തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും സിപിഎമ്മും നവോത്ഥാനത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു കൊണ്ടായിരുന്നു. ഈ വിഷയത്തിൽ കോടതി വിധി നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങി ഒടുവിൽ പരാജയപ്പെട്ടതോടെയാണ് വനിതാ മതിൽ തീർക്കാൻ ഇറങ്ങിത്തിരിച്ചത്. ശബരിമല വിധിയെ എതിർക്കുന്നവരും യുവതികളെ തടയാൻ മുന്നിൽ നിന്നവരുമായിരുന്നു മതിലിന്റെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നത്. ഇതിൽ പ്രധാന കക്ഷിയായ എസ്എൻഡിപി അണികളുടെ വികാരം മാനിച്ച് വനിതാ മതിലിന് ശബരിമല യുവതീ പ്രവേശനവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യം വെള്ളാപ്പള്ളിയും മകനും ആവർത്തിക്കുകയും ചെയ്തു.

എന്നാൽ, ഒടുവിൽ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി എസ്എൻഡിപിയെയും മറ്റു സംഘടനകളെയും ഒരുപോലെ വെട്ടിലാക്കി. ശബരിമലയിലെ യുവതീപ്രവേശന വിഷയം തന്നെയാണ് മതിൽ നിർമ്മാണത്തിന് ആധാരമായതെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.  സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി. വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചു. പ്രചാരണം നടന്നത് ഹിന്ദു മതവിഭാഗങ്ങൾക്ക് ഇടയിലാണ്. അതിനാലാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാ മതിലിനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് ഒന്നും അറിയാത്തവരാണ് വിമർശനം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിൽ വർഗസമര കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന വി എസ് അച്യുതാനന്ദന്റെ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. വനിതാ മതിൽ വർഗ സമര കാഴ്ചപ്പാടിന് എതിരല്ല. സമുദായ സംഘടനകളുമായി മുമ്പും ചേർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനിതാമതിലുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലോ മറ്റു യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമർശം സർക്കാർ നടത്തിയിരുന്നില്ല. വനിതാമതിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്താനാണെന്നും ശബരിമലയിൽ യുവതികൾ കയറരുതെന്നാണു നിലപാടെന്നുമായിരുന്നു പ്രധാന സംഘാടകരിലൊരാളായ എസ്എൻഡിപി വ്യക്തമാക്കിയത്. ഇതിനിടെയാണു ശബരിമല വിധിയും വനിതാമതിലും ബന്ധമുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതോടെ എത്രപേർ നാളത്തെ മതിൽ പങ്കെടുക്കുമെന്ന കാര്യത്തിൽ എസ്എൻഡിപിക്കുള്ളിലും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

ആറ് ലക്ഷം പേരെ അണിനിരത്തുമെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. എന്നാൽ, ശബരിമല യുവതീപ്രവേശന വിഷയത്തിലാണ് മതിലെന്ന അവസ്ഥ വന്നതോടെ കളം മാറി. ഇപ്പോൾ അതിന്റെ പകുതി പോലും സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യോഗം നേതൃത്വം എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പേട്ടയിൽ പ്രതീകാത്മക മതിൽ സംഘടിപ്പിക്കാൻ ഇറങ്ങിയപ്പോൾ കടുത്ത എതിർപ്പാണ് നേതൃത്വം നേരിട്ടത്. ഒരു പറ്റം യുവതികൾ മതിൽ തീർക്കാൻ ഇല്ലെന്ന് പറഞ്ഞ് വിട്ടു നിൽക്കുന്ന അവസ്ഥയുമുണ്ടായി.

