ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വനിതാ സംവരണം വീണ്ടും ചർച്ചയാക്കാൻ ഒരുങ്ങി ബിജെപി സർക്കാർ. വനിതകൾക്ക് പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തിനാണ് ബിജെപി സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ആലോചനകൾ ഔദ്യോഗികവൃത്തങ്ങളിൽ സജീവമായി.

യുപിഎ സാർക്കാരിന്റെ കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇ്‌ക്കൊല്ലം ലോകസഭയ്ക്കും നിയമ സഭയ്ക്കും പുറമേ രാജ്യ സഭയിലും വനിതാ സംവരണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് നിർദ്ദേശം ഉയർന്നിട്ടുണ്ട്. പുതിയ ബില്ലിൽ അതുൾപ്പെടുത്താനാണ് സാധ്യത. നേരത്തേ തയ്യാറാക്കിയ ബില്ലിൽ രാജ്യസഭയിൽ സംവരണം നിർദ്ദേശിച്ചിരുന്നില്ല.

2010ൽ ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് യുപിഎ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിർ രാജ്യ സഭ പാസാക്കിയത്. എതിർപ്പുയർത്തിയ എംപി.മാരെ സഭയിൽനിന്ന് ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷമാണ് ബിൽ പാസാക്കിയത്. പാർലമെന്റിന്റെ ചരിത്രത്തിൽ അത്തരമൊരു സംഭവം ആദ്യമായിരുന്നു. സർക്കാരിനുള്ളിലും പാർട്ടികൾക്കിടയിലും കടുത്ത എതിർപ്പുയർന്നതിനാൽ ബിൽ ലോക്സഭയിൽ കൊണ്ടുവന്നില്ല. പതിനഞ്ചാം ലോക്സഭ പിരിച്ചുവിട്ടതോടെ രാജ്യസഭ പാസാക്കിയ ബിൽ കാലഹരണപ്പെടുകയും ചെയ്തു.

ഇനി പുതിയ ബിൽ കൊണ്ടുവരണം. ലോക്സഭയിൽ ബിജെപി.ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പരിഷ്‌കരിച്ച ബിൽ ലോക്സഭയിൽത്തന്നെ ആദ്യം അവതരിപ്പിച്ച് പാസാക്കാനാണ് സാധ്യത. അക്കാര്യം പിന്നീട് മാത്രമേ തീരുമാനിക്കൂ എന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.

വനിതാ സംവരണ ബിൽ പാസാക്കാൻ ഒരുങ്ങുമ്പോൾ മോദി സർക്കാർ മറ്റ് ചില ലക്ഷ്യങ്ങളും മനസ്സിൽ കാണുന്നുണ്ട്. അതിൽ പ്രധാനം നോട്ടസാധുവാക്കലിനുശേഷം സമ്പദ്വ്യവസ്ഥയിലുണ്ടായ മാന്ദ്യം ജനങ്ങളിലുണ്ടാക്കിയ ആശങ്കകളിൽനിന്ന് ശ്രദ്ധതിരിക്കുക. മറ്റൊന്ന് സർക്കാറിനെതിരേ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഉയർന്നുവരുന്ന ഐക്യം ഇല്ലാതാക്കുക. മൂന്നാമതായി 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാസംവരണം വലിയ നേട്ടമായി അവതരിപ്പിക്കുക.

അതേസമയം വനിതാസംവരണബിൽ പാസാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം ഐക്യരാഷ്ട്രസഭ ഏതാനും മാസങ്ങൾക്കുമുമ്പ് അംഗീകരിച്ചിരുന്നു. 250-ഓളം രാജ്യങ്ങൾ ചേർന്നാണ് ആ പ്രമേയം കൊണ്ടുവന്നത്. അതിന്റെ അന്തഃസത്തയ്ക്ക് യോജിച്ച നടപടിയെടുക്കാനുള്ള അന്താരാഷ്ട്ര ബാധ്യത ഇന്ത്യയ്ക്കുണ്ട്. ആ നിലയ്ക്ക് കൂടിയാണ് ഇപ്പോൾ ബില്ലിനുള്ള നീക്കം സജീവമായത്.

വനിതാബിൽ പാസാക്കുന്നതിനോട് ബിജെപി., കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ എന്നിവയ്ക്ക് യോജിപ്പാണുള്ളത്. രാജ്യസഭയിൽ ബില്ലിനെ പിന്തുണച്ചതും ഈ പാർട്ടികളാണ്. പ്രതിപക്ഷനിരയിലെ പിന്നാക്ക വിഭാഗ പാർട്ടികളായ ആർ.ജെ.ഡി., എസ്‌പി., ബി.എസ്‌പി. തുടങ്ങിയവരെല്ലാം വനിതാസംവരണത്തിന് എതിരാണ്. വനിതാ സംവരണത്തിനുള്ളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം വേണമെന്നാണ് ഈ പാർട്ടികളുടെ ആവശ്യം. സംവരണം മൂന്നിലൊന്നാക്കുന്നതിനോടും ഈ പാർട്ടികൾക്ക് യോജിപ്പില്ല.

വനിതാസംവരണം മുന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്കുമാത്രമായി ചുരുങ്ങുമെന്ന ആശങ്കയും അവർ ഉയർത്തിയിരുന്നു. ഈ എതിർപ്പുകൾ മറികടക്കാൻ മുൻസർക്കാറിന്റെ കാലത്ത് ചില നിർദ്ദേശങ്ങൾ ചർച്ച ചെയ്തിരുന്നെങ്കിലും സമവായമുണ്ടായില്ല. പിന്നാക്കക്കാരുടെ എതിർപ്പ് മറികടക്കാൻ പുതിയ നിർദ്ദേശങ്ങൾ നരേന്ദ്ര മോദി സർക്കാർ പുതിയ ബില്ലിൽ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല.

അതേസമയം വനിതാ സംവരണ ബില്ലിലെ തടസങ്ങൾ നീക്കി ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തെ കോൺഗ്രസ് എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും തുടർന്നും പിന്തുണയ്ക്കും സോണിയ അറിയിച്ചു.

2010 മാർച്ച് ഒൻപതിന് രാജ്യസഭ വനിതാ സംവരണ ബിൽ പാസാക്കിയിരുന്നു. എന്നാൽ ലോക്സഭയിൽ ബിൽ പാസായിട്ടില്ല. ലോക്സഭയിൽ സർക്കാരിന്റെ ഭൂരിപക്ഷം പ്രയോജപ്പെടുത്തി ബിൽ പാസാക്കണമെന്നും സോണിയ കത്തിൽ അഭ്യർത്ഥിച്ചു.