കൊച്ചി: വനിതാ മതിലിൽ സ്വാശ്രയത്വം പറഞ്ഞ പിണറായി സർക്കാർ ഒടുവിൽ കാര്യത്തോട് അടുത്തപ്പോൾ മലക്കം മറിഞ്ഞു. ഇത്രയും നാളും വനിതാ മതിലിന് സർക്കാർ ഫണ്ട് വിനിയോഗിക്കില്ല എന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സർക്കാരാണ് കോടതിയിലെത്തിയപ്പോൾ നിലപാട് മാറ്റിയത്. സ്തീസുരക്ഷയ്ക്കായി നീക്കിവെച്ച അമ്പത് കോടിയിൽ നിന്ന് മതിലിനുള്ള തുക എടുക്കുമെന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾക്ക് നീക്കിവെച്ച തുക വിനിയോഗിച്ചില്ലെങ്കിൽ ആ തുക നഷ്ടമാകും. വനിതാ മതിലും ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നതെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. ഇതാണ് വനിതാമതിലിന് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിൽ കോടതിക്കു മുമ്പാകെ സർക്കാർ നൽകിയ വിശദീകരണം. വനിതാ മതിലിന് വേണ്ടി ചിലവഴിക്കുന്ന തുക എത്രയെന്ന് അറിയിക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം വനിതാ മതിലിൽ സർക്കാർ ഫണ്ട് ഉപയോഗിക്കില്ലെന്നായിരുന്നു സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയത്. സർക്കാർ പണം വനിതാ മതിലിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം തലകുലുക്കി സമ്മതിച്ച സർക്കാർ ഹൈക്കോടതിയിലെത്തിയപ്പോൾ കാലുമാറി. വനിതാ മതിലിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് വനിതകളെ കൊണ്ടു പോകാൻ സ്‌കീമില്ല എന്നാണ് കഴിഞ്ഞ ദിവസം കൂടി വൈദ്യുതി മന്ത്രി എം. എം മണി വ്യക്തമാക്കിയത്. സർക്കാരിന്റെ പ്രോഗ്രാമായി അംഗീകരിക്കപ്പെട്ടതു കൊണ്ട് പണം സർക്കാർ മുടക്കുമെന്ന് അർത്ഥമില്ല. പോകുന്നവർ പിരിവെടുക്കും എന്നുമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോതമംഗലത്ത് പ്രസംഗിച്ച മന്ത്രി മണി പറഞ്ഞത്.

എന്നാൽ കോടതിയിൽ എത്തിയപ്പോൾ അതെല്ലാം പച്ചക്കള്ളമാണെന്ന് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ് സർക്കാർ. മതിലുകെട്ടാൻ പണമെടുക്കുന്നത് സ്ത്രീ സുരക്ഷാ ഫണ്ടിൽ നിന്നുമാണെന്ന് വ്യക്തമാക്കിയ സർക്കാർ ബിനാലെയും ഐഎഫ്എഫ്കെയും പോലൊരു സാംസ്‌കാരിക പരിപാടിയായി മാത്രം വനിതാ മതിലിനെ കണ്ടാൽ മതിയെന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം മതിലിൽ ആരെയും നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പ്രളയ ഫണ്ട് ഉപയോഗിക്കില്ലെന്ന സർക്കാർ വിശദീകരണവും കോടതി രേഖപ്പെടുത്തി.

ലിംഗവിവേചനം അവസാനിപ്പിക്കാൻ സർക്കാർ നേരിട്ട് നടത്തുന്ന പരിപാടിയാണ് വനിതാ മതിൽ എന്നാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. അതേസമയം വനിതാമതിലിന് സർക്കാർ ഫണ്ട് വിനിയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല. സർക്കാർ ഫണ്ടുപയോഗിച്ചല്ല വനിതാമതിൽ സംഘടിപ്പിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണങ്ങൾക്ക് മുമ്പ് സർക്കാർ വൃത്തങ്ങൾ നൽകിയ മറുപടി. എന്നാൽ സർക്കാർ നിലപാട് മാറ്റിയിരിക്കുകയാണ്. അതേസമയം എത്ര രൂപയാണ് വനിതാ മതിലിന് വേണ്ടി ചെലവാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.

സ്‌കൂളുകളിലുൾപ്പെടെ ലിംഗ വിവേചനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലിൽ പങ്കെടപ്പിക്കരുതെന്ന് കോടതി ചട്ടം കെട്ടി. വനിതാമതിലിനു വേണ്ടി ചിലവഴിക്കുന്ന തുകയുടെ വിശദാംശങ്ങൾ കേസ് പരിഗണിക്കുമ്പോൾ സർക്കാർ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.