തിരുവനന്തപുരം: നവോത്ഥാന വനിതാ മതിൽ വിജയിപ്പിക്കാൻ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സർക്കാർ മതിലിന് ആളെകൂട്ടാൻ ഉപയോഗിക്കുന്നത് ഭീഷണികൾ. താൽക്കാലിക ജീവനക്കാർ അടക്കമുള്ളഴരെ പിരിച്ചുവിടുമെന്ന് വരെ ഭീഷണിപ്പെടുത്തിയാണ് ആളെ കൂട്ടാൻ ശ്രമം നടക്കുന്നത്. സർക്കാർ ഫണ്ട് ചിലവഴിച്ചാൽ അത് വിവാദമാകുമെന്ന് ഭയന്ന് വ്യാപകമായി പിരിവാണ് സിപിഎം നേതാക്കളും പ്രവർത്തകരും നടത്തുന്നത്. ക്ഷേമ പെൻഷൻകാരെ പോലും വെറുതേ വിടാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇങ്ങനെ വ്യാപക പിരിവില്ലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും വസ്തുതകൾ മറിച്ചാണ്. അണികൾ തങ്ങൾക്ക് മേലുള്ള സമ്മർദ്ദം തീർക്കാൻ ചെറുകിട കച്ചവടക്കാരെ അടക്കം ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്.

മതിലിൽ പങ്കെടുക്കണമെന്ന കർശന നിർദ്ദേശമാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയിരിക്കുന്നത്. പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾ പിരിച്ചുവിടാൻ നിർദ്ദേശമുണ്ട്. യൂണിറ്റുകളെ സമ്മർദത്തിലാക്കി പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. കുടുംബശ്രീയിൽ 30 ലക്ഷം വനിതകളുണ്ട്. പകുതി പേർ പങ്കെടുത്താൽ പോലും മതിൽ വിജയിക്കുമെന്നാണു വിലയിരുത്തൽ. അയ്യപ്പ ജ്യോതിയേക്കാൾ ആളുകൾ എത്തുമെന്ന കാര്യത്തിൽ ആർക്കും സശയമില്ല. എങ്കിലും 25 ലക്ഷമെങ്കിലും എത്തിക്കണം എന്നാണ് പാർട്ടിയുടെ തീരുമാനം.

പരിപാടിയിൽ പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിൽ പഞ്ചായത്തു സെക്രട്ടറിമാരെ ഉപയോഗിച്ചു കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്. വാർഡ് തലത്തിൽ കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ഹെൽപ്പർ, തൊഴിലുറപ്പു മേറ്റുമാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്മാർ, എസ്സി എസ്ടി പ്രമോട്ടർമാർ എന്നിവരുടെ യോഗം ഇന്നു വിളിച്ചു ചേർക്കും. 30, 31 തീയതികളിൽ വാർഡ് തലത്തിൽ സ്‌ക്വാഡ് പ്രവർത്തനത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.

മതിലിനായി സ്വകാര്യ ബസുകളും സ്‌കൂൾ ബസുകളും വിട്ടുകൊടുക്കാൻ നിർബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്. പങ്കെടുക്കുന്നവരെ എത്തിക്കാനായി ഡീസൽ നിറച്ച്, ഡ്രൈവർ ഉൾപ്പെടെ ബസ് വിട്ടു നൽകണമെന്നാണു നിർദ്ദേശം. മതിൽ ദിനമായ ജനുവരി ഒന്നിനു തൊഴിലുറപ്പു തൊഴിലാളികൾക്കു ഹാജർ നൽകാനും ബ്ലോക്കുകൾക്കു നിർദ്ദേശം നൽകി. വനിതാ മതിൽ എങ്ങനെയും വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ രംഗത്തിറങ്ങിയിട്ടുണ്ട്. എംഎൽഎമാർക്കും പാർട്ടി നേതാക്കൾക്കുമൊക്കെ ആളുകളെ എത്തിക്കുന്നതിൽ ടാർജറ്റ് നൽകിയിട്ടുണ്ട്.

