മെൽബൺ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നതിനെത്തുടർന്ന് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ വുഡ്‌സൈഡ് പെട്രോളിയം 300 പേരെ പിരിച്ചുവിടുന്നു. ചെലവുചുരുക്കൽ നടപടിയുടെ ഭാഗമായി ശമ്പള വർധന മരവിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് പീറ്റർ കോൾമാൻ വ്യക്തമാക്കി.

എണ്ണവില താഴുകയും അത് മൊത്തം ഉത്പാദനത്തെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനി 300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചത്. വരും മാസങ്ങളിൽ പിരിച്ചുവിടൽ പൂർത്തിയാക്കും. കമോദിറ്റി മാർക്കറ്റിൽ കമ്പനിയുടെ പ്രകടനം വിലയിരുത്തിയ ശേഷമാണ് കമ്പനി പിരിച്ചുവിടൽ തീരുമാനത്തിലെത്തിയത്. ജീവനക്കാരെ പിരിച്ചുവിടുന്നതു കൂടാതെ ഈ വർഷം ശമ്പള വർധന ഉൾപ്പെടെയുള്ളവ മരവിപ്പിക്കുന്ന കാര്യവും പരിഗണനിയിലുണ്ടെന്നാണ് ചീഫ് എക്‌സിക്യുട്ടീവ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷവും കമ്പനി 320 പേരെ പിരിച്ചുവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷവും കമ്പനി 3.08 ബില്യൺ ഡോളർ ലാഭവിഹിതം രേഖപ്പെടുത്തിയതിനു ശേഷമാണ് തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. കമ്പനിയിൽ പല തരത്തിലുള്ള വിഭജനങ്ങൾ ഏർപ്പെടുത്തുമെന്നും ചീഫ് എക്‌സിക്യുട്ടീവ് അറിയിച്ചിട്ടുണ്ട്.

എന്നാൽ വുഡ്‌സൈഡ് ജീവനക്കാരെ പിരിച്ചുവിടുന്നത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. മാസങ്ങൾക്കു മുമ്പേ ഇതുസംബന്ധിച്ച തീരുമാനം കമ്പനി കൈക്കൊണ്ടിരുന്നതായി റിസോഴ്‌സ് അനലിസ്റ്റ് ഗാവിൻ വെൻഡന്റ് വ്യക്തമാക്കുന്നു. കമോദിറ്റി വിലകൾ ഇടിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മറ്റു മൈൻ കമ്പനികളായ ബിഎച്ച്പി, റിയോ ടിന്റോ തുടങ്ങിയവയുടെ പാത തന്നെ വുഡ് സൈഡും സ്വീകരിക്കുകയാണെന്നും  ഇവർ വിലയിരുത്തുന്നു. ഉടൻ തന്നെ ഓയിൽ വില വർധിക്കാനാണ് സാധ്യതയെന്നും ഈ രംഗത്തെ പ്രതിസന്ധി അതിനാൽ ഉടൻ തന്നെ മറികടക്കുമെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.