- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിൽ സിപിഎം ലക്ഷ്യമിടുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ കേളികൊട്ട്; സർക്കാർ ചെലവിൽ സമുദായ സംഘടനകളെയും ഒപ്പം കൂട്ടി പരിപാടി ഗംഭീരമാക്കാൻ ഉറപ്പിച്ച് നേതാക്കൾ; മതിൽ വിജയിപ്പിക്കാനുള്ള ഉത്തരവുകൾ വിവാദമാകുന്നതോടെ ഇനി നിർദ്ദേശം വാക്കാൽ മതിയെന്ന് തീരുമാനം; മതിൽ സ്ട്രോങ്ങാക്കാൻ പരമാവധി വനിതകളെ എത്തിക്കാൻ ബ്രാഞ്ച് കമ്മറ്റികൾക്ക് നിർദ്ദേശം; കൊടിയില്ലാതെ സിപിഎം കച്ചമുറുക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ പാർട്ടി പരിപാടി വിജയിപ്പിക്കാൻ
തിരുവനന്തപുരം: വനിതാ മതിൽ എങ്ങനെയും വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഇടതു പക്ഷ സർക്കാർ. അതിന് വേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളും അവർ നടത്തുന്നു. ശബരിമല വിഷയത്തിൽ പ്രതിരോധിക്കാനായി തുടങ്ങിയ പരിപാടിയാണെങ്കിലും അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായും പ്രചരണ കേളികൊട്ടായും ഈ അവസരം മുതലാക്കാനാണ് സിപിഎം തീരുമാനം. കാരണം ഒരു സർക്കാർ പരിപാടിയുടെ പേരിൽ ബ്രാഞ്ച് തലത്തിൽ നിന്നു വരെ ആളുകളെ സംഘടിപ്പിച്ചും സമുദായ സംഘടനാ നേതാക്കളെയും അണികളെയും ഒപ്പം നിർത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിന് ലഭിക്കും. അതുകൊണ്ട് തന്നെയാണ് എന്തുവില കൊടുത്തും മതിൽ വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎം നേതാക്കളും അണികളും. അതിനിടെ മതിലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മറുതന്ത്രം പയറ്റാനും സർക്കാർ ഒരുങ്ങുന്നുണ്ട്. വനിതാ മതിൽ വിജയിപ്പിക്കാനുള്ള സർക്കാർ ഉത്തരവുകളും സർക്കുലറുകളും മാധ്യമങ്ങളിലൂടെ വിവാദമാകുന്ന സാഹചര്യത്തിൽ
തിരുവനന്തപുരം: വനിതാ മതിൽ എങ്ങനെയും വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ഇടതു പക്ഷ സർക്കാർ. അതിന് വേണ്ടി എല്ലാവിധ തയ്യാറെടുപ്പുകളും അവർ നടത്തുന്നു. ശബരിമല വിഷയത്തിൽ പ്രതിരോധിക്കാനായി തുടങ്ങിയ പരിപാടിയാണെങ്കിലും അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമായും പ്രചരണ കേളികൊട്ടായും ഈ അവസരം മുതലാക്കാനാണ് സിപിഎം തീരുമാനം. കാരണം ഒരു സർക്കാർ പരിപാടിയുടെ പേരിൽ ബ്രാഞ്ച് തലത്തിൽ നിന്നു വരെ ആളുകളെ സംഘടിപ്പിച്ചും സമുദായ സംഘടനാ നേതാക്കളെയും അണികളെയും ഒപ്പം നിർത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിന് ലഭിക്കും. അതുകൊണ്ട് തന്നെയാണ് എന്തുവില കൊടുത്തും മതിൽ വിജയിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സിപിഎം നേതാക്കളും അണികളും.
അതിനിടെ മതിലിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ മറുതന്ത്രം പയറ്റാനും സർക്കാർ ഒരുങ്ങുന്നുണ്ട്. വനിതാ മതിൽ വിജയിപ്പിക്കാനുള്ള സർക്കാർ ഉത്തരവുകളും സർക്കുലറുകളും മാധ്യമങ്ങളിലൂടെ വിവാദമാകുന്ന സാഹചര്യത്തിൽ രേഖാമൂലം ഉത്തരവ് ഇറക്കുന്നത് അവസാനിപ്പിച്ചു. പകരം വാക്കാൽ നിർദ്ദേശം നൽകിയുള്ള സമ്മർദ തന്ത്രമാണു ഇപ്പോൾ സർക്കാർ പയറ്റുന്നത്. സർക്കാർ ഫണ്ട് പലവിധത്തിൽ ഉപയോഗിക്കുന്നതിൽ വിവിധ കോണുകളിൽ നിന്നും ശക്തമായ എതിർപ്പുണ്ട്. കൂടാതെ പിരിവുകൾ കൊണ്ടും ആളുകളെ ശ്വാസം മുട്ടിക്കുന്നു.
വനിതാ മതിൽ എങ്ങനെയും വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ രംഗത്തിറങ്ങിയിട്ടുണ്ട്. പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾ പിരിച്ചുവിടാൻ നിർദ്ദേശമുണ്ട്. യൂണിറ്റുകളെ സമ്മർദത്തിലാക്കി പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. കുടുംബശ്രീയിൽ 30 ലക്ഷം വനിതകളുണ്ട്. പകുതി പേർ പങ്കെടുത്താൽ പോലും മതിൽ വിജയിക്കുമെന്നാണു വിലയിരുത്തൽ. പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ പഞ്ചായത്തു സെക്രട്ടറിമാരെ ഉപയോഗിച്ചു കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്. വാർഡ് തലത്തിൽ കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ഹെൽപ്പർ, തൊഴിലുറപ്പു മേറ്റുമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, എസ്സി എസ്ടി പ്രമോട്ടർമാർ എന്നിവരുടെ യോഗം ഇന്നു വിളിച്ചു ചേർക്കും. 30, 31 തീയതികളിൽ വാർഡ് തലത്തിൽ സ്‌ക്വാഡ് പ്രവർത്തനത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.
