കോതമംഗലം: ഒരു കൈകൊണ്ട് മലയാളം എഴുതും. മറുകൈകൊണ്ട് അതേ വേഗത്തിൽ എതിർദിശയിലേക്ക് ഇംഗ്ലീഷും എഴുതും. തോന്നിയാൽ ചിലപ്പോൾ ഇത്തരത്തിൽ തന്നെ ചിത്രരചനയും. ഏഴുവയസുകാരി ആതിരയുടെ ക്ലാസിലെ 'വികൃതി'കളേക്കുറിച്ച് അദ്ധ്യാപകർക്കും സഹപാഠികൾക്കും എടുത്തു പറയാനുള്ളത് ഇത്രമാത്രം.

കുട്ടമ്പുഴ വിമലാ സ്‌കൂളിലെ ഈ രണ്ടാം ക്ലാസുകാരിയുടെ വിരൽത്തുമ്പുകളിൽ ഏതു ഭാഷയും ഒരു പോലെ വഴങ്ങും. കാണുന്നവർക്ക് ഇത് വലിയ കാര്യമാണെങ്കിലും കുഞ്ഞാതിരക്ക് ഇത് അത്ര വലിയ സംഭവമൊന്നുമല്ല.

'എന്നെ ആരും പഠിപ്പിച്ചതൊന്നുമല്ല, തന്നെ പഠിച്ചതാ...' ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ആതിരയുടെ പ്രതികരണം. ആതിരയുടെ ഈ കഴിവ് പരിപോഷപ്പിക്കുന്നതിൽ വീട്ടുകാർക്കൊപ്പം സ്‌കൂളിലെ അദ്ധ്യാപകരും നിർണ്ണായകപങ്കു വഹിക്കുന്നുണ്ട്.

കോതമംഗലം ഉരുളൻ തണ്ണി പേണാട്ട് സജി -ശ്രീജാ ദമ്പതികളുടെ ഇളയ മകളാണ് ആത്ിര. ഒരേസമയം ഇരുകൈകളുമുപയോഗിച്ച് വ്യത്യസ്ത ദിശകളിലേക്ക് തെറ്റ് കൂടാതെ എഴുതാനും ചിത്രം വരയ്ക്കാനുമുള്ള ഈ കുരുന്നിന്റെ കഴിവ് നാട്ടിൽ ചർച്ചവിഷയമായിക്കഴിഞ്ഞു. മലയാളം മാത്രമല്ല, ഇംഗ്ലീഷും ഹിന്ദിയുമെല്ലാം ഈ കുരുന്നു വിരലുകൾക്ക് നിഷ്പ്രയാസം വഴങ്ങും. നിറപുഞ്ചിരിയോടെ ആതിര അനായസേന കടലാസ്സിൽ കോറിയിടുന്ന ചിത്രങ്ങളുടെ മനോഹാരിത ആരേയും അതിശയിപ്പിക്കുന്നതാണ്.

മൂന്നുവയസ്സുള്ളപ്പോൾ അംഗൻവാടി ടീച്ചറാണ് ആതിരയുടെ ഈ കഴിവ് തിരിച്ചറിഞ്ഞത്. അന്ന് രണ്ടു സ്‌ളേറ്റുകളിൽ ഒരേസമയം ചിത്രം വരച്ചു തുടങ്ങിയ ആതിരയുടെ ഈ വൈഭവം പിന്നീട് മൂന്നുഭാഷകളിലേക്ക് പകരാൻ കാരണമായതും ഇവർ തന്നെ. പഠനത്തിലും കലാ-കായീക- രംഗങ്ങളിലും സ്‌കൂളിൽ പ്രഥമ സ്ഥാനത്തുള്ള ഈ കൊച്ചു മിടുക്കിക്ക് ഇരുകൈകളുമുപയോഗിച്ച് ഒരേ സമയം വ്യത്യസ്ത ജോലികൾ ചെയ്യാനുമാകും. എതിർദിശയിലേക്കുള്ള എഴുത്തിൽ താൻ മുഖ്യ സ്ഥാനം നൽകുന്നത് മലയാളത്തിനാണെന്നും മാതൃഭാഷയോടുള്ള ഇഷ്ടക്കൂടുതലാണ് ഇതിനു കാരണമെന്നും ആതിര പറഞ്ഞു.