തിരുവനന്തപുരം: ജന്മനാ ഗർഭപാത്രമില്ലാത്തവർ ഇനി മുതൽ ഭിന്നശേഷിക്കാർ. ഗർഭപാത്രമില്ലാതെ ജനിച്ചവരെ ഭിന്നശേഷിക്കാരായി ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഗർഭപാത്രമില്ലാത്തവരെ അംഗപരിമിതരൂടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

ഇത്തരക്കാരെ 50 ശതമാനം വൈകല്യമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഇനി മുതൽ തൊഴിൽ സംവരണം, പെൻഷൻ, സൗജന്യയാത്ര ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ഇനി ഇവർക്കു ലഭിക്കും. മലപ്പുറം കൊടക്കാട് സ്വദേശിനി ഗർഭപാത്രമില്ലാത്ത തന്റെ മകൾക്ക് വേണ്ടി നൽകിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരായി പരിഗണിക്കണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻകുമാർ സർക്കാരിന് ഉത്തരവ് നൽകിയത്.

തന്റെ ഗർഭപാത്രമില്ലാത്ത മകളെ ഭിന്നശേഷിക്കാരിയായി പരിഗണിക്കണമെന്നും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുക ആയിരുന്നു. മകൾക്ക് വേണ്ടി പോരാട്ടം നടത്തിയ ഇവർക്ക് ഒരുപാട് കാത്തിരിക്കേണ്ടി വന്നില്ല. മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇവരെ ഭിന്നശേഷിക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കുകയും ആയിരുന്നു. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന മെഡിക്കൽ ബോർഡിൽ ഇവർക്കായി ഗൈനക്കോളജിസ്റ്റിനെ ഉൾപ്പെടുത്താനും തീരുമാനിച്ചു.

ജന്മനാ ഗർഭപാത്രമില്ലാത്ത സ്ത്രീകളെ ഭിന്നശേഷിക്കാരായി പ്രഖ്യാപിക്കണമെന്നത് ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷന്റെ (ഡിഎഡബ്‌ള്യുഎഫ്) ദീർഘകാല ആവശ്യമായിരുന്നു. ഇതേ ആവശ്യവുമായി മലപ്പുറത്തുകാരിയായ ഈ അമ്മയും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുക ആയിരുന്നു. കമീഷൻ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ഉടൻ നടപടി സ്വീകരിക്കുകയും ചെയ്തു. അതേസമയം ട്രാൻസ്‌ജെൻഡേഴ്‌സിനെ ഈ ഗണത്തിൽപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.