തിരുവനന്തപുരം: കേരളത്തിൽ അഴിമതിക്കെതിരെ പോരാടായി ചുരുക്കം ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡിജിപി റാങ്കുള്ള ജേക്കബ് തോമസ്. അത്തരത്തിലൊരു ഉദ്യോഗസ്ഥനെ ഒരു വർഷമായി അഴിമതിക്കാരനായി ചിത്രീകരിച്ച് സസ്‌പെൻഷനിൽ നിർത്തിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് പിണറായിയുടെ പ്രതികാരം. പറയുന്നത് കേട്ടില്ലെങ്കിൽ എന്താകും ഫലമെന്ന് സർക്കാർ ഉദ്യോഗസ്ഥർക്കും അദ്ധ്യാപകർക്കുമെല്ലാം അറിയാം. അതുകൊണ്ട് തന്നെ പ്രതിഷേധം മനസ്സിൽ ഒതുക്കി നവോത്ഥാനം പറയുകയാണ് അവർ. വനിതാ മതിലിന്റെ ഭാഗമാകാൻ സർക്കാർ നിർബന്ധിചിചില്ലെങ്കിലും പോയില്ലെങ്കിൽ പണി ഉറപ്പാണെന്ന് ജീവനക്കാർക്ക് അറിയാം. സ്ഥലം മാറ്റം ഭയന്നും പ്രതികാര നടപടി ഒഴിവാക്കാനുമായി അവർ നവോത്ഥാനം പറയുകയാണ്. വനിതാ മതിലിൽ ഇവരും മനസ്സില്ലാ മനസോടെ പങ്കടെക്കും. അതിനിടെ സംസ്ഥാനത്ത് വനിതാ മതിലിന്റെ പേരിൽ സംഘടനാ നേതാക്കളും പാർട്ടിക്കാരും വ്യാപക പിരിവും തുടങ്ങി. ഇതിനിടെയാണ് ഖജനാവിലുള്ള 50 കോടി വനിതാ മതിലിന് വേണ്ടി ചെലവാക്കുമെന്ന് ഹൈക്കോടതിയെ സർക്കാർ അറിയിച്ചത്. ഇതോടെ വലിയ സാമ്പത്തിക തട്ടിപ്പിന് സാധ്യതയും ഒരുങ്ങുകയാണ്.

വനിതാ മതിലിന്റെ സംഘാടനത്തിന് ഖജനാവിൽ നിന്ന് പണം എടുത്താലും അത് എത്തുക നടത്തിപ്പുകാരായ സംഘടനാ നേതാക്കൾക്കാണ്. ഭക്ഷണം വാങ്ങിയ വകയിലും വണ്ടി ബുക്ക് ചെയ്ത വകയിലുമെല്ലാം കോടികൾ ഈ നേതാക്കൾക്ക് എഴുതിയെടുക്കാം. ഇതിനൊപ്പമാണ് സാധാരണക്കാരെ വരെ പിരിച്ചുള്ള ഫണ്ട് ശേഖരണം. ഇതോടെ ഒരു വിഭാഗത്തിന് പണമുണ്ടാക്കാനുള്ള മാർഗ്ഗമായും വനിതാ മതിൽ മാറുകയാണ്. ളുകളിൽ അദ്ധ്യാപകരുടെ പോസ്റ്റർ രചന, സർക്കാർ ഓഫിസുകളിൽ ബാനർ വരയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥർക്കു സ്‌പോൺസർഷിപ് കണ്ടെത്തൽ .വനിതാ മതിൽ ചരിത്ര സംഭവമാക്കാൻ സർക്കാർ ജീവനക്കാരെ ഏൽപിച്ച ജോലികളിളാണ് ഇവ. എതിർപ്പുണ്ടെങ്കിലും തത്കാലം ചെയ്യാതെ നിവർത്തിയില്ലെന്ന് ജീവനക്കാർ പറയുന്നു. ഇടതുപക്ഷ സർവീസ് സംഘടനാ നേതാക്കളും പാർട്ടി നേതാക്കളും പറഞ്ഞാൽ കേട്ടില്ലെങ്കിലുള്ള ഭവിഷ്യത്ത് തിരിച്ചറിഞ്ഞ എല്ലാം ചെയ്യുകയാണ് അവർ. വനിതാ മതിലിനായി സർക്കാർ പണം ചെലവിടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോൾ പണത്തിനു പകരം ഇത്തരം നടപടികൾ ജീവനക്കാരെ കൊണ്ടു ചെയ്യിക്കുന്നത് ഒരു ഉത്തരവുമില്ലാതെയാണ്.