പരിപാടിയിൽ സ്വാഗത പ്രാസംഗികൻ തുടക്കം മുതൽ അവസാനം വരെ മതിലിനെ കുറിച്ച് സ്ത്രീളെ ബോധവത്കരിച്ചു. സഹിക്കെട്ടപ്പോൾ സ്ത്രീകൾ വീണ്ടും ബഹിഷ്‌കരണം തുടങ്ങി. ഹാളിൽ നിന്ന് ഓരോരുത്തരായി പുറത്തേയ്്ക്ക് പോയി. ഇതോടെ വേദിയിലിരുന്ന വനിതാ ഭാരവാഹികൾ ഹാളിന്റെ വാതിലിന് മുന്നിൽ എത്തി പോകുന്നവരെ തടഞ്ഞു. എന്നാൽ അത് വകവയ്ക്കാനും ആരും തയ്യാറായില്ല. സ്വാഗതപ്രസംഗം അവസാനിക്കുന്നത് വരെയും ബഹിഷ്‌കരണം തുടർന്നു. സ്ത്രീകൾ കൂട്ടത്തോടെ പോകുന്നുവെന്ന് മനസിലാക്കിയ അദ്ധ്യക്ഷൻ പ്രസംഗത്തിന്റെ ശൈലി മാറ്റി.

വനിതാമതിൽ ചേരാൻ എസ്.എൻ.ഡി.പി യോഗത്തെ ക്ഷണിച്ചത് സർക്കാരണെങ്കിലും അതിൽ പങ്കാളിയാകണമെന്ന് നമ്മളോട് ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനാണ്. നമുക്ക് കോടിക്കണക്കിന് രൂപ വായ്പ ലഭിക്കാൻ കാരണക്കാരനായ ആ മനുഷ്യൻ പറയുന്നത് നിങ്ങൾ കേൾക്കില്ലേ? ആ വാക്കുകൾ അനുസരിക്കാതിരുന്നാൽ അത് നന്ദികേടാകുമെന്നും. നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂവെന്നും അത് മറക്കരുതെന്നും അദ്ധ്യക്ഷനായ യൂണിയൻ ഭാരവാഹി ഓർമ്മിപ്പിച്ചു.

എന്നിട്ടും സത്രീകൾ ഇറങ്ങിപ്പോക്ക് തുടർന്നു. പ്രീതി നടേശൻ പ്രസംഗിക്കാൻ എഴുന്നേറ്റതോടെ കൂട്ടത്തോടെ സ്ത്രീകൾ പുറത്തേയ്ക്ക് ഇറങ്ങി. ഇതോടെ ഭാരവാഹികളിൽ ചിലർ ഹാളിന്റെ വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും മറ്റു ചിലർ എതിർത്തു. സ്ത്രീകൾ മതിലിന് എതിരാണെന്ന് ബോധ്യമായ പ്രീതി നടേശനും ബോധവത്കണ ക്ലാസെടുക്കുന്നത് പോലെ പ്രസംഗിച്ചു. ഗുരുദേവന്റെ വാക്കുകൾ നമുക്ക് മതിലിലൂടെ പ്രചരിപ്പിക്കണം. മതിലിന് രാഷ്ട്രീയമില്ല. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ബിജെപിയും എസ്.എൻ.ഡി.പി യോഗത്തെ തള്ളി പറഞ്ഞിട്ടുണ്ട്. ആരോടും നമുക്ക് അമിത സ്‌നേഹമില്ല. എന്നാൽ നവോത്ഥാനത്തിന്റെ പേരിൽ കൈകോർക്കാൻ വിളിച്ചാൽ അതിൽ നിന്ന് മാറി നിൽക്കുന്നത് ഗുരുദേവനെ ധിക്കരിക്കുന്നതിന് തുല്യമാണ്. വനിതാമതിൽ ശബരിമലയിൽ സ്ത്രീകളെ കയറ്റാനല്ല. സ്ത്ീകളെ കയറ്റാൻ എസ്.എൻ.ഡിപി യോഗം കൂട്ടുനിൽക്കില്ലെന്നും അവർ പറഞ്ഞു.