അതേസമയം വനിതാമതിലിന് ക്ഷേമപെൻഷൻകാരിൽ നിന്ന് പണംപിരിച്ചതിൽ പാലക്കാട്ട് കൂടുതൽ പരാതികൾ ഉണ്ടായിട്ടുണ്ട്. ഒറ്റപ്പാലത്തും എലപ്പുള്ളിയിലും കൂപ്പൺ നൽകാതെ ലക്ഷങ്ങളാണ് പിരിച്ചത്. അതേസമയം സഹകരണവകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനും പെൻഷൻകാരെ സമ്മർദത്തിലാക്കി പരാതികൾ ഇല്ലാതാക്കാനും പണംപിരിച്ചവർ നീക്കം തുടങ്ങി. എലപ്പുള്ളി പഞ്ചായത്ത് എട്ടാംവാർഡിലുള്ള ഗുരുസ്വാമിയെപ്പോലെ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ നിന്നെല്ലാം വനിതാമതിലിന് പണം ഈടാക്കി. രോഗികളും നിർധനരും വഴിയോരക്കച്ചവടത്തിലൂടെ ഉപജീവനം തേടുന്നവരുമെല്ലാം പണം നൽകിയവരാണ്.

പ്രതികരണങ്ങൾ ഏറെയുണ്ടെങ്കിലും പരാതികൾ ഇല്ലാതാക്കാനാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ പേരിൽ പണംപിരിച്ചവരുടെ ഇപ്പോഴത്തെ ശ്രമം. തൊഴിലുറപ്പുറപ്പു തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരോട് പരാതിപ്പെടരുതെന്ന് താക്കീത് നൽകി. പുതുശേരിയിലെ പണപ്പിരിവിനെക്കുറിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചതോടെ പാലക്കാട് സഹകരണ ജോയിന്റ് രജിസ്റ്റ്രാർക്ക് മുന്നിൽ കൂടുതൽ പരാതികൾ എത്തിക്കാതിരിക്കാനാണ് നീക്കം.

മാധ്യമങ്ങൾക്ക് മുന്നിൽ പരാതിപ്പെട്ടവരുടെ വീടുകളിലെത്തി സമ്മർദം ചെലുത്തി പരാതിയില്ലെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പ്രചാരണവുമുണ്ട്. ഒറ്റപ്പാലം, ആലത്തൂർ, കൊടുവായൂർ, കുഴൽമന്ദം എന്നിവിടങ്ങളിലും കൂപ്പൺ നൽകിയും ഇല്ലാതെയും ക്ഷേമപെൻഷൻകാരിൽ നിന്ന് ഇപ്പോഴും പിരിവ് തുടരുകയാണ്. പാലക്കാട് കോഓപ്പറേറ്റീവ് പ്രസിൽ കൂപ്പണുകൾ അച്ചടിച്ചതിനും തെളിവുകളുണ്ട്.

വനിതാമതിലിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജ. ആ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത ഡോക്ടർമാരും നഴ്‌സുമാരുമടക്കം പങ്കെടുക്കണം. എന്നാൽ ആരേയും നിർബന്ധിക്കില്ലെന്നും പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെയാണെങ്കിലും വകുപ്പു മന്ത്രിയുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാൻ വേണ്ടി പരിപാടിയിൽ പങ്കെടുക്കാനുള്ള സമ്മർദ്ദത്തിലാണ് ജീവനക്കാർ.

വനിതമതിലിൽ പങ്കെടുക്കുന്നവരുടെ പട്ടിക ശനിയാഴ്ചക്കുള്ളിൽ നൽകണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കുടുംബശ്രീയുടേയും തൊഴിലുറപ്പുകാരുടേയും യോഗം വൈകിട്ട് വിളിച്ചുചേർക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പഞ്ചായത്ത് സെക്രട്ടറിമാരോട് നിർദ്ദേശിച്ചു. വനിതമതിലിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ അടിയന്തര നിർദ്ദേശം.

വനിതമതിലിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേയാണ് ഈ നീക്കം. പ്രേരക്മാർ, എസ് സി എ സി ടി പ്രമോട്ടർ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ എന്നിവരുടെ അടിയന്തര യോഗം വിളിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള നിർദ്ദേശം. ശനിയാഴ്‌ച്ച വാർഡു തലത്തിലും യോഗം ചേരണം. ഓരോ വിഭാഗത്തിന്റേയും ചുമതലയുള്ളവർ മതിലിൽ പങ്കെടുക്കുന്നവരുടെ പട്ടിക തയാറാക്കി പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്. ഒരാളെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചു പറയുമ്പോഴാണ് ഈ കണക്കെടുപ്പ്.

ഉത്തരവിലെ മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്. വനിതാ മതിലിന്റെ മുദ്രാവാക്യങ്ങളുയർത്തി വാർഡുകൾ തോറുംബാനറുകൾ സ്ഥാപിക്കണം. ഞായർ,തിങ്കൾ ദിവസങ്ങളിൽ വീടുകളിൽ കയറി പ്രചാരണം നടത്തണം. വനിതാ മതിലുമായി ബന്ധപ്പെട്ട് വാർഡുകളിൽ നടക്കുന്ന പ്രവർത്തന മേൽനോട്ട ചുമതല അസിസ്റ്റന്റ് സെക്രട്ടറിമാർക്കും പഞ്ചായത്തുതല ഉത്തരവാദിത്തം സെക്രട്ടറിമാർക്കാണെന്നും ഉത്തരവിൽ പറയുന്നു

പിരിവിനെ എതിർക്കുന്നവരെ മർദ്ദിച്ചൊതുക്കും

വനിതാ മതിൽ പിരിവ് സംബന്ധിച്ച വിവരം പങ്കുവെക്കുന്നവരെ പോലും മർദ്ദിച്ചൊതുക്കുന്ന അവസ്ഥയാണ് നിലനിലുള്ളത്. വനിതാ മതിൽ പിരിവ് സംബന്ധിച്ച വിവരം മാധ്യമങ്ങൾക്ക് നൽകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിനു നേരെ കയ്യേറ്റമുണ്ടായി. ഉള്ള്യേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീർ നളന്ദയ്ക്കു നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കയ്യേറ്റമുണ്ടായത്. ഇയാൾ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കയ്യേറ്റം ചെയ്തത് ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. വനിതാ മതിലിന് പെൻഷൻ കാരിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന വാർത്തയുടെ പേരിലായിരുന്നും മർദ്ദനം. വികലാംഗ പെൻഷൻകാരിൽ നിന്നടക്കം ഉള്യേരിക്കടുത്ത നൊച്ചാട്ടിലെ മൂന്ന് പേരുടെ പെൻഷൻ തുകയിൽ നിന്നായിരുന്നു വനിതാ മതിലിന് പണപ്പിരിവ് നടത്തിയത്. സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് അപലപിച്ചു.

ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലിൽ 30 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ശക്തമായി എതിർക്കുമ്പോൾ തന്നെ വനിതാ മതിൽ വൻ വിജയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചിരുന്നു.'വർഗീയ മതിലെ'ന്നു പ്രതിപക്ഷം എതിർക്കുന്ന വനിതാ മതിലിനെ സ്‌നേഹമതിലാക്കി മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ജനുവരി ഒന്നിന് 3.30 ന് വനിതാ മതിലിന്റെ ട്രയൽ റൺ നടക്കും. നാലിനു മതിൽ ഒരുക്കും. തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പ്രമുഖർ പങ്കെടുക്കും. ഓരോ ജില്ലയിലും 30 പൊതു സമ്മേളനങ്ങളെങ്കിലും സംഘടിപ്പിക്കാനാണു തീരുമാനം. മന്ത്രിമാർ ഉൾപ്പെടെ വനിതാ മതിലിൽ അണിനിരക്കും. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.