പരീക്ഷയുടെയും ഉത്തരക്കടലാസ് പരിശോധനയുടെയും തിരക്കിനിടെയാണു മിക്ക അദ്ധ്യാപകരും പോസ്റ്റർ ഡിസൈനിങ്ങിനുകൂടി സമയം കണ്ടെത്തുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരോടു ചോദിച്ചാൽ തങ്ങൾ ഇങ്ങനെ ഉത്തരവ് നൽകിയിട്ടില്ലെന്നാണു മറുപടി. ചില സർക്കാർ ഓഫിസുകളിലാകട്ടെ ബാനറുകൾ വരയ്ക്കുകയും വരപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണു ജീവനക്കാർ. സംഘടനയുടെ പേരിൽ ഫ്‌ളക്‌സ് ബോർഡുകൾ പരമാവധി നിരത്തുകളിൽ നിറയ്ക്കാൻ ഇടതു സംഘടനകൾ മൽസരത്തിലാണ്. വനിതാ ശിശുക്ഷേമ വകുപ്പിനാണു പ്രചാരണത്തിന്റെ ചുമതല സർക്കാർ നൽകിയിട്ടുള്ളത്. ഇതിനൊപ്പം സ്റ്റേഷൻ പരിധിയിലെ ഗൂണ്ടകളെയും ക്രിമനലുകളെയും വിരട്ടി ചില്ലറ സ്‌പോൺസർഷിപ്പ് കണ്ടെത്തുകയാണ് പൊലീസ്. ആരെങ്കിലും പരാതിയുമായി വന്നാൽ എതിർകക്ഷിയെ വിളിച്ചു വരുത്തി അങ്ങനെയും സ്‌പോൺസർഷിപ്പ്. വനിതകളെ കൊണ്ടുപോകാനും കൊണ്ടുവരാനും വാഹനങ്ങൾ കണ്ടെത്തി കൊടുക്കുന്നതും ചില പ്രദേശങ്ങളിലെ നേതാക്കൾ ലോക്കൽ പൊലീസിനെ ഏൽപ്പിച്ചിരിക്കുകയാണ്. അങ്ങനെ അവരും പിരിവ് എടുക്കുന്നതിന്റെ തിരക്കിലാണ്.

പിണറായി പറഞ്ഞത് പച്ചക്കള്ളം

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉൾപ്പെടെ നടത്തിയ പ്രഖ്യാപനങ്ങൾ തെറ്റായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വസ്തുതകൾ . പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ അടിയന്തരപ്രമേയനോട്ടിസിനു മറുപടി പറയവേയാണ് വനിതാമതിലിന്റെ സംഘാടനത്തിനു സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഹൈക്കോടതിയിലെ സത്യവാങ് മൂലത്തിലൂടെ സർക്കാർ കള്ളം പറഞ്ഞുവെന്നും വ്യക്തമായി.

വനിതാ മതിലിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും വകുപ്പുകളുടെ ഏകോപനത്തിനുമായി സർക്കാർ പണം ചെലവിടുമെന്ന ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയതിനെത്തുടർന്ന് തിരുത്തിയിരുന്നു. സർക്കാർ പണം ചെലവിടുമെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ് 14ന് ഇറക്കി. സർക്കാരിന്റെ നയതീരുമാനവും സ്ത്രീശാക്തീകരണപദ്ധതികളുടെ ഭാഗവുമാണ് വനിതാമതിലെന്ന് സത്യവാങ്മൂലത്തിൽ പറയുമ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാനമൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചപ്പോൾ വിളിച്ച സംഘടനകളുടെ യോഗത്തിലാണ് വനിതാമതിൽ ഉണ്ടാക്കണമെന്നു തീരുമാനിച്ചതെന്നാണ്. ആ തീരുമാനത്തെ സർക്കാർ പിന്തുണയ്ക്കുകയായിരുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

വനിതാമതിലിനായി മനുഷ്യശേഷി പാഴാക്കുന്നില്ലെന്ന സത്യവാങ്മൂലത്തിലെ അവകാശവാദവും തെറ്റാണ്, സർക്കാർ ജീവനക്കാരെ വ്യാപകമായി ഉപയോഗിക്കുന്നത് ഇതിന് തെളിവാണ്.

