- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് മക്കളുടെ പിതൃത്വം ഡി.എൻ.എ പരിശോധനയിലൂടെ തെളിയിച്ചിട്ടും അംഗീകരിക്കാതെ പിതാവ്; കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ തയാറായില്ല; വീട്ടമ്മയ്ക്ക് നിയമസഹായം ഉറപ്പാക്കി വനിതാ കമീഷൻ
തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിച്ച ചിറയിൻകീഴ് സ്വദേശിനിക്കും മൂന്ന് മക്കൾക്കും നിയമസഹായം ഉറപ്പാക്കി സംസ്ഥാന വനിതാ കമീഷൻ. മൂന്ന് മക്കളുടെ പിതൃത്വം ഡി.എൻ.എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നൽകാനോ ഭർത്താവ് തയാറാകാതെ വന്നതോടെയാണ് വനിതാ കമീഷന്റെ ഇടപെടൽ.
തിങ്കളാഴ്ച നടത്തിയ അദാലത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കുടുംബകോടതിയിൽ നിയമസഹായമൊരുക്കും. ഇനിയൊരു കുടുംബജീവിതത്തിന് താൽപ്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടർന്നാണ് ഇടപെടൽ. ഇവരുടെ രണ്ടുമക്കൾ പ്രായപൂർത്തിയായവരാണ്.
ചിറയിൻകീഴ് സ്വദേശിയായ പരാതിക്കാരി തുടർന്നുള്ള കുടുംബജീവിതത്തിന് താൽപര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെ തുടർന്നാണ് കമീഷൻ, സഹായവുമായി രംഗത്തെത്തിയത്. ഏഴു വർഷം മുമ്പ് പിണങ്ങിപ്പോയ ഭർത്താവ് ചെലവിനു നൽകണമെങ്കിൽ കുട്ടികളുടെ പിതൃത്വം ഡി.എൻ.എ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കമീഷനെ സമീപിച്ച സ്ത്രീയെയും അവരുടെ ഭർത്താവിനെയും മൂന്ന് മക്കളെയും സൗജന്യമായി ഡി.എൻ.എ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഡി.എൻ.എ പരിശോധനയിൽ കുട്ടികളുടെ ബയോളജിക്കൽ ഫാദർ ഇയാൾ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു.
എന്നാൽ, ചെലവിനു നൽകാൻ ഇനിയും കൂട്ടാക്കാത്ത നിലപാടായിരുന്നു ഇയാൾ സ്വീകരിച്ചത്. പരാതിക്കാരിക്ക് കുടുംബകോടതിയിൽ ജീവനാംശം ലഭിക്കുന്നതിനുവേണ്ട സഹായം കമീഷൻ ചെയ്യുമെന്ന് പരാതി കേട്ട കമീഷൻ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. കമീഷൻ അംഗം ഇ.എം. രാധയും അദാലത്തിൽ പങ്കെടുത്തു. ഇതുൾപ്പെടെ 24 പരാതികളാണ് അദാലത്തിന് പരിഗണിച്ചത്. ഒമ്പത് പരാതികളിൽ തീർപ്പായി.
മറുനാടന് മലയാളി ബ്യൂറോ