മതിലിനായി സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും വിട്ടുകൊടുക്കാൻ നിർബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്. പങ്കെടുക്കുന്നവരെ എത്തിക്കാനായി ഡീസൽ നിറച്ച്, ഡ്രൈവർ ഉൾപ്പെടെ ബസ് വിട്ടു നൽകണമെന്നാണു നിർദ്ദേശം. മതിൽ ദിനമായ ജനുവരി ഒന്നിനു തൊഴിലുറപ്പു തൊഴിലാളികൾക്കു ഹാജർ നൽകാനും ബ്ലോക്കുകൾക്കു നിർദ്ദേശം നൽകി
അതിനിടെ വനിതാ മതിൽ ലോക്‌സഭയിലും ഇന്നലെ ചർച്ചയായി. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33% സംവരണം നടപ്പാക്കണമെന്നു ശൂന്യവേളയിൽ ആവശ്യപ്പെട്ട പി.കെ. ശ്രീമതി എംപിയാണു വനിതാ മതിലിനെക്കുറിച്ചു പരാമർശിച്ചത്. നവോത്ഥാന മൂല്യങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള വനിതാ മതിലിൽ വിഭാഗീയ ചിന്തകൾക്ക് അതീതമായി വനിതകൾ അണിനിരക്കുമെന്ന് ശ്രീമതി പറഞ്ഞു.
സ്ത്രീ സംവരണം നടപ്പാക്കുന്നതിൽ എൻഡിഎ, യുപിഎ സർക്കാരുകൾ വീഴ്ച വരുത്തി. ഇരു സർക്കാരുകളും വാഗ്ദാനം മാത്രമാണു നൽകിയത്. എളുപ്പത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്നെങ്കിലും യുപിഎ സർക്കാർ അതിനു തയാറായില്ല. മുൻ സർക്കാരിന്റെ കാലത്ത് സംവരണത്തെക്കുറിച്ചു വാതോരാതെ സംസാരിച്ച സുഷമാ സ്വരാജ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇപ്പോൾ മൗനം പാലിക്കുകയാണെന്നും അവർ ആരോപിച്ചു. ശ്രീമതിയുടെ ആവശ്യത്തെ പ്രതിപക്ഷ നിരയിലെ മറ്റു കക്ഷികൾ പിന്തുണച്ചു.
അതേസമയം വനിതാ മതിലിന് പിന്തുണ അറിയിക്കുന്നുവെന്നും ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ മതിലിൽ സജീവമായി പങ്കെടുക്കുമെന്നും സി കെ ജാനുവുംഅറിയിച്ചു. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ടീയ പാർട്ടിയെ മുന്നണിയുമായി സഹകരിപ്പിക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. പാർട്ടിയെ എൽഡിഎഫുമായി സഹകരിപ്പിക്കാനുള്ള തീരുമാനത്തെ പോസിറ്റീവായാണ് കാണുന്നത്. മുന്നണി സഹകരണം സംബന്ധിച്ച് തിങ്കളാഴ്ച കോഴിക്കോട് ചേരുന്ന ജെആർപി യോഗം തീരുമാനമെടുക്കുമെന്നും ജാനു പറഞ്ഞു. എല്ലാ ജില്ലയിൽ നിന്നുമുള്ള പ്രവർത്തകരെ വനിതാ മതിലിൽ പങ്കെടുപ്പിക്കുമെന്നും ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി.
വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ടെങ്കിലും അത് തൽക്കാലം അവഗണിക്കാനാണ് സർക്കാർ തീരുമാനം. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം വ്യക്തമാക്കിയിട്ടുണ്ട്. അടൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. വനിതാ മതിൽ വിജയിപ്പിക്കാൻ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പ്രമേയം ആഹ്വാനം ചെയ്യുന്നു. അടൂരിലെ മാർത്തോമാ യൂത്ത് സെന്ററിലാണ് ബാലസംഘത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്.
വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശമാണ് ബാലസംഘം മറികടക്കാനൊരുങ്ങുന്നത്. 18 വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിക്കരുതെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. അതേസമയം ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ബാലാവകാശ കമ്മീഷൻ രംഗത്ത് വന്നിരുന്നു. ഹൈക്കോടതിയുടേത് ജനാധിപ്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ തീരുമാനമാണ് ഹൈക്കോടതി ഉത്തരവ് തിരുത്തണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ വനിതാ മതിൽ സംഘാടനത്തിന്റെ പേരിൽ പണപ്പിരിവ് നടക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയായി സിപിഎം വീഡിയോ പുറത്തുവിട്ടു. പാർട്ടി പാലക്കാട് ജില്ലാ കമ്മറ്റിയാണ് വീഡിയോ പുറത്ത് വിട്ടത്. വനിതാ മതിലിന് വേണ്ടി നിർബന്ധിത പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പണം നൽകിയതിൽ പരാതിയില്ലെന്ന് വയോധി പറയുന്നതിന്റെ വീഡിയോ സിപിഎം പുറത്തുവിട്ടു. കോൺഗ്രസ് പഞ്ചായത്ത് അംഗം പറഞ്ഞതനുസരിച്ചാണ് മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചതെന്നും വയോധിക വെളിപ്പെടുത്തി.