കാരുടെ ഏകോപനത്തിൽ വനിതാ മതിൽ സൃഷ്ടിക്കാൻ മുന്നോട്ട് പോകുന്നത്.

എന്നാൽ ജനുവരി ഒന്നിലെ വനിതാ മതിലിനു ത്രിതല നേതൃസംവിധാനമൊരുക്കാൻ എൽഡിഎഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ രൂപംകൊണ്ട നവോത്ഥാന സംരക്ഷണസമിതി, എൽഡിഎഫിന്റെ വനിതാ സംഘടനകളുടെ സമിതി, സർക്കാർ തലത്തിലുള്ള സംവിധാനം എന്നിവ ഒരുമിച്ചാണു വനിതാമതിൽ സംഘടിപ്പിക്കുക. പാർട്ടിയും മുന്നണിയും സർക്കാരും പരസ്യമായി കൈകോർത്ത് ഇത്രയും ബൃഹത്തായ രാഷ്ട്രീയ പ്രചാരണപരിപാടി കേരളത്തിൽ ആദ്യമാകും.

മതിൽ വിജയിപ്പിക്കാൻ സിപിഎമ്മും

സിപിഎമ്മിന്റെ കുടക്കീഴിലുള്ള എല്ലാ സംഘടനകളുടെയും യോഗം എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ചുചേർത്തിരുന്ു. ജനാധിപത്യ മഹിളാ അസോസിയേഷനിൽ മാത്രം കേരളത്തിൽ 51 ലക്ഷം അംഗങ്ങളുണ്ടെന്നാണു പാർട്ടിയുടെ കണക്ക്. ഡിവൈഎഫ്‌ഐയിൽ 24 ലക്ഷം യുവതികളേയും എസ്എഫ്‌ഐയിൽ ഒമ്പതുലക്ഷം പെൺകുട്ടികളേയും കണക്കു കൂട്ടുന്നു. മറ്റു സംഘടനകളിലെ സ്ത്രീകൾ ജനാധിപത്യമഹിളാ അസോസിയേഷനിലും അംഗങ്ങളാകാമെന്നതിനാൽ ആ 51 ലക്ഷം ഒരു സൂചകമായി കണക്കാക്കാമെന്ന ധാരണയാണുണ്ടായത്.

എൽഡിഎഫിലെ വനിതാ സംഘടനകളുടെ യോഗവും കഴിഞ്ഞദിവസം എകെജി സെന്ററിൽ ചേർന്നിരുന്നു. ഈ രണ്ടു യോഗങ്ങളുടെയും തുടർച്ചയായി എൽഡിഎഫിന്റെയും മുന്നണിയുമായി സഹകരിക്കുന്ന വിവിധ പാർട്ടികളുടെയും വനിതാ സംഘടനാ യോഗം 13നു ചേരും. ഈ യോഗം സ്ത്രീകളുടെ സംഘാടക സമിതിയെ തിരഞ്ഞെടുക്കും. മതിലിനു രാഷ്ട്രീയനേതൃത്വം കൊടുക്കുന്നത് ഇവരായിരിക്കും. മുഖ്യമന്ത്രി വിളിച്ചുചേർത്ത നവോത്ഥാനസംഘടനകളുടെ യോഗം തിരഞ്ഞെടുത്ത സംഘാടകസമിതി അതതു വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെ മതിലിലേക്കു റിക്രൂട്ട് ചെയ്യും.

അങ്ങനെ വനിതാ മതിലിന് ആവശ്യമായ സ്ത്രീകളെ കണ്ടെത്താമെന്നാണ് പ്രതീക്ഷ. എസ്എൻഡിപിയും കെപിഎംഎസും വനിതാ മതിലിന്റെ വിജയത്തിന് മുന്നിലെത്തുമെന്നാണ് സർക്കാർ വിലയിരുത്തൽ.