ജനുവരി ഒന്നിന് ഞാൻ ഉണ്ടാകും നിങ്ങളും ഉണ്ടാകണമെന്ന് പറഞ്ഞാണ് പ്രീതിനടേശൻ പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ ഈ വാക്കകളൊന്നും അംഗീകരിക്കാൻ തയ്യാറകാതെ തങ്ങളെ മതിലിൽ പങ്കെടുപ്പിച്ച ദേഷ്യത്തിലായിരുന്നു സ്ത്രീകൾ മടങ്ങിയത്.
വനിതാമിലിനെ എൻ.എസ്.എസ്. ശക്തമായി എതിർക്കുമ്പോഴും ഞങ്ങൾ കൂടെ ഉണ്ടാകുമെന്ന ഉറപ്പാണ് വെള്ളപ്പള്ളി പിണറായിക്ക് നൽകിയിരിക്കുന്നത്. എന്നാൽ, മതിലിനൊപ്പം യുവതികൾ എസ്എൻഡിപി യോഗത്തിലെ യുവതികൾ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ബിജെപിക്കൊമുള്ള മകൻ തുഷാറിനെ പോലും അയ്യപ്പജ്യോതിയിൽ പങ്കെടുപ്പിക്കാതെ മാറ്റി നിറുത്തി. വനിതാമതിലിൽ അണിചേരുമെന്ന് തുഷാറിനെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. എന്നാൽ താഴേതട്ടിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്ന് മനസിലാക്കിയതോടെ എസ്.എൻ.ഡി.പി യോഗ നേതൃത്വവും വെട്ടിലായിരിക്കുകയാണ്. ഒന്നാം തീയതി സർക്കാർ മതിൽ പണിയുമ്പോൾ വെള്ളാപ്പള്ളിയുടെ വാക്കിന് വിലയുണ്ടാകാൻ വേണ്ടി നെട്ടോട്ടമോടുകയാണ് നേതാക്കൾ.

അതേസമയം നാളത്തെ പരിപാടി ഏതുവിധേനെയും വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. കേരളത്തെ ഭ്രാന്താലയമാക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് വനിതാമതിൽ ചൊവ്വാഴ്ച. കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റർ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീർക്കുന്ന മതിലിൽ അമ്പതുലക്ഷം വനിതകളെ സംഘാടകർ പ്രതീക്ഷിക്കുന്നു.

മൂന്നുമണിയോടെ വനിതകൾ ദേശീയപാതയിലെ നിശ്ചിതകേന്ദ്രങ്ങളിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്സൽ. നാലുമുതൽ നാലേകാൽ വരെയാണ് മതിൽ തീർക്കുക. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ യോഗം. കാസർകോട്ട് മന്ത്രി കെ.കെ. ശൈലജ മതിലിന്റെ ഭാഗമാകും. വെള്ളയമ്പലത്ത് യോഗത്തിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പങ്കെടുക്കും. മതിൽ ഒരുക്കുന്ന ജില്ലകളിലെല്ലാം മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

ഇതുവരെ ഉയർന്ന എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടിയാകും വനിതാമതിലിന്റെ വിജയവും സ്ത്രീപങ്കാളിത്തവുമെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 178 സാമൂഹിക സംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും ശ്രീകുമാർ പറഞ്ഞു. 31.15 ലക്ഷം വനിതകളാണ് മതിൽ തീർക്കാൻ വേണ്ടതെന്ന് സമിതി പറയുന്നു. വർഗീയമതിലെന്ന ആക്ഷേപം സമൂഹം തള്ളിക്കളഞ്ഞതായാണ് സമിതിയുടെ വിലയിരുത്തൽ. വനിതാമതിൽ വിജയമാകുമെന്നതിൽ സംശയമില്ലെന്നും സർക്കാരിന്റെ ഒരു സംവിധാനവും ഇതിനായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച നവോത്ഥാന സംഘടനകളുടെ യോഗത്തിൽ പറഞ്ഞു.