ഗുവാഹത്തി: ഏത് മത വിശ്വാസ പ്രകാരം സംസ്‌ക്കരിക്കണമെന്നറിയാതെ യുവതിയുടെ മൃതദേഹം രണ്ട് ദിവസമായി പൊലീസ് സ്‌റ്റേഷനിൽ. അസമിലെ ഗുവാഹത്തിയിൽ ജീവനൊടുക്കിയ തുളസി ദാസ് എന്ന യുവതിയുടെ മൃതദേഹമാണ് തിൻസുകിയ പൊലീസ് സ്റ്റേഷനിൽ വച്ചിരിക്കുന്നത്.

ഹിന്ദുവായ തുളസി ഇസ്ലാം മത വിശ്വാസിയായ ബിറ്റു അലിയെ വിവാഹം കഴിച്ചതാണ് മൃതദേഹം സംസ്‌ക്കരിക്കുന്നതിൽ തടസമായത്. കഴിഞ്ഞ ദിവസം അലിയുമായുണ്ടായ വഴക്കിനെ തുടർന്ന് തുളസി തൂങ്ങി മരിക്കുകയായിരുന്നു.

എന്നാൽ അലിയുമായി വിവാഹം കഴിച്ചതിന്റെ തെളിവില്ലാത്തതിനാൽ ഇസ്ലാം മതവിശ്വാസ പ്രകാരം തുളസിയുടെ മൃതദേഹം അടക്കം ചെയ്യാനാകില്ലെന്ന് ഇസ്ലാം മതപുരോഹിതർ വ്യക്തമാക്കി. അന്യമതക്കാരനൊപ്പം ഒളിച്ചോടിയതിനാൽ ഹൈന്ദവ ആചാര പ്രകാരം സംസ്‌കാരം നടത്താൻ പറ്റില്ലെന്ന് ഹിന്ദു മതനേതാക്കളും വ്യക്തമാക്കി.

ഇതോടെയാണ് മൃതദേഹം അടക്കം ചെയ്യാനാവാതെ പൊലീസ് കുഴങ്ങിയത്. തുളസിയുടെ മൃതദേഹം സംസ്‌കരിക്കാൻ ഞായറാഴ്ച ഒന്നിലധികം സെമിത്തേരികളിൽ എത്തിയെങ്കിലും ഏത് മതത്തിന്റെ ആചാരപ്രകാരം സംസ്‌കാരം നടത്തുമെന്നത് തർക്ക വിഷയമായതോടെ അലി പൊലീസിനെ സമീപിക്കുകയായിരുന്നു.

ഇതേതുടർന്ന് തർക്കം പരിഹരിക്കപ്പെടുന്നത് വരെ മൃതദേഹം പൊലീസ് സ്റ്റേഷനിലോ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലോ സൂക്ഷിക്കാൻ തീരുമാനിച്ചു.