- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാവിയുടെ കൂട്ടുകാരിയും ആർഎസ്എസ് സൈദ്ധാന്തികയുമായ സുഗതകുമാരി മരിച്ചു; ആദരാഞ്ജലി പറയാൻ മനസ്സില്ല; അവർ കവിയായിരുന്നു, ഒപ്പം സംഘിയുമായിരുന്നു; മരണം ആരെയും വിശുദ്ധരാക്കുന്നില്ല': അന്തരിച്ച മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരിയെ ഹീനമായി അധിക്ഷേപിച്ച് ഒരു വിഭാഗം രംഗത്ത്
കോഴിക്കോട്: അന്തരിച്ച മലയാളികളുടെ പ്രിയ കവയിത്രി സുഗതകുമാരിയെ സംഘിയും ആർഎസ്എസ് സൈദ്ധാന്തികയുമാക്കി സമൂഹ മാധ്യങ്ങളിൽ ഒരു വിഭാഗം ആളുകളുടെ പ്രചരണം. സുഗതകുമാരിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്തു വരെ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ളവയിൽ പലരും പ്രചാരണം നടത്തുന്നുണ്ട്.
മധുരക്കടലാസിൽ പൊതിഞ്ഞ വർഗീയതയാണ് സുഗതകുമാരിയെന്നാണ് ഫേസ്ബുക്കിൽ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ യൂനസ് ഖാൻ എന്നയാൾ എഴുതുന്നത്. മരണം ആരെയും വിശുദ്ധയാക്കുന്നില്ല. ജീവിച്ചിരുന്ന കാലമത്രയും കൃത്യമായ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ച എഴുത്തുകാരിയാണ് സുഗതകുമാരിയെന്ന് ഇയാൾ പറയുന്നു. വർഗീയ കലാപങ്ങളിൽ മുസ്ലീങ്ങൾ കൊല്ലപ്പെടുമ്പോൾ നിശബ്ദത പാലിക്കുകയും സങ്കികളോ ഹിന്ദുക്കളോ കൊല്ലപ്പെടുമ്പോൾ ആർത്തു വിലപിക്കയും ചെയ്യുന്ന ആളായിട്ടാണ് ഇയാൾ സുഗതകുമാരിയെ ചിത്രീകരിക്കുന്നത്. ഇരകളുടെ മതം നോക്കി മാത്രം നിലപാടെടുക്കുന്ന രാത്രിമഴയുടെ എഴുത്തുകാരിയാണ് സുഗതകുമാരിയെന്നും മരണം ഒരു ഹിന്ദുത്വ ജിഹ്വയെയും മഹത്വയാക്കുന്നില്ലെന്നും ഇയാൾ വ്യക്തമാക്കുന്നു.
അഡോൾഫ് ഹിറ്റ്ലറും നല്ലൊരു എഴുത്തുകാരനും പ്രഭാഷകനുമായിരുന്നെണ് പറഞ്ഞു കൊണ്ട് സുഗതകുമാരിയെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുകയെന്ന നീചകർമ്മമാണ് അബു പടന്ന എന്നയാൾ നിർവ്വഹിക്കുന്നത്. കാവിയുടെ കൂട്ടുകാരിയായ സുഗതകുമാരി മരിച്ചു. പക്ഷേ ആദരാഞ്ജലികൾ പറയാൻ മനസില്ലെന്ന് ഉൾപ്പെടെ നിരവധി പേർ പ്രതികരിക്കുന്നുണ്ട്. ചില വിഷയങ്ങളിൽ സംഘപരിവാറിനെ എതിർത്ത സുഗതകുമാരി ചില കാര്യങ്ങളിൽ അവരെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത സുഗതകുമാരി അമ്പലങ്ങളിലെ ആന എഴുന്നള്ളിപ്പിനും എതിരായിരുന്നു. ബാലഗോകുലത്തിന്റെയും തപസ്യയുടെയും പരിപാടികളിൽ പങ്കെടുത്ത ഇവർ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും വേദികളിലും എത്താറുണ്ടായിരുന്നു. ലൗ ജിഹാദ് വിവാദങ്ങളിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാടാണ് ഇവർക്ക് സംഘി പട്ടം ചാർത്തി കൊടുക്കാൻ ചില ഇസ്ലാമിക സംഘടനാ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. പ്രണയക്കുരുക്കിൽ പെടുത്തി പെൺകുട്ടികളെ മതം മാറ്റി ഭീകര പ്രവർത്തനത്തിന് ഇരയാക്കുന്നവരെയും സംഘടനകളെയും നിയമത്തിന് മുന്നിലെത്തിക്കണമെന്നതായിരുന്നു സുഗതകുമാരിയുടെ നിലപാട്. ചില കാര്യങ്ങളിലുള്ള അഭിപ്രായങ്ങളെ പർവ്വതീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ആറന്മുള വിമാനത്താവള സമരത്തിൽ ഉൾപ്പെടെ ഒപ്പുണ്ടായിരുന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനുമായി അടുത്ത സൗഹൃദം സുഗതകുമാരിക്കുണ്ടായിരുന്നു. കുമ്മനം നയിച്ച വിമോചന യാത്രയ്ക്ക് അനുഗ്രഹവും സുഗതകുമാരി നൽകിയിരുന്നു. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ തലയിൽ കൈ വെച്ചനുഗ്രഹിക്കുന്ന ഫോട്ടോയെ വിമർശിച്ച് വെൽഫെയർ പാർട്ടി നേതാവായിരുന്ന ശ്രീജ നെയ്യാറ്റിൻകര നേരത്തെ രംഗത്തുവന്നിരുന്നു. പ്രകൃതിയുടെ പ്രണയിനി നരഭോജികളുടെ കാവലാളായി മാറുന്ന ഗംഭീര കാഴ്ച അഥവാ ഒരു സാംസ്കാരിക നായികയുടെ അധ:പതനം എന്നായിരുന്നു ശ്രീജ അനുഗ്രഹം നൽകിയതിനെ വിശേഷിപ്പിച്ചത്.
. കൊലയും ബലാത്സംഗവും രാഷ്ട്രീയ നയമാക്കിയവന്റെ ശിരസു തൊട്ടനുഗ്രഹിക്കുമ്പോൾ സ്ത്രീയേ, നിങ്ങൾ സമൂഹത്തിന് മുന്നിൽ പറയുന്ന സമാധാന രാഷ്ട്രീയത്തിനും സ്ത്രീപക്ഷത്തിനും എന്തു ധാർമ്മികതയാണുള്ളതെന്നാണ് ശ്രീജ ചോദിച്ചത്. ഇതിനെതിരെ അന്ന് ശ്രീജയ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ മരണ ശേഷവും പ്രിയ എഴുത്തുകാരിയെ ചിലർ വലിയ തോതിൽ അപമാനിക്കുകയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.