ഖജനാവിലെ 50 കോടിയും മതിലും

വനിതാ മതിൽ സർക്കാർ ചെലവിലാണു നടത്തുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നീക്കിവെച്ച 50 കോടിയിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. ബജറ്റിൽ നീക്കിവെച്ച തുകയാണിത്. ചെലവഴിച്ചില്ലെങ്കിൽ നഷ്ടമാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

അതേസമയം സർക്കാർ തുക ചെലവാക്കുന്നതു തടയണമെന്ന വാദം കോടതി അംഗീകരിച്ചില്ല. പകരം ചെലവാകുന്ന തുകയുടെ കണക്കു പരിപാടിക്കു ശേഷം അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിനുള്ള തുക വകമാറ്റില്ല എന്ന സർക്കാർ വാദം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിൽനിന്ന് 18 വയസിൽ താഴെയുള്ള പെൺകുട്ടികളെ ഒഴിവാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. വനിതാ മതിലിനായി പണം ചെലവഴിക്കുന്നതു സംബന്ധിച്ച സർക്കാർ വിശദീകരണത്തിനെതിരെയും ഹൈക്കോടതി വിമർശനമുയർത്തി. പ്രളയ പുനരുദ്ധാരണത്തിന് വൻതുക ആവശ്യമുള്ളപ്പോൾ എന്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്? കഴിയുന്നത്ര തുക പുനരുദ്ധാരണത്തിനല്ലേ ചെലവഴിക്കേണ്ടതെന്നും കോടതി ചോദിച്ചു.

ലിംഗസമത്വബോധവത്കരണവും വനിതാശാക്തീകരണ സന്ദേശവുമാണ് മതിലുകൊണ്ട് ലക്ഷ്യമിടുന്നത്. ആ സന്ദേശം മനസ്സിലാക്കാൻ കുട്ടികൾ പദ്ധതിയിൽ പങ്കാളിയാകേണ്ടതില്ല. വനിതാമതിൽ വരുന്നതിലൂടെ അവർക്ക് ആ സന്ദേശം ലഭിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഇക്കാര്യത്തിന് കുട്ടികളെ നിർബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. അമ്മയ്‌ക്കൊപ്പം മതിലിൽ പങ്കെടുക്കാൻ വരുന്ന കുട്ടികളെ അനുവദിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. ടീച്ചർമാർ വിളിച്ചാൽ കുട്ടികൾക്ക് പോകേണ്ടിവന്നെന്നിരിക്കും. എന്നാൽ, അത് ഒഴിവാക്കേണ്ടത് സർക്കാരാണെന്നും കോടതി പറഞ്ഞു.

യുഎൻ സന്ദേശവും മതിലും

ജനുവരി ഒന്നിന് നടത്തുന്ന വനിതാമതിൽ രാഷ്ട്രീയപരിപാടിയല്ലെന്ന് സർക്കാർ. സാമൂഹിക നവോത്ഥാനരംഗത്ത് സംസ്ഥാന മുന്നേറ്റത്തിന്റെ പ്രചാരണവും ലിംഗസമത്വവും വനിതാശാക്തീകരണവും മുൻനിർത്തിയാണിത്. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്രസംഘടന കൺവെൻഷന്റെ സന്ദേശമുൾക്കൊണ്ടുകൂടിയാണ് ഇത് സംഘടിപ്പിക്കുന്നത്.

ഡിസംബർ ഏഴിന് സർക്കാർ ഇറക്കിയ ഉത്തരവിൽ വനിതാമതിലിൽ ജീവനക്കാരുടെ പങ്കാളിത്തം അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്. ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നില്ല. ആ ഉത്തരവ് ഡിസംബർ 12-ന് ഭേദഗതിചെയ്തു. ഫണ്ട് നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ് ഭേദഗതി. വനിതാമതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ല. പങ്കെടുക്കാത്തതിന്റെ പേരിൽ ശിക്ഷയുമുണ്ടാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.